|

കരിയറിലെ ആദ്യ വിക്കറ്റ് സാക്ഷാല്‍ ഹിറ്റ്മാന്റെത്; ഇംഗ്ലണ്ട് കരുതിവെച്ച വജ്രായുധം പണി തുടങ്ങി

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തിരുന്നു. വിശാഖപട്ടണത്തിലെ എ.സി.എ-വി.ഡി.സിഎ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ വിജയിച്ച് പരമ്പരയില്‍ ഒപ്പമെത്താനാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ടീം സ്‌കോര്‍ 40ല്‍ നില്‍ക്കവെ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് പവലിയനിലേക്ക് തിരിച്ചുനടന്നത്. 41 പന്തില്‍ 14 റണ്‍സ് നേടി നില്‍ക്കവെയാണ് രോഹിത് പുറത്തായത്.

ഷോയ്ബ് ബഷീറിന്റെ പന്തില്‍ ഒല്ലി പോപ്പിന് ക്യാച്ച് നല്‍കിയാണ് രോഹിത് പുറത്താകുന്നത്. കരിയറിലെ ആദ്യ അന്താരാഷ്ട്ര മത്സരമാണ് ബഷീര്‍ കളിക്കുന്നത്. ഈ മത്സരത്തില്‍ ആദ്യം പുറത്താക്കിയതാകട്ടെ ‘ബെസ്റ്റ് ഇന്‍ ദി ബിസിനസ്’ സാക്ഷാല്‍ രോഹിത് ശര്‍മയെയും. താരത്തിന്റെ മുന്നോട്ടുള്ള കരിയറില്‍ ഈ വിക്കറ്റ് നേട്ടം ഡ്രൈവിങ് ഫോഴ്‌സാകുമെന്നുറപ്പാണ്.

ആഭ്യന്തര തലത്തില്‍ സോമര്‍സെറ്റിനായി മികച്ച പ്രകടനം നടത്തിയതിന് പിന്നാലെയാണ് ബഷീറിന് നാഷണല്‍ ടീമില്‍ നിന്നും വിളിയെത്തുന്നത്.കഴിഞ്ഞ സീസണില്‍ അലിസ്റ്റര്‍ കുക്ക് അടക്കമുള്ള സ്റ്റാര്‍ ബാറ്റര്‍മാരെ വിറപ്പിക്കാന്‍ സാധിച്ചു എന്നതാണ് ഈ 20 വയസുകാരനെ ആരാധകര്‍ക്കിടയില്‍ സ്പെഷ്യലാക്കുന്നത്.

വെറും ആറ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലാണ് ബഷീര്‍ ഇതുവരെ പന്തറിഞ്ഞിട്ടുള്ളത്. ഇതിലെ പത്ത് ഇന്നിങ്സില്‍ നിന്നുമായി പത്ത് വിക്കറ്റാണ് ബാഷിറിന്റെ സമ്പാദ്യം. 155 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് ടെസ്റ്റ് മത്സരത്തിലെ മികച്ച പ്രകടനം.

3.30 എന്ന എക്കോണമിയിലും 121.8 എന്ന സ്ട്രൈക്ക് റേറ്റിലും പന്തെറിയുന്ന ബാഷിറിന്റെ ശരാശരി 67.00 ആണ്.

അതേസമയം, ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇതുവരെ ഏഴ് ഓവര്‍ പന്തെറിഞ്ഞ ഷോയ്ബ് ബഷീര്‍ 17 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് നേടിയത്. 2.42 എന്ന എക്കോണമിയിലാണ് താരം പന്തറിയുന്നത്.

നിലവില്‍ 24 ഓവര്‍ പിന്നിടുമ്പോള്‍ 65 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ് ഹോം ടീം. 80 പന്തില്‍ 37 റണ്‍സുമായി യശസ്വി ജെയ്‌സ്വാളും 23 പന്തില്‍ 14 റണ്‍സുമായി ശുഭ്മന്‍ ഗില്ലുമാണ് ക്രിസില്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, രജത് പാടിദാര്‍, ശ്രേയസ് അയ്യര്‍, എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, മുകേഷ് കുമാര്‍, കുല്‍ദീപ് യാദവ്.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

സാക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ബെന്‍ ഫോക്സ് (വിക്കറ്റ് കീപ്പര്‍), രെഹന്‍ അഹമ്മദ്, ടോം ഹാര്‍ട്‌ലി, ഷോയ്ബ് ബഷീര്‍, ജെയിംസ് ആന്‍ഡേഴ്സണ്‍.

Content highlight: India vs England: 2nd Test: Shoaib Bashir dismissed Rohit Sharma

Latest Stories