ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ സെഞ്ച്വറി പ്രകടനത്തോടെ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ സ്വന്തമാക്കിയത് അപൂര്‍വ്വ റെക്കോഡുകള്‍. ആദ്യദിനത്തിലെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് രഹാനെയ്‌ക്കൊപ്പം ചേര്‍ന്ന് ടീമിനെ കരകയറ്റിയ രോഹിത് നേടിയത് 161 റണ്‍സാണ്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ നാലാം സെഞ്ച്വറിയാണ് രോഹിത് ചെന്നൈയില്‍ നേടിയത്. ഇതോടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയ ശേഷം ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരം എന്ന റെക്കോഡ് രോഹിതിന്റെ പേരിലായി.
അഞ്ച് സെഞ്ച്വറിയുള്ള ആസ്‌ട്രേലിയയുടെ മാര്‍നസ് ലബുഷെയ്‌നാണ് ഇനി ആകെ പട്ടികയില്‍ രോഹിതിന്റെ മുന്നിലുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്വന്തം മണ്ണില്‍ 200 സിക്‌സ് നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ എന്ന റെക്കോഡും രോഹിത് സ്വന്തം പേരിലാക്കി.
തന്റെ കരിയറിലെ ഏഴാം ടെസ്റ്റ് സെഞ്ച്വറിയാണ് രോഹിത് ശനിയാഴ്ച ചെപ്പോക്കില്‍ ഇംഗ്ലണ്ടിനെതിരെ നേടിയത്. ഇതോടെ നാല് രാജ്യങ്ങള്‍ക്കെതിരെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും സെഞ്ച്വറി എന്ന അപൂര്‍വ്വ റെക്കോഡും രോഹിതിന്റെ പേരിലായി.
ടി-20യില്‍ നാല് സെഞ്ച്വറിയാണ് രോഹിതിന്റെ പേരിലുള്ളത്. ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ക്കെതിരെ ടി-20, ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ സെഞ്ച്വറിയുള്ള രോഹിത് ക്രിക്കറ്റില്‍ അധികമാര്‍ക്കും എത്തിപ്പിടിക്കാനാവാത്ത റെക്കോഡാണ് സ്വന്തമാക്കിയിരിക്കുന്നത്.
അതേസമയം രണ്ടാം ടെസ്റ്റില്‍ രോഹിതിന്റേയും രഹാനെയുടേയും പ്രകടനമൊഴിച്ച് നിര്‍ത്തിയാല്‍ ഇന്ത്യയ്ക്ക് ആഹ്ലാദിക്കാനൊന്നുമില്ല. ആറ് വിക്കറ്റിന് 300 റണ്‍സെടുത്ത ഇന്ത്യയ്ക്കായി 33 റണ്‍സെടുത്ത റിഷഭ് പന്തും അഞ്ച് റണ്‍സെടുത്ത അക്‌സര്‍ പട്ടേലുമാണ് ക്രീസിലുള്ളത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക