ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേട്ടവുമായി ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍. റെഡ് ബോള്‍ കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറിയാണ് ജെയ്‌സ്വാള്‍ ഇംഗ്ലണ്ടിനെതിരെ വിശാഖപട്ടണത്തില്‍ കുറിച്ചത്.
290 പന്ത് നേരിട്ട് 209 റണ്‍സാണ് താരം നേടിയത്. 19 ബൗണ്ടറിയും ഏഴ് സിക്‌സറും അടക്കം 72.07 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
താരത്തിന്റെ ഈ നേട്ടത്തിന് പിന്നാലെ പല റെക്കോഡുകളും ജെയ്‌സ്വാളിനെ തേടിയെത്തിയിരിക്കുകയാണ്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത് ഇന്ത്യന്‍ താരം എന്ന നേട്ടമാണ് ഇതില്‍ ആദ്യം. 22 വയസും 36 ദിവസവും പ്രായമുണ്ടായിരിക്കവെയാണ് ജെയ്‌സ്വാള്‍ ഈ നേട്ടം സ്വന്തമാക്കിയത്.
ടെസ്റ്റില്‍ ഇന്ത്യക്കായി ഇരട്ട സെഞ്ച്വറി നേടിയ പ്രായം കുറഞ്ഞ താരങ്ങള്‍
(താരം – പ്രായം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
വിനോദ് കാംബ്ലി – 21 വയസും 31 ദിവസവും – ഇംഗ്ലണ്ട് – 1993
സുനില്‍ ഗവാസ്‌കര്‍ – 21 വയസും 277 ദിവസവും – വെസ്റ്റ് ഇന്‍ഡീസ് – 1971
യശസ്വി ജെയ്‌സ്വാള്‍ – 22 വയസും 36 ദിവസവും – ഇംഗ്ലണ്ട് – 2024
ഇതിന് പുറമെ അന്താരാഷ്ട്ര തലത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത് ഓപ്പണര്‍ എന്ന നേട്ടവും ജെയ്‌സ്വാളിനെ തേടിയെത്തി.
ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന പ്രായം കുറഞ്ഞ ഓപ്പണര്‍മാര്‍
(താരം – ടീം – പ്രായം – എതിരാളികള്‍ – വര്‍ഷം)
ഗ്രെയം സ്മിത് – സൗത്ത് ആഫ്രിക്ക – 21 വയസും 259 ദിവസവും – ബംഗ്ലാദേശ് – 2002
സുനില്‍ ഗവാസ്‌കര്‍ – 21 വയസും 277 ദിവസവും – വെസ്റ്റ് ഇന്‍ഡീസ് – 1971
കാര്‍ലോസ് ബ്രാത്‌വെയ്റ്റ് – വെസ്റ്റ് ഇന്‍ഡീസ് – 21 വയസും 278 ദിവസവും – ബംഗ്ലാദേശ് – 2014
യശസ്വി ജെയ്‌സ്വാള്‍ – 22 വയസും 36 ദിവസവും – ഇംഗ്ലണ്ട് – 2024
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട സെഞ്ച്വറി നേടുന്ന നാലാമത് ഇന്ത്യന്‍ താരം എന്ന നേട്ടവും ജെയ്‌സ്വാള്‍ സ്വന്തമാക്കി. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍ എന്നിവരാണ് ഇതിന് മുമ്പ് ഡബ്ല്യൂ.ടി.സിയില്‍ ഇരട്ട സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരങ്ങള്‍.
16 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഒരു ഇന്ത്യന്‍ ഇടംകയ്യന്‍ ബാറ്റര്‍ ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്നയത്. 2008ല്‍ ഓസ്‌ട്രേലിയക്കെതിരെ ഗൗതം ഗംഭീറാണ് ഇതിന് മുമ്പ് ഇരട്ട സെഞ്ച്വറി നേടിയ ഇടംകയ്യന്‍ ബാറ്റര്‍.
ഒരു ഇന്നിങ്‌സില്‍ ഏറ്റവുമധികം റണ്‍സടിക്കുന്ന നാലാമത് ഇന്ത്യന്‍ ഇടം കയ്യന്‍ ബാറ്റര്‍ എന്ന നേട്ടവും ജെയ്‌സ്വാള്‍ സ്വന്തമാക്കി. ഗംഭീറിന്റെ 206 റണ്‍സ് പഴങ്കഥയാക്കിയാണ് ജെയ്‌സ്വാള്‍ റണ്ണടിച്ചുകൂട്ടിയത്.
അതേസമയം, 109 ഓവര്‍ പിന്നിടുമ്പോള്‍ 389ന് എട്ട് എന്ന നിലയിലാണ് ഇന്ത്യ. 32 പന്തില്‍ അഞ്ച് റണ്‍സുമായി കുല്‍ദീപ് യാദവും നാല് പന്തില്‍ രണ്ട് റണ്‍സുമായി ജസ്പ്രീത് ബുംറയുമാണ് ക്രീസില്‍.
Content highlight: India vs England: 2nd Test: Yashasvi Jaiswal scored double century