ഇന്ത്യ – ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റില്‍ 445 റണ്‍സിന്റെ ആദ്യ ഇന്നിങ്‌സ് ടോട്ടലാണ് ഇന്ത്യ സന്ദര്‍ശകര്‍ക്ക് മുമ്പില്‍ പടുത്തുയര്‍ത്തിയിരിക്കുന്നത്. ടോപ് ഓര്‍ഡറില്‍ രോഹിത് ശര്‍മയും മിഡില്‍ ഓര്‍ഡറില്‍ രവീന്ദ്ര ജഡേജ, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ എന്നിവരും ലോവര്‍ ഓര്‍ഡറില്‍ അശ്വിനും ബുംറയും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചതോടെയാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്.
മത്സരത്തില്‍ അരങ്ങേറ്റക്കാരയ സര്‍ഫറാസും ജുറെലും മികച്ച പ്രകടനം കാഴ്ചവെക്കുകയും കയ്യടി നേടുകയും ചെയ്തിരുന്നു. ഇതിനൊപ്പം തന്നെ പല റെക്കോഡുകളും ഇവര്‍ തകര്‍ത്തെറിഞ്ഞിരുന്നു.
മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിവസം സര്‍ഫറാസിന്റെ ഊഴമായിരുന്നെങ്കില്‍ രണ്ടാം ദിവസം ജുറെലിന്റേതായിരുന്നു. അര്‍ഹിച്ച അര്‍ധ സെഞ്ച്വറിക്ക് തൊട്ടരികിലെത്തി വീണെങ്കിലും ജുറലിന്റെ പ്രകടനം ആരാധകരെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്നതായിരുന്നു.
104 പന്ത് നേരിട്ട് രണ്ട് ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പെടെ 46 റണ്‍സാണ് താരം സ്വന്തമാക്കിയത്.
ടെസ്റ്റ് ഫോര്‍മാറ്റിലെ അരങ്ങേറ്റ മത്സരത്തില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നേടുന്ന ഏറ്റവുമുയര്‍ന്ന രണ്ടാമത് സ്‌കോര്‍ എന്ന നേട്ടത്തിനൊപ്പമാണ് ജുറെല്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചത്.
1934ല്‍ ദിലാവര്‍ ഹുസൈന്‍ നേടിയ 59 റണ്‍സാണ് റെക്കോഡ് നേട്ടത്തില്‍ ഒന്നാമത്. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലാണ് ഈ റെക്കോഡ് പിറന്നത് എന്നതും മറ്റൊരു യാദൃശ്ചികതയാണ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് ഈ നേട്ടത്തിന് സാക്ഷ്യം വഹിച്ചത്.
ഇതിന് പുറമെ അരങ്ങേറ്റ ടെസ്റ്റില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും ജുറെല്‍ തന്റെ പേരില്‍ കുറിച്ചു.
2017ല്‍ ശ്രീലങ്കക്കെതിരായ തന്റെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ ഹര്‍ദിക് പാണ്ഡ്യ നേടിയ മൂന്ന് സിക്‌സറിനൊപ്പമെത്തിയാണ് ജുറെല്‍ റെക്കോഡിട്ടത്.
അതേസമയം, ഒന്നാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിലവില്‍ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 67 റണ്‍സ് എന്ന നിലയിലാണ്. ബെന്‍ ഡക്കറ്റിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇംഗ്ലണ്ട് സ്‌കോര്‍ ഉയര്‍ത്തുന്നത്. ഡക്കറ്റ് 39 പന്തില്‍ 50 റണ്‍സ് നേടിയപ്പോള്‍ 22 പന്തില്‍ 11 റണ്‍സാണ് സാക് ക്രോളി അടിച്ചെടുത്തത്.
Content highlight: India vs England 3rd test, Dhruv Jurel with double record