ഏറെ നാളത്തെ കാത്തിരിപ്പിനും അവഗണനകള്‍ക്കുമൊടുവില്‍ ആഭ്യന്തര ക്രിക്കറ്റിലെ സൂപ്പര്‍ താരം സര്‍ഫറാസ് ഖാന്‍ ഇന്ത്യന്‍ ടീമിലെത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടെസ്റ്റിലാണ് സര്‍ഫറാസ് ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നത്.
പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സബ്സറ്റിറ്റ്യൂട്ട് ഫീല്‍ഡറായി താരം കളത്തിലെത്തിയിരുന്നു.
സര്‍ഫറാസിന്റെ അരങ്ങേറ്റ മത്സരം കാണാന്‍ താരത്തിന്റെ കുടുംബം സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലെത്തിയിരുന്നു. ചെറുപ്പം മുതല്‍ സര്‍ഫറാസിനെ പരിശീലിപ്പിച്ച പിതാവ് നൗഷാദ് ഖാന് ഇത് സ്വപ്‌ന സാക്ഷാത്കാരത്തിന്റെ ദിവസം കൂടിയായിരുന്നു.
സര്‍ഫറാസിന് അനില്‍ കുംബ്ലെ ടെസ്റ്റ് ക്യാപ് നല്‍കുന്നത് കണ്ട നൗഷാദ് ഖാന്‍ പൊട്ടിക്കരയുകയായിരുന്നു. ശേഷം ഗ്രൗണ്ടിലെത്തി സര്‍ഫറാസിനെ കെട്ടിപ്പിടിക്കുകയും ചെയ്തിരുന്നു.
ആദ്യ മത്സരത്തിനിറങ്ങുന്ന സര്‍ഫറാസിന് ആരാധകരുടെ ആശംസാപ്രവാഹമാണ്. മത്സരത്തില്‍ താരം സെഞ്ച്വറി നേടട്ടെ എന്നും മികച്ച പ്രകടനം കാഴ്ചവെച്ച് ടീമിലെ സ്ഥിരം സാന്നിധ്യമാകട്ടെ എന്നും ആരാധകര്‍ ഒന്നടങ്കം പറയുന്നു.
അതേസമയം, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. നിലവില്‍ 13 ഓവര്‍ പിന്നിടുമ്പോള്‍ 49ന് മൂന്ന് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടരുന്നത്.
പത്ത് പന്തില്‍ പത്ത് റണ്‍സുമായി യശസ്വി ജെയ്‌സ്വാള്‍ മടങ്ങിയപ്പോള്‍ ഒമ്പത് പന്ത് നേരിട്ട് ഒറ്റ റണ്‍സ് പോലും കണ്ടെത്താന്‍ സാധിക്കാതെയാണ് ശുഭ്മന്‍ ഗില്‍ പുറത്തായത്. 15 പന്തില്‍ അഞ്ച് റണ്‍സുമായി പാടിദാറും മടങ്ങിയതോടെ ഇന്ത്യ 33ന് മൂന്ന് എന്ന നിലയിലേക്ക് വീണിരുന്നു.
ജെയ്‌സ്വാളിനെയും ഗില്ലിനെയും ടീമിലേക്ക് മടങ്ങിയെത്തിയ മാര്‍ക് വുഡ് മടക്കിയപ്പോള്‍ പാടിദാറിനെ ടോം ഹാര്‍ട്‌ലിയാണ് പുറത്താക്കിയത്.
39 പന്തില്‍ 29 റണ്‍സുമായി രോഹിത് ശര്‍മയും ഏഴ് പന്തില്‍ മൂന്ന് റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ഇന്ത്യക്കായി ക്രീസില്‍.
Content highlight: India vs England 3rd Test, Emotional moment for Sarfaraz Khan and Father Naushad Khan