ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടെസ്റ്റില്‍ പരാജയമായതിന് പിന്നാലെ ശുഭ്മന്‍ ഗില്ലിനെതിരെ വിമര്‍ശനവുമായി ആരാധകര്‍. രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒമ്പത് പന്ത് നേരിട്ട് പൂജ്യം റണ്‍സിന് പുറത്തായതിന് പിന്നാലെയാണ് ആരാധകര്‍ ഗില്ലിനെതിരെ രംഗത്തെത്തിയത്.
സമൂഹമാധ്യമങ്ങള്‍ വഴി അവര്‍ തങ്ങളുടെ അതൃപ്തി വ്യക്തമാക്കുന്നുമുണ്ട്. അഹമ്മദാബാബ് പിച്ചിലെ ഐ.പി.എല്‍ മത്സരങ്ങളില്‍ മാത്രമേ ഇവന് കളിക്കാന്‍ സാധിക്കൂ, വെറും ഫ്രോഡ്, ഇപ്പോള്‍ ഗില്‍ പന്തുകളെക്കാള്‍ കൂടുതല്‍ വിമര്‍ശനങ്ങളാണ് നേരിടുന്നത്, ഇവനെയാണ് അടുത്ത വിരാട് കോഹ്‌ലിയെന്ന് വിശേഷിപ്പിച്ചത്, ഇന്ത്യന്‍ നിരയില്‍ ഒന്നിനും കൊള്ളാത്തവരില്‍ പ്രധാനി, തുടങ്ങി ആരാധകര്‍ ഗില്ലിനെതിരെ വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ തൊടുത്തുകൊണ്ടിരിക്കുകയാണ്.
പത്ത് പന്ത് നേരിട്ട് പത്ത് റണ്‍സുമായി യശസ്വി ജെയ്‌സ്വാള്‍ പുറത്തായതിന് പിന്നാലെയാണ് ഗില്‍ ക്രീസിലെത്തിയത്. ക്രീസില്‍ നിലയുറപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിക്കാതെ താരം തിരികെ നടക്കുകയായിരുന്നു.
സ്റ്റാര്‍ പേസര്‍ മാര്‍ക് വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിന് ക്യാച്ച് നല്‍കിയാണ് ഗില്‍ പുറത്തായത്. പരമ്പരയിലെ ആദ്യ അഞ്ച് ഇന്നിങ്‌സുകളില്‍ താരത്തിന്റെ രണ്ടാം ഡക്കാണിത്.
പരമ്പരയിലെ വിശാഖപട്ടണത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ സെഞ്ച്വറി നേടിയതൊഴിച്ചാല്‍ സമീപകാലങ്ങളില്‍ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഗില്ലിന് മികച്ച പ്രകടനങ്ങള്‍ ഒന്നും തന്നെ പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ 14 ഇന്നിങ്‌സുകളില്‍ ഒരിക്കല്‍ മാത്രമാണ് ഗില്ലിന് 50+ സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചത്.
അതേസമയം, ആദ്യ ദിനം 93ന് മൂന്ന് എന്ന നിലയില്‍ ലഞ്ചിന് പിരിഞ്ഞ ഇന്ത്യ നിലവില്‍ 28 ഓവര്‍ പിന്നിടുമ്പോള്‍ 107ന് മൂന്ന് എന്ന നിലയില്‍ ബാറ്റിങ് തുടരുകയാണ്. 33ന് മൂന്ന് എന്ന നിലയില്‍ നിന്നുമാണ് ഇന്ത്യ ഇന്നിങ്‌സ് പടുത്തുയര്‍ത്തിയത്.
ഒമ്പതാം ഓവറില്‍ നാലാമനായി ക്രീസിലെത്തിയ രവീന്ദ്ര ജഡേജക്കൊപ്പമാണ് രോഹിത് ഇന്നിങ്‌സ് കെട്ടിപ്പൊക്കുന്നത്. ടോപ് ഓര്‍ഡറിന്റെ അടിത്തറയിളകിയപ്പോള്‍ തങ്ങളുടെ ക്രിക്കറ്റിങ് എക്‌സ്പീരിയന്‍സിലൂടെയാണ് ഇരുവരും ഇന്ത്യക്ക് തുണയാകുന്നത്.