ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ റെക്കോഡ് നേട്ടവുമായി യുവതാരം ധ്രുവ് ജുറെല്‍. ടെസ്റ്റ് ഫോര്‍മാറ്റിലെ അരങ്ങേറ്റ മത്സരത്തില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാമനായാണ് ജുറെല്‍ റെക്കോഡിട്ടത്.
അരങ്ങേറ്റ മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയെന്ന നേട്ടത്തിന് തൊട്ടടുത്തെത്തി വീണെങ്കിലും മറ്റൊരു ഐതിഹാസിക നേട്ടം ജുറെല്‍ സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ആരാധകര്‍.
104 പന്ത് നേരിട്ട് 46 റണ്‍സാണ് ജുറെല്‍ നേടിയത്. രണ്ട് ബൗണ്ടറിയും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ ഇന്നിങ്‌സ്. ഇതിന് പിന്നാലെയാണ് അരങ്ങേറ്റ മത്സരത്തില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരം എന്ന നേട്ടത്തിലേക്ക് ജുറെലെത്തിയത്.
2017ല്‍ ശ്രീലങ്കക്കെതിരായ തന്റെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ മൂന്ന് സിക്‌സര്‍ നേടിയ ഹര്‍ദിക് പാണ്ഡ്യയുടെ റെക്കോഡിനൊപ്പമാണ് ജുറെല്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.
രാജ്‌കോട്ട് ടെസ്റ്റില്‍ ജുറെലിനൊപ്പം അരങ്ങേറ്റം കുറിച്ച സര്‍ഫറാസ് ഖാനും റെക്കോഡ് നേട്ടങ്ങള്‍ സ്വന്തമാക്കിയിരുന്നു.
ടെസ്റ്റില്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടമാണ് സര്‍ഫറസ് ഖാന്‍ സ്വന്തമാക്കിയത്. 48 പന്തില്‍ നിന്നും ആയിരുന്നു സര്‍ഫറാസ് തന്റെ ആദ്യ ടെസ്റ്റ് ഫിഫ്റ്റി നേടിയത്. 66 പന്തില്‍ 62 റണ്‍സ് നേടിയാണ് സര്‍ഫറാസ് പുറത്തായത്. ഒമ്പത് ഫോറും ഒരു സിക്‌സും ആണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
ഇതിന് പുറമെ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ആദ്യ മത്സരത്തില്‍ തന്നെ അര്‍ധ സെഞ്ച്വറി നേടുകയും ആ മത്സരത്തില്‍ തന്നെ റണ്‍ ഔട്ട് ആവുകയും ചെയ്യുന്ന ചരിത്രത്തിലെ രണ്ടാമത്തെ താരമായി മാറാനും സര്‍ഫറാസ് ഖാന് സാധിച്ചു.
ഇതിന് മുമ്പ് ഇത്തരത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുകയും ആ മത്സരത്തില്‍ തന്നെ റണ്‍ഔട്ട് ആവുകയും ചെയ്തത് അബ്ബാസ് അലി ബെയ്ഗ് ആയിരുന്നു. 1959 ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റില്‍ ആയിരുന്നു അബ്ബാസ് അര്‍ധ സെഞ്ചറി നേടി റണ്‍ ഔട്ട് ആയത്. നീണ്ട 65 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ ഒരു സംഭവം ആവര്‍ത്തിക്കപ്പെടുന്നത്.
അതേസമയം, 129 ഓവര്‍ പിന്നിടുമ്പോള്‍ 436ന് ഒമ്പത് എന്ന നിലയില്‍ ഇന്ത്യ ബാറ്റിങ് തുടരുകയാണ്
Content highlight: India vs England 3rd Test: Dhruv Jurel with record