ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റില്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നല്‍കേണ്ടിയിരുന്നത് രോഹിത് ശര്‍മ്മയ്ക്കായിരുന്നെന്ന് മുന്‍താരം പ്രഗ്യാന്‍ ഓജ. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ ഒന്നാം ഇന്നിംഗ്‌സില്‍ രോഹിത് നേടിയ 161 റണ്‍സാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് നട്ടെല്ലായതെന്ന് ഓജ പറഞ്ഞു.
‘അശ്വിന്റെ സെഞ്ച്വറി അവിസ്മരണീയമാണ് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ രോഹിതിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് ഒന്നാം ഇന്നിംഗ്‌സ് നിര്‍ണായകമായ ലീഡ് നേടിക്കൊടുത്തത്’, ഓജ പറഞ്ഞു.
രണ്ടാം ഇന്നിംഗ്‌സ് എന്നത് ചിത്രത്തിലേ ഇല്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അശ്വിന്‍ രണ്ടാം ടെസ്റ്റില്‍ സെഞ്ച്വറിയും എട്ട് വിക്കറ്റും നേടിയിരുന്നു.
482 റണ്‍സിന്റെ അതീവ ദുഷ്‌കരമായ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ഇംഗ്ലിഷ് പടയെ 164 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ, 317 റണ്‍സിന്റെ തകര്‍പ്പന്‍ വിജയത്തോടെയാണ് നാലു ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ സന്ദര്‍ശകര്‍ക്ക് ഒപ്പമെത്തിയത്.
രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന് നഷ്ടമായ 10 വിക്കറ്റുകളും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ പങ്കിട്ടു. 21 ഓവറില്‍ 60 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് പിഴുത അക്‌സര്‍ പട്ടേലിന്റെ നേതൃത്വത്തിലാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. രണ്ട് ഇന്നിംഗ്‌സിലുമായി പട്ടേല്‍ ഏഴു വിക്കറ്റെടുത്തു.
ഒന്നാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റെടുത്ത അശ്വിന്‍, ഇത്തവണ 18 ഓവറില്‍ 53 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവ് 6.2 ഓവറില്‍ 25 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.
അവസാന നിമിഷങ്ങളില്‍ ആളിക്കത്തിയ മോയിന്‍ അലി 18 പന്തില്‍ മൂന്നു ഫോറും അഞ്ച് സിക്‌സും സഹിതം 43 റണ്‍സെടുത്ത് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോററായി. 92 പന്തുകള്‍ നേരിട്ട ക്യാപ്റ്റന്‍ ജോ റൂട്ട്, മൂന്നു ഫോറുകള്‍ സഹിതം 33 റണ്‍സെടുത്തു.
റണ്‍ അടിസ്ഥാനത്തില്‍ ഏഷ്യന്‍ മണ്ണില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ തോല്‍വിയാണിത്. 2016-17ല്‍ ഇന്ത്യയ്ക്കെതിരെ വിശാഖപട്ടണത്ത് 246 റണ്‍സിന് തോറ്റതായിരുന്നു ഇതിനു മുന്‍പത്തെ വലിയ തോല്‍വി. ഇംഗ്ലണ്ടിനെതിരെ റണ്‍ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. 1986ല്‍ ലീഡ്‌സില്‍ നേടിയ 279 റണ്‍സ് വിജയമാണ് ഇന്ത്യ മറികടന്നത്.
പരമ്പരയിലെ മൂന്നാം ടെസ്റ്റ് ഫെബ്രുവരി 24 മുതല്‍ അഹമ്മദാബാദ് സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ നടക്കും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക