| Tuesday, 28th May 2019, 7:44 pm

ധോണിയ്ക്കും രാഹുലിനും സെഞ്ച്വറി; ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍

സ്പോര്‍ട്സ് ഡെസ്‌ക്

സോഫിയ ഗാര്‍ഡന്‍:ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് കെ.എല്‍ രാഹുലിന്റേയും മഹേന്ദ്രസിംഗ് ധോണിയുടെയും സെഞ്ച്വറി നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 359 റണ്‍സ് നേടി.

ഓപ്പണര്‍മാര്‍ നേരത്തെ പുറത്തായ ഇന്ത്യയെ ധോണിയും രാഹുലും കോഹ്‌ലിയുമാണ് തുണച്ചത്. രാഹുല്‍ 108 റണ്‍സും ധോണി 113 റണ്‍സുമെടുത്തു.

ആദ്യ രണ്ട് വിക്കറ്റ് തുടക്കത്തിലെ നഷ്ടപ്പെട്ട് തകര്‍ച്ച നേരിട്ട ഇന്ത്യയെ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കോഹ്‌ലി-രാഹുല്‍ സഖ്യമാണ് മുന്നോട്ടുനയിച്ചത്. 47 റണ്‍സെടുത്ത് പുറത്തായ കോഹ്‌ലി പുറത്തായശേഷം ക്രീസിലെത്തിയ വിജയ് ശങ്കര്‍ രണ്ട് റണ്‍സെടുത്ത് മടങ്ങി. പിന്നാലെയെത്തിയ ധോണി ആക്രമോത്സുക ബാറ്റിംഗാണ് പുറത്തെടുത്തത്.

രാഹുലിനൊപ്പം ടീം സ്‌കോര്‍ ഉയര്‍ത്തിയ ധോണിയുടെ ബാറ്റില്‍ നിന്ന് എട്ട് ഫോറും ഏഴ് സിക്‌സും പിറന്നു. 78 പന്തില്‍ 113 റണ്‍സെടുത്ത ധോണി അവസാന ഓവറിലാണ് പുറത്തായത്. പാണ്ഡ്യ 11 പന്തില്‍ 21 റണ്‍സെടുത്തു.

ബംഗ്ലാദേശിനായി റൂബല്‍ ഹുസൈനും ഷാകിബ് അല്‍ ഹസനും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. നേരത്തെ ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യ ന്യൂസിലാന്റിനോട് പരാജയപ്പെട്ടിരുന്നു.

പാക്കിസ്ഥാനെതിരായ ബംഗ്ലാദേശിന്റെ ആദ്യ മത്സരം മഴ മൂലം പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more