ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടെസ്റ്റില്‍ നിന്നും അശ്വിന്‍ പിന്‍മാറി. മെഡിക്കല്‍ എമര്‍ജന്‍സി കാരണമാണ് താരം ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.
മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിച്ചതിന് പിന്നാലെയാണ് അശ്വിന്‍ ടീം വിട്ടതെന്ന് ബി.സി.സി.ഐ അറിയിച്ചു. ഈ പ്രതികൂല സാഹചര്യത്തില്‍ ഒപ്പമുണ്ടെന്നും അശ്വിനും കുടുംബത്തിനും എല്ലാ പിന്തുണയും നല്‍കുന്നുവെന്നും ബി.സി.സി.ഐ വ്യക്തമാക്കി.
കുടുംബാംഗങ്ങളില്‍ ആര്‍ക്കോ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ വന്നതിനെ തുടര്‍ന്നാണ് രവിചന്ദ്രന്‍ അശ്വിന്‍ വീട്ടിലേക്ക് മടങ്ങിയത് എന്നാണ് സൂചന. എന്നാല്‍ താരത്തിന്റെയും കുടുംബത്തിന്റെയും സ്വകാര്യതയെ മാനിച്ച് ഇക്കാര്യം ബി.സി.സി.ഐ വിശദീകരിച്ചിട്ടില്ല.
‘അശ്വിനും കുടുംബത്തിനും എല്ലാ പിന്തുണയും അറിയിക്കുന്നു. താരങ്ങളുടെയും അവരുടെ പ്രിയപ്പെട്ടവരുടെയും ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. ഈ പ്രതിസന്ധിക്കാലത്ത് അശ്വിന്റെയും കുടുംബത്തിന്റെയും സ്വകാര്യതയെ ബി.സി.സി.ഐ മാനിക്കുന്നു.
അശ്വിന് എല്ലാവിധ സഹായങ്ങളും ഒരുക്കാന്‍ ബോര്‍ഡ് സജ്ജമാണ്. അശ്വിന്റെ സാഹചര്യം ആരാധകരും മാധ്യമങ്ങളും മനസിലാക്കുമെന്നാണ് കരുതുന്നത്’ ബി.സി.സി.ഐ വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി.
അശ്വിന്‍ പിന്‍മാറിയതോടെ 10 താരങ്ങളും ഒരു സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറുമായാവും ടീം ഇന്ത്യ രാജ്‌കോട്ട് ടെസ്റ്റിലെ അവശേഷിക്കുന്ന ദിനങ്ങള്‍ കളിക്കുക.
ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് എന്ന ഐതിഹാസിക നാഴികക്കല്ല് പിന്നിട്ട അതേ ദിവസം തന്നെയാണ് അശ്വിന് ടീമിനോട് യാത്ര പറയേണ്ടിവന്നത്. രാജ്‌കോട്ടിലെ രണ്ടാം ദിനം ഒന്നാം ഇംഗ്ലണ്ട് ഓപ്പണര്‍ സാക് ക്രോളിയെ രജത് പാടിദാറിന്റെ കൈകളിലെത്തിച്ച് പുറത്താക്കിയാണ് അശ്വിന്‍ 500 വിക്കറ്റ് ക്ലബിലെത്തിയത്.
വേഗത്തില്‍ 500 വിക്കറ്റ് ക്ലബിലെത്തുന്ന രണ്ടാമത്തെ താരമായും ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ മാറി. 98ാം ടെസ്റ്റിലാണ് അശ്വിന്റെ 500 വിക്കറ്റ് നേട്ടം. മുത്തയ്യ മുരളീധരനാണ് ഒന്നാമത്.
അതേസമയം, രാജ്‌കോട്ടില്‍ ബാസ്‌ബോളിന്റെ കരുത്ത് ഇന്ത്യന്‍ ടീമിന് കാണിച്ചുകൊടുക്കുകയാണ് ഇംഗ്ലണ്ട്. ബെന്‍ ഡക്കറ്റിന്റെ സെഞ്ച്വറി കരുത്തില്‍ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 35 ഓവറില്‍ 207ന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് ഇംഗ്ലണ്ട്.
സാക്ക് ക്രോളിക്ക് പുറമെ ഒലി പോപ്പിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. 55 പന്തില്‍ 39 റണ്‍സ് നേടി നില്‍ക്കവെ മുഹമ്മദ് സിറാജിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് താരം പുറത്തായത്.
118 പന്തില്‍ 133 റണ്‍സുമായി ബെന്‍ ഡക്കറ്റും 13 പന്തില്‍ ഒമ്പത് റണ്‍സുമായി ജോ റൂട്ടുമാണ് ക്രീസില്‍.
Content Highlight: India vs England 3rd Test; R Ashwin withdraw from the match