| Monday, 4th November 2019, 11:06 pm

'പൊടിയില്‍ നിന്ന് കാറ്റിലേക്ക്'; ദല്‍ഹിയില്‍ നിന്ന് രാജ്‌കോട്ടിലെത്തുമ്പോള്‍ ബംഗ്ലാദേശ്, ഇന്ത്യന്‍ ടീമുകള്‍ക്കു നേരിടാനുള്ളതു ചുഴലിക്കാറ്റിനെ

സ്പോര്‍ട്സ് ഡെസ്‌ക്

രാജ്‌കോട്ട്: ഇന്ത്യയില്‍ പര്യടനത്തിനെത്തും മുന്‍പേ ബംഗ്ലാദേശ് ടീമിനു തിരിച്ചടികള്‍ തുടങ്ങിയിരുന്നു. ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന് ഐ.സി.സി രണ്ടുവര്‍ഷം വിലക്കേര്‍പ്പെടുത്തിയത് അതിന്റെ ആദ്യപടിയാണ്. പിന്നീട് ദല്‍ഹിയിലെത്തിയപ്പോള്‍ പൊടിശല്യവും. വായുമലിനീകരണത്തില്‍ നിന്നും വിജയം കണ്ടെത്തിയ ബംഗ്ലാ കടുവകള്‍ ഇനി നേരിടേണ്ടത് ചുഴലിക്കാറ്റിനെയാണ്.

ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി20 മത്സരം നടക്കുന്ന രാജ്‌കോട്ടിലേക്കാണ് മഹാ ചുഴലിക്കാറ്റിന്റെ വരവെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നത്. നവംബര്‍ ആറിനു ചുഴലിക്കാറ്റെത്തുമ്പോള്‍, അതിനു തൊട്ടടുത്ത ദിവസമാണ് മത്സരത്തിന് അവര്‍ക്കിറങ്ങേണ്ടത്.

ഗുജറാത്തിനും ദ്വാരകയ്ക്കും ദിയുവിനും ഇടയില്‍ ആറാം തീയതിയാണ് ചുഴലിക്കാറ്റ് എത്തിച്ചേരുകയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അഹമ്മദാബാദ് കേന്ദ്രം പറഞ്ഞു. അതിന് ആറുമണിക്കൂറിനു ശേഷം ശക്തമായ കാറ്റ് ഇവിടെ വീശാന്‍ ഇടയുണ്ടെന്നാണ് അവര്‍ പറയുന്നത്.

ഇങ്ങനെ സംഭവിച്ചാല്‍ മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചേക്കും. അങ്ങനെ വന്നാല്‍ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ അപരാജിത ലീഡ് നേടാന്‍ ആദ്യ മത്സരം ജയിച്ച ബംഗ്ലാദേശിനു സാധിക്കും. നാഗ്പുരില്‍ നവംബര്‍ 10-നു നടക്കുന്ന മൂന്നാം മത്സരം ഇന്ത്യ ജയിച്ചാല്‍പ്പോലും പരമ്പര സമനിലയിലാക്കാനേ കഴിയൂ.

ദിയുവിന്റെ തെക്കു പടിഞ്ഞാറന്‍ ഭാഗത്ത് 580 കിലോമീറ്റര്‍ വേഗത്തിലും വെരാവലിന്റെ തെക്കു പടിഞ്ഞാറന്‍ ഭാഗത്ത് 550 കിലോമീറ്റര്‍ വേഗതയിലുമാണ് കാറ്റ് വീശുകയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഡയറക്ടര്‍ ജയന്ത സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോടു പറഞ്ഞു.

പ്രതീകാത്മക ചിത്രത്തിനു കടപ്പാട്: ഗെറ്റി ഇമേജസ്‌

We use cookies to give you the best possible experience. Learn more