ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് വിജയം. വിശാഖപട്ടണത്തിലെ എ.സി.എ-വി.ഡി.സി.എ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 106 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഇന്ത്യ ഉയര്‍ത്തിയ 399 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 292 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
സ്‌കോര്‍
ഇന്ത്യ – 396 & 255
ഇംഗ്ലണ്ട് (T: 399) – 255 & 292
ആദ്യ ഇന്നിങ്‌സില്‍ 143 റണ്‍സിന്റെ ലീഡുമായി ഇറങ്ങിയ രണ്ടാം ഇന്നിങ്‌സില്‍ സമാന പ്രകടനം ആവര്‍ത്തിക്കാന്‍ സാധിച്ചില്ല. എന്നാല്‍ നിര്‍ണായക നിമിഷത്തില്‍ സെഞ്ച്വറി നേടിയ ഗില്‍ ടീമിന്റെ നെടുംതൂണായി. കഴിഞ്ഞ 12 ഇന്നിങ്‌സിലും പരാജയമായതിന്റെ പ്രായശ്ചിത്തമെന്നോണമായിരുന്നു ഗില്ലിന്റെ പ്രകടനം. 147 പന്തില്‍ 104 റണ്‍സാണ് ഗില്‍ നേടിയത്.
നാലാം ദിവസം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ കാത്തിരുന്നത് ഇന്ത്യയുടെ സ്പിന്‍ – പേസ് ഡുവോയായിരുന്നു. ഒരുവശത്ത് നിന്നും അശ്വിന്‍ ഇംഗ്ലണ്ട് ബാറ്റര്‍മാരെ കറക്കി വീഴ്ത്തിക്കൊണ്ടിരുന്നപ്പോള്‍ മറുവശത്ത് നിന്നും ബുംറ എതിരാളികളെ എറിഞ്ഞിട്ടുകൊണ്ടിരുന്നു. ഇരുവരും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി.
അപകടകാരികളായ ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്, ജോ റൂട്ട് എന്നിവരെ അശ്വിന്‍ മടക്കിയപ്പോള്‍ ജോണി ബെയര്‍സ്‌റ്റോ, ബെന്‍ ഫോക്‌സ്, ടോം ഹാര്‍ട്‌ലി എന്നിവരായിരുന്നു ബുംറയുടെ ഇരകള്‍.
കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, അക്‌സര്‍ പട്ടേല് എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
67ന് ഒന്ന് എന്ന നിലയില്‍ നാലാം ദിവസം ആരംഭിച്ച ഇംഗ്ലണ്ടിനെ നാലാം ദിവസം അവസാനിക്കും മുമ്പ് തന്നെ ഇന്ത്യ 292ന് പുറത്താക്കി.
ഇന്ത്യയുടെ ഈ വിജയം ടെസ്റ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയങ്ങളില്‍ ഒന്നായി അടയാളപ്പെടുത്തപ്പെടുമെന്നുറപ്പാണ്. രോഹിത് ശര്‍മയെയും അശ്വിനെയും ഒഴിച്ചുനിര്‍ത്തിയാല്‍ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഒട്ടും പരിചയസമ്പന്നരല്ലാത്ത താരങ്ങളുമായാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയത്. ഈ ടീമിനെ പല ഇന്ത്യന്‍ ആരാധകര്‍ പോലും തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ അസാധ്യമെന്നതിനെ സാധ്യമാക്കിയാണ് ഇന്ത്യ വിശാഖപട്ടണത്തില്‍ വിജയിച്ചുകയറിയത്.
രണ്ടാം ടെസ്റ്റിലെ വിജയത്തിന് പിന്നാലെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 1-1ന് ഒപ്പമെത്താനും ഇന്ത്യക്കായി.
ഫെബ്രുവരി 15നാണ് പരമ്പരയിലെ മൂന്നാം മത്സരം. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേന്‍ സ്‌റ്റേഡിയമാണ് വേദി.
Content highlight: India vs England: 2nd Innings: India defeated England