| Friday, 2nd February 2024, 12:32 pm

ഇന്ത്യ vs ഇംഗ്ലണ്ട്: എണ്ണിത്തുടങ്ങിക്കോ... ഈ യാത്ര ടെസ്റ്റിന്റെ കൊടുമുടിയിലേക്ക്; ഒന്നാമനും മൂന്നാമനുമാകാന്‍ ഇനി വേണ്ടത്...

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടി ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തിരിക്കുകയാണ്. ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഹോം ടീം 103 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്.

41 പന്തില്‍ 14 റണ്‍സുമായി നായകന്‍ രോഹിത് ശര്‍മയും 46 പന്തില്‍ 34 റണ്‍സുമായി ശുഭ്മന്‍ ഗില്ലുമാണ് പുറത്തായത്. രോഹിത് ശര്‍മയെ അരങ്ങേറ്റക്കാരന്‍ ഷോയ്ബ് ബഷീര്‍ പുറത്താക്കിയപ്പോള്‍ ക്രിക്കറ്റ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സണാണ് ഗില്ലിനെ മടക്കിയത്.

ഗില്ലിനെ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിന്റെ കൈകളിലെത്തിച്ചാണ് ആന്‍ഡേഴ്‌സണ്‍ 2024ലെ ആദ്യ വിക്കറ്റും ടെസ്റ്റ് കരിയറിലെ 691ാം വിക്കറ്റും സ്വന്തമാക്കിയത്.

ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഒരു നേട്ടത്തിലേക്കാണ് ആന്‍ഡേഴ്‌സണ്‍ നടന്നടുക്കുന്നത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ 700 വിക്കറ്റ് എന്ന നേട്ടം പൂര്‍ത്തിയാക്കാന്‍ ഇനി കേവലം ഒമ്പത് വിക്കറ്റ് മാത്രമാണ് ആന്‍ഡേഴ്‌സണ് ആവശ്യമുള്ളത്.

ഒമ്പത് വിക്കറ്റ് കൂടി സ്വന്തമാക്കിയാല്‍ ഈ നേട്ടത്തിലെത്തുന്ന മൂന്നാമത് മാത്രം താരമാകാനും ചരിത്രത്തിലെ ആദ്യ പേസറാകാനും ആന്‍ഡേഴ്‌സണ് സാധിക്കും.

ഇതിഹാസ താരങ്ങളായ മുത്തയ്യ മുരളീധരനും ഷെയ്ന്‍ വോണും മാത്രമാണ് ഇതിന് മുമ്പ് ഈ നേട്ടം കൈപ്പിടിയിലൊതുക്കിയത്. 800 വിക്കറ്റുമായി മുത്തയ്യ പട്ടികയിലെ ഒന്നാമനായി തുടരുമ്പോള്‍ 708 വിക്കറ്റാണ് വോണിന്റെ പേരിലുള്ളത്.

നിലവില്‍ ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റ് നേടിയ പേസര്‍ എന്ന നേട്ടം സ്വന്തമാക്കിയ ആന്‍ഡേഴ്‌സണ്‍ 700 വിക്കറ്റ് എന്ന പൊന്‍തൂവല്‍ കൂടി തന്റെ കിരീടത്തില്‍ ചൂടാനാണ് ഒരുങ്ങുന്നത്.

2003 കരിയര്‍ ആരംഭിച്ച ആന്‍ഡേഴ്‌സണ്‍ തന്റെ 184ാം ടെസ്റ്റ് മത്സരമാണ് ഇന്ത്യക്കെതിരെ കളിക്കുന്നത്. 26.41 എന്ന ശരാശരിയിലും 2.78 എന്ന എക്കോണമിയിലുമാണ് ആന്‍ഡേഴ്‌സണ്‍ പന്തെറിയുന്നത്. കരിയറില്‍ 32 തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ജിമ്മി 32 തവണ നാല് വിക്കറ്റ് നേട്ടവും തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.

കരിയര്‍ ആരംഭിച്ച 2003 മുതല്‍ 2024 വരെയുള്ള എല്ലാ കലണ്ടര്‍ ഇയറിലും ചുരുങ്ങിയത് ഒരു വിക്കറ്റെങ്കിലും അന്‍ഡേഴ്‌സണ്‍ തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.

2023ല്‍ കളിച്ച ആറ് ടെസ്റ്റില്‍ നിന്നും 15 വിക്കറ്റ് നേടിയ ആന്‍ഡേഴ്‌സണ്‍ 2024ല്‍ ഗില്ലിനെ വീഴ്ത്തിക്കൊണ്ട് ഈ വര്‍ഷത്തെ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടിരിക്കുകയാണ്. 700 വിക്കറ്റ് എന്ന നേട്ടത്തിലേക്ക് ആന്‍ഡേഴ്‌സണ്‍ ഉടന്‍ തന്നെയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Content highlight: India vs England: 2nd Test: James Anderson need 9 wickets to complete 700 test wickets

We use cookies to give you the best possible experience. Learn more