| Saturday, 17th February 2024, 1:11 pm

ജഡ്ഡു@500; ഇന്നലെ അശ്വിന്റെ 500ാം വിക്കറ്റ്, ഇന്ന് ജഡേജയുടെയും; ചരിത്രനേട്ടത്തില്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിന്റെ മൂന്നാം ദിനം ലഞ്ചിന് മുമ്പ് 290ന് അഞ്ച് എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ച ഇംഗ്ലണ്ടിന് രണ്ടാം സെഷന്റെ തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റിരുന്നു. ക്രീസില്‍ നിലയുറപ്പിച്ച ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിന്റെ വിക്കറ്റ് നഷ്ടപ്പെട്ടത് മുതലാണ് ഇംഗ്ലണ്ട് പതറിയത്.

65ാം ഓവറിലെ അവസാന പന്തില്‍ സ്റ്റോക്‌സിനെ ജസ്പ്രീത് ബുംറയുടെ കൈകളിലെത്തിച്ച രവീന്ദ്ര ജഡേജയാണ് ഇന്ത്യക്ക് അവശ്യമായ ബ്രേക് ത്രൂ നല്‍കിയത്. 89 പന്തില്‍ 41 റണ്‍സ് നേടി നില്‍ക്കവെയാണ് ജഡേജ സ്റ്റോക്‌സിനെ പുറത്താക്കുന്നത്.

ഈ വിക്കറ്റിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ജഡേജയെ തേടിയെത്തിയിരിക്കുകയാണ്. ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റിലെ 500 വിക്കറ്റ് എന്ന കരിയല്‍ മൈല്‍ സ്‌റ്റോണാണ് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ പിന്നിട്ടത്.

ഫസ്റ്റ് ക്ലാസിലെ 125ാം മത്സരത്തിലാണ് ജഡേജ 500ാം ഫസ്റ്റ് ക്ലാസ് വിക്കറ്റ് നേടിയത്. ഇതിന് മുമ്പ് നടന്ന മത്സരങ്ങളില്‍ നിന്നും 24.01 എന്ന ശരാശരിയിലും 58.0 എന്ന സ്ട്രൈക്ക് റേറ്റിലുമാണ് ജഡേജ നേരത്തെ 499 വിക്കറ്റ് പൂര്‍ത്തിയാക്കിയത്. ഫസ്റ്റ് ക്ലാസില്‍ 31 തവണ അഞ്ച് വിക്കറ്റ് നേട്ടവും 22 തവണ നാല് വിക്കറ്റ് നേട്ടവും താരം സ്വന്തമാക്കിയിട്ടുണ്ട്.

ആഭ്യന്തര തലത്തില്‍ സൗരാഷ്ട്രക്കായാണ് താരം കളത്തിലിറങ്ങിയത്. ഹോം സ്‌റ്റേഡിയമായ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ തന്നെ 500 ഫസ്റ്റ് ക്ലാസ് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കാന്‍ സാധിച്ചതും താരത്തിന്റെ കരിയറിലെ മറ്റൊരു യാദൃശ്ചികതയാണ്.

പരമ്പരയിലെ മൂന്നാം ടെസ്റ്റിന് മുമ്പ് അന്താരാഷ്ട്ര കരിയറിലെ 66 മത്സരത്തില്‍ നിന്നും 280 വിക്കറ്റാണ് ജഡേജയുടെ പേരിലുള്ളത്. 24.46 എന്ന ശരാശരിയിലും 59.5 എന്ന സ്ട്രൈക്ക് റേറ്റിലും പന്തെറിയുന്ന ജഡേജയുടെ ഒരു ഇന്നിങ്സിലെ മികച്ച പ്രകടനം 42 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ്.

അന്താരാഷ്ട്ര കരിയറില്‍ 12 വീതം ഫോര്‍ഫറും ഫൈഫറും സ്വന്തമാക്കിയാണ് ജഡേജ ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമാകുന്നത്.

നേരത്തെ സെഞ്ച്വറി നേടിയ ജഡേജ ഇന്ത്യന്‍ ഇന്നിങ്‌സില്‍ ബാറ്റ് കൊണ്ടും മികച്ച സംഭാവന നല്‍കിയിരുന്നു. 225 പന്ത് നേരിട്ട് 112 റണ്‍സാണ് താരം നേടിയത്. ഇതിന് പിന്നാലെ ടെസ്റ്റ് ഫോര്‍മാറ്റില്‍ 3,000 റണ്‍സും താരം പൂര്‍ത്തിയാക്കിയിരുന്നു.

അതേസമയം, മറ്റൊരു വിക്കറ്റ് കൂടി വീഴ്ത്തിയ ജഡേജ ഫസ്റ്റ് ക്ലാസിലെ തന്റെ വിക്കറ്റ് നേട്ടം 501 ആയി ഉയര്‍ത്തി. 17 പന്തില്‍ ഒമ്പത് റണ്‍സ് നേടിയ ടോം ഹാര്‍ട്‌ലിയെയാണ് ജഡേജ പുറത്താക്കിയത്.

അതേസമയം, ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 319 റണ്‍സിന് പുറത്തായിരിക്കുകയാണ്. ജെയിംസ് ആന്‍ഡേഴ്‌സണെ പുറത്താക്കി മുഹമ്മദ് സിറാജാണ് ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സിന് വിരാമമിട്ടത്.

ഇന്ത്യക്കായി സിറാജ് നാല് വിക്കറ്റ് നേടിയപ്പോള്‍ കുല്‍ദീപ് യാദവ്, ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ബുംറ, അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

126 റണ്‍സിന്റെ ലീഡുമായാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സിനിറങ്ങുന്നത്.

Content highlight: India vs England 3rd Test; Ravindra Jadeja completes 500 First Class wickets

We use cookies to give you the best possible experience. Learn more