| Friday, 16th February 2024, 12:15 pm

ഇന്ത്യയുടെ ബാറ്റിങ് കഴിഞ്ഞില്ല, അപ്പോഴേക്കും ഇംഗ്ലണ്ടിന് അഞ്ച് റണ്‍സ്; ഇന്നിങ്‌സ് ആരംഭിക്കുക 5/0 എന്ന നിലയില്‍; സംഭവിച്ചതിങ്ങനെ

സ്പോര്‍ട്സ് ഡെസ്‌ക്

സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മൂന്നാം മത്സരത്തില്‍ ബാറ്റിങ്ങിന് മുമ്പ് തന്നെ ഇംഗ്ലണ്ടിന് അഞ്ച് റണ്‍സ് ലഭിച്ചിരിക്കുകയാണ്. പെനാല്‍ട്ടിയിലൂടെയാണ് ഇന്ത്യയുടെ ബാറ്റിങ് തുടരുന്നതിനിടെ തന്നെ ഇംഗ്ലണ്ടിന് അഞ്ച് റണ്‍സ് ലഭിച്ചത്.

ഇന്ത്യന്‍ സൂപ്പര്‍ താരം ആര്‍. അശ്വിന്‍ പിച്ചിന് നടുവിലൂടെ റണ്ണിനായി ഓടിയതിന് പിന്നാലെയാണ് ഇന്ത്യക്ക് അമ്പയറുടെ പെനാല്‍ട്ടി നേരിടേണ്ടി വന്നത്. ഇതോടെ ഇംഗ്ലണ്ടിന് അഞ്ച് റണ്‍സ് ലഭിക്കുകയായിരുന്നു.

ഇതോടെ 5/0 എന്ന നിലയിലായിരിക്കും ഇംഗ്ലണ്ട് ഇന്നിങ്‌സ് ആരംഭിക്കുക. അതായത് ആദ്യ പന്തെറിയും മുമ്പ് തന്നെ ഇംഗ്ലണ്ട് അക്കൗണ്ട് തുറന്നിരിക്കുകയാണ്.

മത്സരത്തിന്റെ 102ാം ഓവറിലാണ് സംഭവം നടന്നത്. രെഹന്‍ അഹമ്മദിന്റെ ഡെലിവെറിയില്‍ അശ്വിന്‍ സിംഗിളിന് ശ്രമിക്കുകയായിരുന്നു. എന്നാല്‍ പിച്ചിന് പുറത്തുകൂടി ഓടുന്നതിന് പകരം പിച്ചിലൂടെയാണ് അദ്ദേഹം സിംഗിളിനായി ഓടിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഓണ്‍ ഫീല്‍ഡ് അമ്പയര്‍ ജോയല്‍ വില്‍സണ്‍ ഇന്ത്യയെ ശിക്ഷിക്കുകയായിരുന്നു.

മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ (എം.സി.സി) റൂള്‍ ബുക്കിലെ 41.14.1 സെക്ഷനിലാണ് ഇത് സംബന്ധിച്ച നിയമമുള്ളത്.

‘പിച്ചിന് മനപ്പൂര്‍വമോ ഒഴിവാക്കാവുന്നതോ ആയ കേടുപാടുകള്‍ ഉണ്ടാക്കുന്നത് അന്യായമാണ് (അണ്‍ ഫെയര്‍). കളിക്കാരന്‍ ഷോട്ട് കളിക്കുന്നതിനായോ കളിയുടെ ഭാഗമായോ പ്രൊട്ടക്റ്റഡ് ഏരിയയില്‍ പ്രവേശിക്കുന്നെങ്കില്‍ ഉടന്‍ തന്നെ പിച്ചില്‍ നിന്നും മാറണം.

നീതിയുക്തമല്ലാത്ത രീതിയില്‍ പിച്ചില്‍ ഒരു താരത്തിന്റെ സാന്നിധ്യമുള്ളതായി അമ്പയര്‍ കരുതുന്നുണ്ടെങ്കില്‍ ഒരു ബാറ്റര്‍ പിച്ചിന് ഒഴിവാക്കാവുന്നതായ കേടുപാടുകള്‍ ഉണ്ടാക്കുന്നതായി കണക്കാക്കും,’ എം.സി.സി റൂള്‍ ബുക്കില്‍ പറയുന്നു.

ഇത്തരത്തില്‍ ഒരു ബാറ്റര്‍ പിച്ചിന് നടുവിലൂടെ ഓടുകയാണെങ്കില്‍ അമ്പയര്‍ ഫസ്റ്റ് ആന്‍ഡ് ലാസ്റ്റ് വാണിങ് നല്‍കുകയും ഇത് ഇന്നിങ്‌സില്‍ ഉടനീളം ബാധകമാവുകയും ചെയ്യും. നേരത്തെ രവീന്ദ്ര ജഡേജ ഇത്തരത്തില്‍ ഓടിയതിന് പിന്നാലെ ഇന്ത്യക്ക് വാണിങ് ലഭിച്ചിരുന്നു.

അതേസമയം, നിലവില്‍ 133 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 388ന് ഏഴ് എന്ന നിലയിലാണ്. 71 പന്തില്‍ 31 റണ്‍സുമായി അരങ്ങേറ്റക്കാകരന്‍ ധ്രുവ് ജുറെലും 64 പന്തില്‍ 25 റണ്‍സുമായി ആര്‍. അശ്വിനുമാണ് ക്രീസില്‍.

Content highlight: India vs England 3rd test; India faces 5 runs penalty

We use cookies to give you the best possible experience. Learn more