| Friday, 16th February 2024, 8:06 am

എന്റെ തെറ്റ്, പറ്റിപ്പോയെടാ... ക്ഷമിക്ക്; സര്‍ഫറാസിന്റെ റണ്‍ ഔട്ടില്‍ ക്ഷമ ചോദിച്ച് ജഡേജ

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിവസത്തില്‍ മികച്ച സ്‌കോറുമായി ഇന്ത്യ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം പാളിയെങ്കിലും നാലാം വിക്കറ്റിലും അഞ്ചാം വിക്കറ്റിലും പിറന്ന കൂട്ടുകെട്ടാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിക്കുന്നത്.

ആദ്യ ദിവസം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും രവീന്ദ്ര ജഡേജയും സെഞ്ച്വറി നേടിയപ്പോള്‍ അരങ്ങേറ്റക്കാരന്‍ സര്‍ഫറാസ് ഖാന്‍ അര്‍ധ സെഞ്ച്വറിയും നേടി തിളങ്ങി. രോഹിത് 196 പന്തില്‍ 131 റണ്‍സ് നേടി പുറത്തായപ്പോള്‍ 211 പന്തില്‍ പുറത്താകാതെ 110 റണ്‍സ് നേടിയാണ് ജഡ്ഡു ബാറ്റിങ് തുടരുന്നത്.

66 പന്തില്‍ 62 റണ്‍സടിച്ചാണ് സര്‍ഫറാസ് പുറത്തായത്. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഒരു ഇന്ത്യന്‍ അരങ്ങേറ്റക്കാരന്റെ വേഗമേറിയ അര്‍ധ സെഞ്ച്വറി നേടി റെക്കോഡിട്ട് ബാറ്റിങ് തുടരവെ റണ്‍ ഔട്ടായാണ് സര്‍ഫറാസ് പുറത്തായത്.

സ്‌ട്രൈക്കിലുണ്ടായിരുന്ന രവീന്ദ്ര ജഡേജയുടെ അശ്രദ്ധ മൂലമാണ് സര്‍ഫറാസ് പുറകത്താകുന്നത്. 82ാം ഓവറിലെ അഞ്ചാം പന്തില്‍ മിഡ് ഓണിലേക്ക് ഷോട്ട് കളിച്ച ജഡേജ സിംഗിളിനായി കോള്‍ ചെയ്തു. ജഡേജയുടെ റണ്‍ കോളിന് പിന്നാലെ സര്‍ഫറാസ് ക്രീസ് വിട്ടിറങ്ങുകയും ചെയ്തു.

എന്നാല്‍ മാര്‍ക് വുഡ് വളരെ പെട്ടെന്ന് പന്ത് കൈക്കലാക്കിയത് കണ്ട ജഡേജ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് തിരിച്ചുകയറുകയായിരുന്നു. എന്നാല്‍ ക്രീസ് വിട്ട് ഏറെ ദൂരം പിന്നിട്ട സര്‍ഫറാസിന് ക്രീസില്‍ മടങ്ങിയെത്താന്‍ സാധിച്ചില്ല. വുഡിന്റെ ഡയറക്ട് ഹിറ്റില്‍ സര്‍ഫറാസ് പുറത്തായിരുന്നു.

നിരാശയോടെ ജഡേജയെ നോക്കിയ ശേഷമാണ് സര്‍ഫറാസ് തിരിച്ചുനടന്നത്. സര്‍ഫറാസിന്റെ പുറത്താകലില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കം നിരാശ വ്യക്തമാക്കിയിരുന്നു.

തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ സര്‍ഫറാസിനെ കുരുതി കൊടുത്തു എന്നുള്ള ആരാധകരുടെ വിമര്‍ശനങ്ങള്‍ക്കിടെ സര്‍ഫറാസിനോട് ക്ഷമാപണം നടത്തുകയാണ് ജഡേജ. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ക്ഷമാപണം നടത്തിയത്.

‘സര്‍ഫറാസ് ഖാന്റെ അവസ്ഥയില്‍ വിഷമം തോന്നുന്നു. അത് എന്റെ തെറ്റായ റണ്‍ കോളായിരുന്നു. മികച്ച രീതിയില്‍ കളിച്ചു’ എന്നാണ് സര്‍ഫറാസിനെ മെന്‍ഷന്‍ ചെയ്തുകൊണ്ട് ജഡേജ കുറിച്ചത്.

ബാറ്റിങ്ങിനിടെ ജഡേജ തനിക്ക് വളരെ മികച്ച പിന്തുണയാണ് നല്‍കിയതെന്ന സര്‍ഫറാസ് മത്സരശേഷം പ്രതികരിച്ചിരുന്നു.

ആദ്യ ദിനം അവസാനിക്കുമ്പോള്‍ 326ന് അഞ്ച് എന്ന നിലയിലാണ് ഇന്ത്യ. ജഡേജക്ക് പുറമെ പത്ത് പന്തില്‍ ഒരു റണ്ണുായി കുല്‍ദീപ് യാദവാണ് ക്രീസില്‍.

Content highlight: India vs England: 3rd Test: Ravindra Jadeja apologize to Sarfaraz Khan

We use cookies to give you the best possible experience. Learn more