ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ രണ്ടാം മത്സരം വിശാഖപട്ടണത്തില്‍ തുടരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയെ പുറത്താക്കി ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചിരിക്കുകയാണ്. രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 32 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്.
സൂപ്പര്‍ താരം യശസ്വി ജെയ്‌സ്വാളിന്റെ ഇരട്ട സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ 369 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ടോട്ടല്‍ പടുത്തുയര്‍ത്തിയത്. 290 പന്ത് നേരിട്ട് 19 ബൗണ്ടറിയും ഏഴ് സിക്‌സറും അടക്കം 209 റണ്‍സാണ് ജെയ്‌സ്വാള്‍ നേടിയത്.
ജെയ്‌സ്വാളിന്റെ മികച്ച ബാറ്റിങ് പ്രകടനത്തിന് കയ്യടി ഉയരുമ്പോഴും ഇംഗ്ലണ്ട് താരങ്ങളുടെ ബൗളിങ്ങിനും പ്രത്യേക അഭിനന്ദനങ്ങള്‍ ലഭിക്കുന്നുണ്ട്. എക്‌സ്ട്രാസ് ഇനത്തില്‍ റണ്‍സ് വഴങ്ങാതെ പന്തെറിഞ്ഞാണ് ഇംഗ്ലണ്ട് ബൗളര്‍മാര്‍ കയ്യടി നേടിയത്.
112 ഓവര്‍ (672 പന്തുകള്‍) എറിഞ്ഞപ്പോള്‍ എക്‌സ്ട്രാസ് ഇനത്തില്‍ വെറും രണ്ട് റണ്‍സ് മാത്രമാണ് ഇന്ത്യന്‍ ടോട്ടലില്‍ കയറിയത്. ഒരു നോ ബോളും ഒരു ലെഗ് ബൈ റണ്ണും മാത്രമാണ് എക്സ്ട്രാസ് ഇനത്തില്‍ ഇംഗ്ലണ്ട് വഴങ്ങിയത്.
രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ വെറും ഒരു റണ്‍സ് മാത്രമാണ് എക്സ്ട്രാസ് ഇനത്തില്‍ ഇന്ത്യയുടെ അക്കൗണ്ടിലെത്തിയത്. അതാകട്ടെ നോ ബോളിന്റെ രൂപത്തിലും. 93 ഓവര്‍ പന്തെറിഞ്ഞിട്ടും ഒരു വൈഡ് പോലും വഴങ്ങാതെയാണ് ഇംഗ്ലീഷ് ബൗളര്‍മാര്‍ ഇന്ത്യക്കെതിരെ ആക്രമണമഴിച്ചുവിട്ടത്.
ആദ്യ ദിവസത്തിന്റെ രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ എക്സ്ട്രാസ് ഇനത്തില്‍ ഒരു റണ്‍സ് പോലും ഇന്ത്യന്‍ അക്കൗണ്ടില്‍ പിറന്നിരുന്നില്ല. 67ാം ഓവറിന്റെ അഞ്ചാം പന്തിലാണ് ആദ്യ ദിവസത്തെ ഏക എക്സ്ട്രാ റണ്‍ പിറന്നത്.
ജെയിംസ് ആന്‍ഡേഴ്സണിലൂടെയാണ് ഇന്ത്യക്ക് എക്സ്ട്രാ റണ്‍ ലഭിച്ചത്. ഓവറിലെ അഞ്ചാം പന്തില്‍ നോ ബോള്‍ പിറന്നെങ്കിലും ഫ്രീ ഹീറ്റ് ഡെലിവെറിയില്‍ റണ്‍സ് വിട്ടുകൊടുക്കാതിരിക്കാന്‍ ആന്‍ഡേഴ്സണ്‍ ശ്രദ്ധിച്ചു.
ഇന്ത്യക്കെതിരെ 400 പന്തുകള്‍ എറിഞ്ഞ് തീര്‍ത്തതിന് ശേഷം മാത്രമാണ് എക്സ്ട്രാസ് ഇനത്തിലെ ഏക റണ്‍സ് ഇംഗ്ലണ്ട് വഴങ്ങിയത്.
ഈ പരമ്പരയില്‍ ഏറ്റവുമധികം മത്സരം കളിച്ചതിന്റെ അനുഭവ സമ്പത്തുള്ള ലെജന്‍ഡ് ജെയിംസ് ആന്‍ഡേഴ്‌സണ്‍ തന്നെയാണ് ഇന്ത്യന്‍ ബാറ്റര്‍മാരെ റണ്ണെടുക്കാന്‍ അനുവദിക്കാതെ തടഞ്ഞിട്ടത്. നാല് മെയ്ഡന്‍ അടക്കം 25 ഓവര്‍ പന്തെറിഞ്ഞ ജിമ്മി വെറും 47 റണ്‍സ് മാത്രമാണ് വഴങ്ങിയത്. 1.88 എന്ന മികച്ച എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.
റണ്‍സ് വഴങ്ങാന്‍ പിശുക്ക് കാണിച്ചെങ്കിലും വിക്കറ്റ് വീഴ്ത്തുന്നതില്‍ അതിന്റെ ലാഞ്ഛന പോലും ആന്‍ഡേഴ്‌സണുണ്ടായിരുന്നില്ല. ടച്ചില്‍ നിന്ന ശുഭ്മന്‍ ഗില്ലിനെ മടക്കിയാണ് താരം വിക്കറ്റ് വേട്ട ആരംഭിച്ചത്. ഗില്ലിനെ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിന്റെ കൈകളിലെത്തിച്ചാണ് ആന്‍ഡേഴ്‌സണ്‍ മടക്കിയത്.
ശേഷം ജെയ്‌സ്വാളിനൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ശ്രമിച്ച അശ്വിനെ പുറത്താക്കിയ ആന്‍ഡേഴ്‌സണ്‍ ഇന്ത്യയുടെ നെടുംതൂണായ ജെയ്‌സ്വാളിനെയും പുറത്താക്കി.
ടെസ്റ്റ് ഫോര്‍മാറ്റില്‍ ആന്‍ഡേഴ്‌സണിന്‍രെ 693ാം വിക്കറ്റായാണ് ജെയ്‌സ്വാള്‍ പുറത്തായത്.
ആന്‍ഡേഴ്‌സണിന് പുറമെ രെഹന്‍ അഹമ്മദും അരങ്ങേറ്റക്കാരന്‍ ഷോയ്ബ് ബഷീറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ടോം ഹാര്‍ട് ലിയാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്. ജോ റൂട്ടിന് വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല.
Content Highlight: India vs England: 2nd Test: England only concede 2 runs as extras