| Saturday, 3rd February 2024, 4:00 pm

ജെയ്‌സ്വാളിന്റെ യശസില്‍ ലോകകപ്പ് ഹീറോയും വീണു; ഗംഭീറിനെ പടിയിറക്കിയ ഗംഭീര നേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടാന്‍ സാധിക്കാതെ പോയതിന്റെ എല്ലാ വിഷമവും രണ്ടാം ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടിയാണ് യശസ്വി ജെയ്‌സ്വാള്‍ ആഘോഷിച്ചത്. 290 പന്തില്‍ 209 റണ്‍സ് നേടിയാണ് ജെയ്‌സ്വാള്‍ ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായത്.

ഇന്ത്യന്‍ ടീമിലെ മറ്റെല്ലാ താരങ്ങളും ചേര്‍ന്ന് നേടിയ റണ്‍സിനേക്കാള്‍ അധികം നേടിയാണ് ജെയ്‌സ്വാള്‍ ഇന്ത്യയെ താങ്ങി നിര്‍ത്തിയത്. താരത്തിന്റെ റെഡ് ബോള്‍ കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറും ആദ്യ ഇരട്ട സെഞ്ച്വറിയുമാണ് വിശാഖപട്ടണത്തില്‍ പിറവിയെടുത്തത്.

പല റെക്കോഡ് നേട്ടങ്ങളും ഇതിന് പിന്നാലെ ജെയ്‌സ്വാളിനെ തേടിയെത്തിയിരുന്നു. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ ഇടം കയ്യന്‍ ബാറ്റര്‍മാരുടെ പട്ടികയില്‍ ഇടം നേടിയാണ് ജെയ്‌സ്വാള്‍ തരംഗമാകുന്നത്.

മുന്‍ ഇന്ത്യന്‍ നായകനും ക്രിക്കറ്റ് ലെജന്‍ഡുമായ സൗരവ് ഗാംഗുലി ലീഡ് ചെയ്യുന്ന പട്ടികയില്‍ നാലാം സ്ഥാനത്തേക്കെത്തിയാണ് ജെയ്‌സ്വാള്‍ കയ്യടി നേടുന്നത്.

മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിനെ പിന്തള്ളിയാണ് ജെയ്‌സ്വാള്‍ പട്ടികയില്‍ ഇടം സ്ഥാനം പിടിച്ചത്.

ടെസ്റ്റില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കിയ ഇന്ത്യന്‍ ഇടംകയ്യന്‍ ബാറ്റര്‍

(താരം – റണ്‍സ് എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

സൗരവ് ഗാംഗുലി – 239 – പാകിസ്ഥാന്‍ – 2007

വിനോദ് കാംബ്ലി – 227 – സിംബാബ്‌വേ – 1993

വിനോദ് കാംബ്ലി – 224 – ഇംഗ്ലണ്ട് – 1993

യശസ്വി ജെയ്‌സ്വാള്‍ – 209 – ഇംഗ്ലണ്ട് – 2024

ഗൗതം ഗംഭീര്‍ – 206 – ഓസട്രേലിയ – 2008

ശിഖര്‍ ധവാന്‍ – 187 – ഓസ്‌ട്രേലിയ – 2013

ഇതിന് പുറമെ അന്താരാഷ്ട്ര തലത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത് ഓപ്പണര്‍ എന്ന നേട്ടവും ജെയ്സ്വാളിനെ തേടിയെത്തി.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന പ്രായം കുറഞ്ഞ ഓപ്പണര്‍മാര്‍

(താരം – ടീം – പ്രായം – എതിരാളികള്‍ – വര്‍ഷം)

ഗ്രെയം സ്മിത് – സൗത്ത് ആഫ്രിക്ക – 21 വയസും 259 ദിവസവും – ബംഗ്ലാദേശ് – 2002

സുനില്‍ ഗവാസ്‌കര്‍ – 21 വയസും 277 ദിവസവും – വെസ്റ്റ് ഇന്‍ഡീസ് – 1971

കാര്‍ലോസ് ബ്രാത്‌വെ്റ്റ് – വെസ്റ്റ് ഇന്‍ഡീസ് – 21 വയസും 278 ദിവസവും – ബംഗ്ലാദേശ് – 2014

യശസ്വി ജെയ്സ്വാള്‍ – 22 വയസും 36 ദിവസവും – ഇംഗ്ലണ്ട് – 2024

അതേസമയം, ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 48 ഓവര്‍ പിന്നിടുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ് എന്ന നിലയിലാണ്. 52 പന്തില്‍ 47 റണ്‍സുമായി ബെന്‍ സ്റ്റോക്‌സും 12 പന്തില്‍ 11 റണ്‍സുമായി ടോം ഹാര്‍ട്‌ലിയുമാണ് ക്രീസില്‍.

Content highlight: India vs England: 2nd Test: Uashasvi Jaiswal surpasses Gautam Gambhir in an elite list

We use cookies to give you the best possible experience. Learn more