ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് വിശാഖപട്ടണത്തിലെ എ.സി.എ-വി.ഡി.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആരംഭിച്ചിരിക്കുകയാണ്. മത്സരത്തില്‍ ടോസ് ഭാഗ്യം തുണച്ച ഇന്ത്യന്‍ നായകന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
അനുഭവ സമ്പത്തിന്റെ അഭാവം ഇന്ത്യന്‍ നിരയില്‍ നിഴലിക്കുമ്പോള്‍ പരിചയ സമ്പന്നരായ താരങ്ങള്‍ക്കൊപ്പം യുവ താരങ്ങളും ഉള്‍പ്പെടുന്ന പെര്‍ഫെക്ട് ബ്ലെന്‍ഡാണ് ഇംഗ്ലണ്ടിന്റെ പ്ലെയിങ് ഇലവന്‍.
ഇതിഹാസ താരം ജെയിംസ് ആന്‍ഡേഴ്‌സണ്‍ തന്നെയാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. തന്റെ ടെസ്റ്റ് അരങ്ങേറ്റത്തിന് ശേഷം ജനിച്ചവര്‍ക്കൊപ്പം കളത്തിലിറങ്ങുന്ന ആന്‍ഡേഴ്‌സണ്‍ തന്റെ 184ാം മത്സരത്തിനാണ് ഇന്ത്യക്കെതിരെ ഇറങ്ങുന്നത്.
എന്നാല്‍ രണ്ടാം ടെസ്റ്റില്‍ കളത്തിലിറങ്ങിയപ്പോള്‍ തന്നെ ആന്‍ഡേഴ്‌സണിന്റെ പേരില്‍ ഒരു ഐതിഹാസിക നേട്ടം പിറന്നിരുന്നു. ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് മത്സരം കളിക്കുന്ന ഏറ്റവും പ്രായമേറിയ പേസര്‍ എന്ന നേട്ടമാണ് ആന്‍ഡേഴ്‌സണ്‍ തന്റെ പേരില്‍ കുറിച്ചത്. ഇന്ത്യന്‍ ഇതിഹാസം ലാല അമര്‍നഥിന്റെ റെക്കോഡാണ് ഇംഗ്ലണ്ടിന്റെ 41കാരന്‍ മറികടന്നത്.
ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് മത്സരം കളിക്കുന്ന പ്രായമേറിയ പേസര്‍മാര്‍
(താരം – ടീം – വയസ് – വര്‍ഷം എന്നീ ക്രമത്തില്‍)
ജെയിംസ് ആന്‍ഡേഴ്‌സണ്‍ – ഇംഗ്ലണ്ട് – 41 വയസും 187 ദിവസവും – 2024
ലാല അമര്‍നാഥ് – ഇന്ത്യ – 41 വയസും 92 ദിവസവും – 1952
റെയ് ലിന്‍ഡ്‌വാള്‍ – ഓസ്‌ട്രേലിയ – 38 വയസും 112 ദിവസവും – 1960
സാരോബിന്ദുനാഥ് ബാനര്‍ജി – ഇന്ത്യ – 37 വയസും 124 ദിവസവും – 1949
ഗുലാം ഗാര്‍ഡ് – ഇന്ത്യ – 34 വയസും 20 ദിവസവും – 1960
41ാം വയസില്‍ കളത്തിലിറങ്ങിയ ആന്‍ഡേഴ്‌സണ്‍ ആദ്യ ദിനം ലഞ്ചിന് പിരിയും മുമ്പ് തന്നെ വിക്കറ്റും നേടിയിരുന്നു. 46 പന്തില്‍ 34 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലിനെയാണ് താരം ആന്‍ഡേഴ്‌സണ്‍ മടക്കിയത്. കരിയറിലെ 691ാം വിക്കറ്റാണ് ആന്‍ഡേഴ്‌സണ്‍ വിശാഖപട്ടണത്തില്‍ സ്വന്തമാക്കിയത്.
അതേസമയം, ആദ്യ ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഇന്ത്യ നിലവില്‍ 45 ഓവര്‍ പിന്നിടുമ്പോള്‍ 155 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്. 45 പന്തില്‍ 21 റണ്‍സുമായി ശ്രേയസ് അയ്യരും 139 പന്തില്‍ 86 റണ്‍സുമായി യശസ്വി ജെയ്‌സ്വാളുമാണ് ക്രീസില്‍.
Content highlight: India vs England: 2nd Test: James Anderson becomes the oldest pacer to play a test match in India