| Thursday, 19th October 2023, 6:29 pm

യോര്‍ക്കര്‍ കിങ് വീണ്ടും എറിഞ്ഞിട്ടു; വിജയിക്കാന്‍ ഇന്ത്യക്ക് വേണ്ടത് ഇത്രമാത്രം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ലോകകപ്പിലെ 17ാം മത്സരത്തില്‍ ഇന്ത്യക്കെതിരെ വിജയലക്ഷ്യം കുറിച്ച് ബംഗ്ലാദേശ്. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 256 റണ്‍സാണ് ബംഗ്ലാ കടുവകള്‍ നേടിയത്.

ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്റെ അഭാവത്തില്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയാണ് ടീമിനെ നയിച്ചത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത് ബംഗ്ലാദേശിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ആദ്യ വിക്കറ്റില്‍ 93 റണ്‍സാണ് ലിട്ടണ്‍ ദാസും തന്‍സിദ് ഹസനും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

15ാം ഓവറിലെ നാലാം പന്തില്‍ തന്‍സിദ് ഹസനെ പുറത്താക്കി കുല്‍ദീപ് യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്. 43 പന്തില്‍ 51 റണ്‍സാണ് പുറത്താകുമ്പോള്‍ ഹസന്റെ പേരിലുണ്ടായിരുന്നത്.

ക്യാപ്റ്റന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയെയും മെഹ്ദി ഹസനെയും ബംഗ്ലാദേശിന് പെട്ടെന്ന് നഷ്ടമായിരുന്നു. ടീം സ്‌കോര്‍ 137ല്‍ നില്‍ക്കവെ നാലാം വിക്കറ്റായി ലിട്ടണ്‍ ദാസും പുറത്തായതോടെ ബംഗ്ലാദേശ് പരുങ്ങലിലായി. 82 പന്തില്‍ 66 റണ്‍സാണ് ലിട്ടണ്‍ ദാസ് നേടിയത്.

മിഡില്‍ ഓര്‍ഡറില്‍ സൂപ്പര്‍ താരം മുഷ്ഫിഖര്‍ റഹീമും മഹ്മുദുള്ളയും ചേര്‍ന്നാണ് ബംഗ്ലാദേശിനെ താങ്ങി നിര്‍ത്തിയത്. റഹീം 46 പന്തില്‍ 38 റണ്‍സ് നേടിയപ്പോള്‍ 36 പന്തില്‍ 46 റണ്‍സായിരുന്നു മഹ്മദുള്ളയുടെ സമ്പാദ്യം.

അവസാന ഓവറിലെ രണ്ടാം പന്തില്‍ ജസ്പ്രീത് ബുംറയുടെ യോര്‍ക്കറിന് മറുപടിയില്ലാതെ ക്ലീന്‍ ബൗള്‍ഡായാണ് മഹ്മദുള്ള പുറത്തായത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 256 എന്ന നിലയില്‍ ബംഗ്ലാദേശ് ഇന്നിങ്‌സ് അവസാനിപ്പിച്ചു.

ഇന്ത്യക്കായി രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ കുല്‍ദീപ് യാദവും ഷര്‍ദുല്‍ താക്കൂറുമാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

കളിച്ച മൂന്ന് മത്സരത്തിലും വിജയിച്ച് ആറ് പോയിന്റുമായി ഇന്ത്യ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. നാല് മത്സരത്തില്‍ നിന്നും എട്ട് പോയിന്റുമായി ന്യൂസിലാന്‍ഡാണ് ഒന്നാം സ്ഥാനത്തുള്ളത്.

ഈ മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താം. അട്ടിമറി വിജയങ്ങള്‍ കണ്ട ലോകകപ്പില്‍ മറ്റൊരു അട്ടിമറി വിജയത്തിന് ബംഗ്ലാദേശ് കെണിയൊരുക്കുമ്പോള്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനമായിരിക്കും ഇന്ത്യ ലക്ഷ്യമിടുന്നത്.

Content highlight: India vs Bangladesh, Bangladesh scored 256 runs in 1st innings

We use cookies to give you the best possible experience. Learn more