നിറഞ്ഞാടി രോഹിത്തും കോഹ്‌ലിയും; ആദ്യ ഏകദിനം ഇന്ത്യയ്ക്ക്
Cricket
നിറഞ്ഞാടി രോഹിത്തും കോഹ്‌ലിയും; ആദ്യ ഏകദിനം ഇന്ത്യയ്ക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 12th July 2018, 11:39 pm

നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. 269 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യ പത്ത് ഒാവര്‍ ബാക്കി നില്‍ക്കെ 2 വിക്കറ്റ് നഷ്ടത്തില്‍  ലക്ഷ്യം മറികടക്കുകയായിരുന്നു

ഇംഗ്ലണ്ട് ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചു പറത്തിയ രോഹിത്തിന്‍റെയും ക്യാപ്റ്റന്‍ കോഹ് ലിയുടെയും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്‍റെ കരുത്തിലാണ് ഇന്ത്യന്‍ ജയം. രോഹിത് ശര്‍മ്മ 115 പന്തില്‍ 136 റണ്‍സും കോഹ്‌ലി 82 പന്തില്‍ 75 റണ്‍സുമെടുത്തു.

27 ബോളില്‍ നിന്ന് 40 റണ്‍സെടുത്ത ശിഖര്‍ ധവാനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ ജേസണ്‍ റോയും ജോണി ബയര്‍സ്റ്റോവും ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയ ഇംഗ്ലണ്ടിന് ചൈനമന്‍ സ്പിന്നറായ കുല്‍ദീപ് യാദവ് അന്തകനാവുകയായിരുന്നു. പത്ത് ഓവറില്‍ 25 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റ് നേടിയ കുല്‍ദീപാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറില്‍ നിന്നും തടയിട്ട് നിര്‍ത്തിയത്.

51 പന്തില്‍ 53 റണ്‍സ് എടുത്ത ജോസ് ബട്ലറും 103 പന്തില്‍ 50 റണ്‍സെടുത്ത ബെന്‍സ്റ്റോക്സുമാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്.

മൂന്നു ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. നേരത്തെ ടിട്വന്റി പരമ്പര 2-1നായിരുന്നു ഇന്ത്യ വിജയിച്ചത്. ആദ്യ ടിട്വന്റിയില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടാം ടി ട്വിന്റി ഇംഗ്ലണ്ട് നേടി. മൂന്നാം ടിട്വന്റി രോഹിത് ശര്‍മ്മയുടെ സെഞ്ചുറിയിലൂടെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ നേടിയത്.

നിലവില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്ന ഇംഗ്ലണ്ടും തൊട്ടുതാഴെയുള്ള ഇന്ത്യയും തമ്മില്‍ നാലു പോയിന്റിന്റെ വ്യത്യാസം മാത്രമേയുള്ളൂ. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര തൂത്തുവാരാനായാല്‍ ഇംഗ്ലണ്ടിനെ പിന്തള്ളി ഇന്ത്യക്കു ഒന്നാംറാങ്കിലെത്താം.