ദുബായ്: എ.എഫ്.സി. ഏഷ്യാ കപ്പിലെ ഇന്ത്യ- ബഹ്‌റൈന്‍ മത്സരം ആദ്യ പകുതി ഗോള്‍ രഹിതമായി പിരിഞ്ഞു. ഗ്രൂപ്പ് ഘട്ടത്തില്‍ അവസാന മത്സരത്തിന്റെ ആദ്യ പകുതിയില്‍ ശക്തമായ പോരാട്ടമാണ് ഇരുടീമുകളും കാഴ്ചവെച്ചത്. കളിയുടെ ആദ്യ മിനിറ്റില്‍തന്നെ അനസ് എടത്തൊടിക പിന്മാറിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. അനസിന് പകരം ഈസ്റ്റ് ബംഗാളിന്റെ യുവതാരം സലാം രഞ്ജനാണ് പ്രതിരോധക്കോട്ട കാക്കാന്‍ ഇറങ്ങിയത്.
ആദ്യ പകുതിയില്‍ ബഹ്‌റൈനിന്റെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അവസരം മുതലാക്കാനായില്ല.12-ാം മിനിറ്റില്‍ ഇന്ത്യയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും ഗോള്‍ അകന്നുനിന്നു. പ്രീതം കോട്ടല്‍ നല്‍കിയ ഹെഡര്‍ ചാന്‍സ് മുതലാക്കാന്‍ ആഷിക്കിനായില്ല.
അനസ് മടങ്ങിയെങ്കിലും രഞ്ജനൊപ്പം മികച്ച പ്രതിരോധമാണ് ജിങ്കാന്‍ പുറത്തെടുത്തത്. ഗ്യാലറിയില്‍ ഒത്തുകൂടിയ ആരാധകരെ ആവേശമാക്കുന്ന മുന്നേറ്റങ്ങള്‍ കുറവായിരുന്നുവെങ്കിലും രണ്ടാം പകുതിയില്‍ ടീം തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
മറുവശത്ത് യു.എ.ഇ തായ്‌ലന്‍ഡ് മത്സരം ആദ്യ പകുതി സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോള്‍ വീതമാണ് നേടിയത്. കളിയുടെ ആദ്യ പത്തുമിനിറ്റില്‍ യു.എ.ഇ മുന്നിലെത്തിയെങ്കിലും ആദ്യ പകുതിയുടെ അവസാന മിനറ്റില്‍ തിരിച്ചടിച്ച് തായ്‌ലന്‍ഡ് ഒപ്പമെത്തുകയായിരുന്നു.