| Monday, 5th February 2024, 11:12 am

ഇന്ത്യ vs ഇംഗ്ലണ്ട്: ഔട്ടായവനും ഔട്ടാക്കിയവനും റെക്കോഡ്; ഇത് അശ്വിന്‍ - റൂട്ട് മാജിക്

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്കടുക്കുകയാണ്. ഇന്ത്യ ഉയര്‍ത്തിയ 399 റണ്‍സിന്റെ കൂറ്റന്‍ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് നാലാം വിക്കറ്റും നഷ്ടപ്പെട്ടിരിക്കുകയാണ്. സൂപ്പര്‍ താരം ജോ റൂട്ടിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് അവസാനമായി നഷ്ടപ്പെട്ടത്.

ഇന്ത്യന്‍ വെറ്ററന്‍ ഓള്‍ റൗണ്ടര്‍ ആര്‍. അശ്വിനാണ് റൂട്ടിനെ പുറത്താക്കിയത്. ബാസ്‌ബോളിന്റെ മനോഹാര്യതയുമായി അറ്റാക്കിങ് ക്രിക്കറ്റ് പുറത്തെടുത്ത റൂട്ടിനെ അക്‌സര്‍ പട്ടേലിന്റെ കൈകളിലെത്തിച്ചാണ് അശ്വിന്‍ പുറത്താക്കിയത്. പത്ത് പന്തില്‍ 16 റണ്‍സാണ് റൂട്ട് സ്വന്തമാക്കിയത്.

ഔട്ടാകുന്നതിന് മുമ്പ് തന്നെ ഒരു റെക്കോഡ് നേട്ടം സ്വന്തമാക്കിയാണ് റൂട്ട് കളം വിട്ടത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യക്കെതിരെ 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത് ഇംഗ്ലണ്ട് താരം എന്ന നേട്ടമാണ് റൂട്ട് സ്വന്തമാക്കിയത്. ഇതിന് മുമ്പ് താരത്തിന്റെ മുന്‍ഗാമി കൂടിയായ ക്രിക്കറ്റ് ലെജന്‍ഡ് അലിസ്റ്റര്‍ കുക്ക് മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയത്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യക്കെതിരെ 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇംഗ്ലണ്ട് താരങ്ങള്‍

(താരം – ഇന്നിങ്‌സ് – റണ്‍സ് – ശരാശരി എന്നീ ക്രമത്തില്‍)

അലിസ്റ്റര്‍ കുക്ക് – 26 – 1,235 – 51.45

ജോ റൂട്ട് – 24 – 1,004 – 45.65

ഇതിന് പുറമെ മത്സരത്തില്‍ അശ്വിനും ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇംഗ്ലണ്ടിനെതിരെ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരം എന്ന റെക്കോഡാണ് അശ്വിന്‍ സ്വന്തമാക്കിയത്. ജോ റൂട്ടിന് മുമ്പ് ഒല്ലി പോപ്പിനെ പുറത്താക്കിയതിന് പിന്നാലെയാണ് അശ്വിനെ തേടി ഈ റെക്കോഡെത്തിയത്.

ഇംഗ്ലണ്ടിനെതിരെ ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റ് നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – വിക്കറ്റ് എന്നീ ക്രമത്തില്‍)

രവിചന്ദ്ര അശ്വിന്‍ – 97*

ഭഗവത് – 95

അനില്‍ കുംബ്ലെ – 92

ബിഷന്‍ സിങ് ബേദി – 85

കപില്‍ ദേവ് – 85

ഇഷാന്ത് ശര്‍മ – 67

രവീന്ദ്ര ജഡേജ – 56

വിനൂ മങ്കാദ് – 54

ജസ്പ്രീത് ബുംറ – 53

അതേസമയം, വിശാഖപട്ടണത്തില്‍ നടക്കുന്ന ടെസ്റ്റില്‍ ഇംഗ്ലണ്ട് ബാറ്റിങ് തുടരുകയാണ്. നിലവില്‍ 36 ഓവര്‍ പിന്നിടുമ്പോള്‍ 167ന് നാല് എന്ന നിലയിലാണ് സന്ദര്‍ശകര്‍. 17 പന്തില്‍ ഒമ്പത് റണ്‍സുമായി ജോണി ബെയര്‍സ്‌റ്റോയും 111 പന്തില്‍ 63 റണ്‍സുമായി സാക്ക് ക്രോളിയുമാണ് ക്രീസില്‍.

Content highlight: India vs England: 2nd Test: Records for R Ashwin and Joe Root

We use cookies to give you the best possible experience. Learn more