ബുംറയുടെ പ്രഹരത്തില്‍ തകര്‍ന്ന് ബംഗ്ലാദേശ്; ഇന്ത്യ സെമിയില്‍
World Cup Cricket
ബുംറയുടെ പ്രഹരത്തില്‍ തകര്‍ന്ന് ബംഗ്ലാദേശ്; ഇന്ത്യ സെമിയില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 2nd July 2019, 11:21 pm

എഡ്ജ്ബാസ്റ്റണ്‍: ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെ 28 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സെമിയില്‍. എട്ടു മത്സരങ്ങളില്‍ നിന്ന് 13 പോയന്റോടെയാണ് ഇന്ത്യയുടെ സെമി പ്രവേശനം.

ഇന്ത്യ ഉയര്‍ത്തിയ 315 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 48 ഓവറില്‍ 286 റണ്‍സിന് ഓള്‍ഔട്ടായി. അവസാന പകുതിയില്‍ ഇന്ത്യയെ വിറപ്പിച്ച പോരാട്ടം കാഴ്ചവെച്ചാണ് ബംഗ്ലാദേശ് മടങ്ങിയത്.

അര്‍ധ സെഞ്ചുറി നേടിയ ഷാക്കിബ് അല്‍ ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. മുഹമ്മദ് സൈഫുദ്ദീന്‍ 51 റണ്‍സുമായി പുറത്താകാതെ നിന്നു. ഏഴാം വിക്കറ്റില്‍ 66 റണ്‍സ് ചേര്‍ത്ത സാബിര്‍ റഹ്മാന്‍-മുഹമ്മദ് സൈഫുദ്ദീന്‍ കൂട്ടുകെട്ട് ഇന്ത്യയെ ഞെട്ടിച്ചെങ്കിലും സാബിറിനെ പുറത്താക്കി ബുംറ ഈ കൂട്ടുകെട്ട് പൊളിച്ചു.

ഹാര്‍ദിക് പാണ്ഡ്യ 10 ഓവറില്‍ 60 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ബുംറ നാലു വിക്കറ്റും നേടി.

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സെടുത്തിരുന്നു. ഓപ്പണര്‍മാരായ രാഹുലും രോഹിതും മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചെതെങ്കിലും മധ്യനിരയ്ക്ക് കാര്യമായി പിടിച്ചു നില്‍ക്കാനായില്ല. ഇതാണ് 350 കടക്കേണ്ട സ്‌കോര്‍ 315ല്‍ ഒതുങ്ങിയത്.

ഒന്നാം വിക്കറ്റില്‍ 180 റണ്‍സാണ് രോഹിതും രാഹുലും നേടിയത്. 104 റണ്‍സാണ് രോഹിത് നേടിയത്. രാഹുല്‍ 77 റണ്‍സെടുത്തു.

അവസാന ഓവറുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മുസ്തഫിസുര്‍ റഹ്മാനാണ് മത്സരം ഇന്ത്യയില്‍ നിന്നും തിരിച്ചു പിടിച്ചത്. മുസ്തഫിസുര്‍ അഞ്ചു വിക്കറ്റ് നേടി. കോഹ്ലിയെയും (26) പാണ്ഡ്യയെയും (0) ഒരേ ഓവറില്‍ മടക്കിയ മുസ്തഫിസുര്‍ പിന്നീട് ധോണിയെയും (35) ദിനേശ് കാര്‍ത്തിക്കിനെയും (8) ഷമിയെയും (1) അവസാന ഓവറുകളില്‍ പിടിച്ചു.