ബാറ്റിങ്ങിനിറങ്ങും മുമ്പ് ഇംഗ്ലണ്ടിനായി 'മറ്റൊരു' സെഞ്ച്വറി; ഐതിഹാസിക നേട്ടത്തില്‍ സ്റ്റോക്‌സ്
Sports News
ബാറ്റിങ്ങിനിറങ്ങും മുമ്പ് ഇംഗ്ലണ്ടിനായി 'മറ്റൊരു' സെഞ്ച്വറി; ഐതിഹാസിക നേട്ടത്തില്‍ സ്റ്റോക്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 15th February 2024, 11:55 am

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇംഗ്ലണ്ടിനായി നൂറ് മത്സരം കളിക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം നേടി ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ്. ത്രീ ലയണ്‍സിനായി റെഡ് ബോള്‍ ഫോര്‍മാറ്റില്‍ നൂറ് മത്സരം പൂര്‍ത്തിയാക്കുന്ന 16ാമത് മാത്രം താരമാണ് സ്റ്റോക്‌സ്.

2013 ഡിസംബര്‍ അഞ്ചിന് അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് സ്‌റ്റോക്‌സ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. അന്നുമുതലിന്നുവരെ ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു സ്‌റ്റോക്‌സ്.

179 ഇന്നിങ്‌സില്‍ നിന്നും 36.34 എന്ന ശരാശരിയിലും 59.31 എന്ന സ്‌ട്രൈക്ക് റേറ്റിലുമായി 6,251 റണ്‍സാണ് സ്‌റ്റോക്‌സ് നേടിയത്.

13 സെഞ്ച്വറിയും 31 അര്‍ധ സെഞ്ച്വറിയുമാണ് താരം ടെസ്റ്റില്‍ സ്വന്തമാക്കിയത്. 2016ല്‍ സൗത്ത് ആഫ്രിക്കക്കെതിരെ നേടിയ 258 ആണ് റെഡ് ബോള്‍ ഫോര്‍മാറ്റില്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

പന്തെറിഞ്ഞ 146 ഇന്നിങ്‌സില്‍ നിന്നും 197 വിക്കറ്റും സ്റ്റോക്‌സ് സ്വന്തമാക്കിയിട്ടുണ്ട്. 32.07 എന്ന ശരാശരിയിലും 58.2 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം പന്തെറിയുന്നത്.

2017ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 14.3 ഓവറില്‍ 22 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. കരിയറില്‍ നാല് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ സ്റ്റോക്‌സ് എട്ട് തവണ നാല് വിക്കറ്റ് നേട്ടവും തന്റെ പേരില്‍ കുറിച്ചു.

(കണക്കുകള്‍ 99 മത്സരങ്ങള്‍ക്ക് ശേഷമുള്ളത്)

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇംഗ്ലണ്ടിനായി നൂറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ താരങ്ങള്‍

കോളിന്‍ ക്രൗഡി
ജെഫ് ബോയ്‌ക്കോട്ട്
ഡേവിഡ് ഗോവര്‍
ഇയാന്‍ ബോഥം
ഗ്രഹാം ഗൂച്ച്
അലക് സ്റ്റുവര്‍ട്ട്
മൈക്കല്‍ ആതര്‍ട്ടണ്‍
ഗ്രഹാം തോര്‍പ്
ആന്‍ഡ്രൂ സ്‌ട്രോസ്
കെവിന്‍ പീറ്റേഴ്‌സണ്‍
അലസ്റ്റര്‍ കുക്ക്
ഇയാന്‍ ബെല്‍
ജെയിംസ് ആന്‍ഡേഴ്‌സണ്‍
സ്റ്റുവര്‍ട്ട് ബ്രോഡ്
ജോ റൂട്ട്
ബെന്‍ സ്‌റ്റോക്‌സ്

അതേസമയം, മൂന്നാം മത്സരത്തിന്റെ ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റിന് 93 എന്ന നിലയിലാണ് ഇന്ത്യ.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. യശസ്വി ജെയ്‌സ്വാള്‍ പത്ത് പന്ത് നേരിട്ട് പത്ത് റണ്‍സ് നേടി പുറത്തായപ്പോള്‍ ഒമ്പത് പന്ത് നേരിട്ട് റണ്ണൊന്നുമെടുക്കാതെ ശുഭ്മന്‍ ഗില്ലും പവലിയനിലേക്ക് തിരിച്ചുനടന്നു. രജത് പാടിദാര്‍ 15 പന്തില്‍ അഞ്ച് റണ്‍സെടുത്ത് പുറത്തായി.

ജെയ്‌സ്വാളിനെയും ഗില്ലിനെയും മാര്‍ക് വുഡ് മടക്കിയപ്പോള്‍ ടോം ഹാര്‍ട്‌ലിയാണ് പാടിദാറിനെ പുറത്താക്കിയത്.

74 പന്തില്‍ 52 റണ്‍സുമായി രോഹിത് ശര്‍മയും 44 പന്തില്‍ 24 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.

 

Content highlight: India vs England 3rd Test; Ben Stokes plays his 100th test match