| Saturday, 3rd February 2024, 2:17 pm

സച്ചിന്‍-9, വിരാട്-7, ഗില്‍-5; ഐ.പി.എല്ലിന്റെ 'മാത്രം' രാജകുമാരന്‍ ഇതിഹാസത്തിന് മുമ്പില്‍ അടിയറവ് പറഞ്ഞ നിമിഷം

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 396 റണ്‍സിന്റെ മികച്ച ഒന്നാം ഇന്നിങ്‌സ് ടോട്ടലാണ് പടുത്തുയര്‍ത്തിയത്. പിന്തുണയ്ക്കാന്‍ ഒരാള്‍ പോലും ഇല്ലാതിരുന്നിട്ടും യശസ്വി ജെയ്‌സ്വാള്‍ എന്ന വണ്‍ മാന്‍ ആര്‍മിയുടെ കരുത്തിലാണ് ഇന്ത്യ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

മറ്റെല്ലാ ബൗളര്‍മാര്‍ക്കെതിരെയും ജെയ്‌സ്വാള്‍ അടക്കമുള്ള ബാറ്റര്‍മാര്‍ക്ക് മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചപ്പോള്‍ ഇന്ത്യയെ അക്ഷരാര്‍ത്ഥത്തില്‍ വരിഞ്ഞുമുറുക്കിയത് ലെജന്‍ഡറി പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണാണ്.

നാല് മെയ്ഡന്‍ ഓവറുകള്‍ അടക്കം 25 ഓവര്‍ പന്തെറിഞ്ഞ് വെറും 47 റണ്‍സ് മാത്രമാണ് ആന്‍ഡേഴ്‌സണ്‍ വിട്ടുകൊടുത്തത്. 1.88 എന്ന എക്കോണമിയിലാണ് ആവന്‍ഡേഴ്‌സണ്‍ 2024ലെ തന്റെ ആദ്യ ഇന്നിങ്‌സില്‍ പന്തെറിഞ്ഞത്.

റണ്‍സ് വഴങ്ങാന്‍ പിശുക്ക് കാട്ടിയ ആന്‍ഡേഴ്‌സണ്‍ മൂന്ന് ഇന്ത്യന്‍ വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു. ക്രീസില്‍ നിലയുറപ്പിച്ച താരങ്ങളെയാണ് മൂന്ന് തവണയും ആന്‍ഡേഴ്‌സണ്‍ പുറത്താക്കിയത്.

ശുഭ്മന്‍ ഗില്ലിനെ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിന്റെ കൈകളിലെത്തിച്ചാണ് മത്സരത്തിലെയും 2024 കലണ്ടര്‍ ഇയറിലെയും വിക്കറ്റ് വേട്ട ആന്‍ഡേഴ്‌സണ്‍ ആരംഭിച്ചത്. ടെസ്റ്റ് കരിയറിലെ 691ാം വിക്കറ്റാണ് ആന്‍ഡേഴ്‌സണ്‍ വിശാഖപട്ടണത്തില്‍ നേടിയത്. 46 പന്തില്‍ 34 റണ്‍സാണ് ആദ്യ ഇന്നിങ്‌സില്‍ ഗില്ലിന്റെ സമ്പാദ്യം.

37 പന്തില്‍ 20 റണ്‍സുമായി ക്രീസില്‍ തുടര്‍ന്ന ആര്‍. അശ്വിനെ ബെന്‍ ഫോക്‌സിന്റെ കൈകളിലെത്തിച്ച് ജിമ്മി, ഇന്ത്യയുടെ നെടുംതൂണായ യശസ്വി ജെയ്‌സ്വാളിനെ ജോണി ബെയര്‍സ്‌റ്റോയുടെ കൈകളിലെത്തിച്ചും മടക്കി. ഇതോടെ 700 ടെസ്റ്റ് വിക്കറ്റ് എന്ന നേട്ടത്തിലേക്കുള്ള ദൂരം ഏഴ് വിക്കറ്റായി കുറയ്ക്കാനും ആന്‍ഡേഴ്‌സണായി.

കരിയറില്‍ ഏഴ് തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇത് അഞ്ചാം തവണയാണ് ശുഭ്മന്‍ ഗില്‍ ആന്‍ഡേഴ്‌സണോട് തോറ്റ് പുറത്താകുന്നത്. മറ്റൊരു ബൗളറും റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഗില്ലിനെ നാല് തവണ പോലും പുറത്താക്കിയില്ല എന്നിരിക്കവെയാണ് ആന്‍ഡേഴ്‌സണ്‍ അഞ്ചാം തവണയും ഗില്ലിനെ മടക്കുന്നത്.

2021ലെ ടെസ്റ്റ് പരമ്പരയില്‍ ഗില്ലിനെ രണ്ട് തവണ പുറത്താക്കിയ ആന്‍ഡേഴ്‌സണ്‍ 2022ലെ ബെര്‍മിങ്ഹാം ടെസ്റ്റിലും ഇന്ത്യന്‍ യുവതാരത്തെ രണ്ട് തവണ പുറത്താക്കി. ഏഴ് ഇന്നിങ്‌സില്‍ നിന്നും 39 റണ്‍സ് മാത്രമാണ് ആന്‍ഡേഴ്‌സണെതിരെ ഗില്ലിന് നേടാന്‍ സാധിച്ചത്.

ഗില്‍ മാത്രമല്ല, ഗില്ലിന്റെ മുന്‍ഗാമികളായ വിരാട് കോഹ്‌ലി ഏഴ് തവണയും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഒമ്പത് തവണയും ആന്‍ഡേഴ്‌സണ് മുമ്പില്‍ അടിയറവ് പറഞ്ഞിട്ടുണ്ട്.

ആദ്യ ദിനം 17 ഓവര്‍ പന്തെറിഞ്ഞ ആന്‍ഡേഴ്‌സണ്‍ 30 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടിയിരുന്നു. ഇന്ത്യക്കെതിരെ ആന്‍ഡേഴ്‌സണ്‍ സ്വന്തമാക്കുന്ന 140ാം വിക്കറ്റാണ് ഗില്ലിന്റേത്. മറ്റൊരു ബൗളര്‍ക്കും ഇന്ത്യക്കെതിരെ ഇത്രത്തോളം വിക്കറ്റ് നേടാന്‍ സാധിച്ചിട്ടില്ല. ഈ 140 വിക്കറ്റില്‍ 35ഉം ഇന്ത്യന്‍ മണ്ണില്‍ നിന്ന് തന്നെയാണ് ആന്‍ഡേഴ്‌സണ്‍ കൊയ്തത്.

700 വിക്കറ്റ് എന്ന കരിയര്‍ മൈല്‍ സ്‌റ്റോണിലേക്കാണ് ആന്‍ഡേഴ്‌സണ്‍ അതിവേഗം ഓടിയെത്തുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ പേസര്‍, ആദ്യ ഇംഗ്ലണ്ട് താരം, മൂന്നാമത് താരം എന്നിങ്ങനെ നിരവധി നേട്ടങ്ങളും 700ാം വിക്കറ്റില്‍ ഇതിഹാസ താരത്തെ കാത്തിരിപ്പുണ്ട്.

Content Highlight: India vs England: 2nd Test: James Anderson dismissed Shubman Gill for 5th time

Latest Stories

We use cookies to give you the best possible experience. Learn more