|

ഇന്ത്യയെ പിന്തുണയ്ക്കുന്നു, അവര്‍ ഫൈനല്‍ കളിക്കും, പക്ഷേ... ഹൃദയഭേദകമായ പ്രസ്താവനയുമായി റിക്കി പോണ്ടിങ്

സ്പോര്‍ട്സ് ഡെസ്‌ക്

ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിനെ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നോക്കിക്കാണുന്നത്. കഴിഞ്ഞ വര്‍ഷം തങ്ങളുടെ മുഖത്തേറ്റ അടിക്ക് പകരം ചോദിക്കാനും ഐ.സി.സി ടൂര്‍ണമെന്റില്‍ ആദ്യമായി പാകിസ്ഥാനോട് പരാജയപ്പെട്ടതിന്റെ കളങ്കം തീര്‍ക്കാനുമാവും രോഹിത്തും പിള്ളേരും ഇത്തവണ ഓസ്‌ട്രേലിയയിലേക്ക് വിമാനം കയറുന്നത്.

മികച്ച ടീമിനെ തന്നെ അണിനിരത്തി ടി-20 കിരീടം ഒരിക്കല്‍ക്കൂടി ഇന്ത്യയിലേക്ക് തിരികെയെത്തിക്കാനാണ് ബി.സി.സി.ഐയുടെ ശ്രമം. അതിനായി ശക്തമായ ഒരു സ്‌ക്വാഡിനെ തന്നെ തെരഞ്ഞെടുത്തയക്കാനാവും ഇന്ത്യ ഒരുങ്ങുന്നത്.

ഒരേ സമയം, ടീമിന്റെ പോസിറ്റീവും നെഗറ്റീവുമായ താരസമ്പന്നത തന്നെയാണ് ബി.സി.സി.ഐയെ കുഴക്കുന്നത്. ആരെ കൊള്ളണമെന്നും ആരെ തള്ളണമെന്നും സെലക്ടര്‍മാര്‍ പലകുറി ആലോചിക്കേണ്ടി വരും.

ഇത്തരത്തിലുള്ള കണക്കുകൂട്ടലുകളുമായി ഇന്ത്യന്‍ ടീം മുന്നോട്ട് പോവുന്നതിനിടെ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസീസ് നായകനും മള്‍ട്ടിപ്പിള്‍ ടൈം വേള്‍ഡ് കപ്പ് വിന്നറുമായ റിക്കി പോണ്ടിങ്.

വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ഇന്ത്യ ഫൈനല്‍ കളിക്കുമെന്നും എന്നാല്‍ ജയിക്കാന്‍ പോകുന്നത് മറ്റൊരു ടീമായിരിക്കുമെന്നുമാണ് പോണ്ടിങ് പറയുന്നത്.

നിലവിലെ ചാവമ്പ്യന്‍മാരായ ഓസ്‌ട്രേലിയയും ഇന്ത്യയും ആയിരിക്കും ഫൈനലിലെത്താന്‍ പോകുന്നതും, ഓസീസ് ലോകകപ്പ് നിലനിര്‍ത്തുമെന്നുമാണ് താരത്തിന്റെ പ്രവചനം.

‘ഇന്ത്യയും ഓസ്‌ട്രേലിയയും ഫൈനല്‍ കളിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ആരോണ്‍ ഫിഞ്ച് നയിക്കുന്ന ടീമിനെയാണ് ഞാന്‍ പിന്തുണയ്ക്കുന്നത്. അവര്‍ ഇന്ത്യയെ തോല്‍പ്പിക്കുകയും രണ്ടാം കിരീടം സ്വന്തമാക്കുകയും ചെയ്യും,’ പോണ്ടിങ് പറയുന്നു.

യു.എ.ഇയില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ ഓസീസ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും ഇത്തവണ ഹോം അഡ്വാന്റേജ് ടീമിനുണ്ടാകുമെന്നും പോണ്ടിങ് പറയുന്നു.

‘നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ ഇത്തവണ സ്വന്തം മണ്ണിലാണ് കളിക്കുന്നത്. അവര്‍ മികച്ച പ്രകടനം തന്നെയായിരുന്നു യു.എ.ഇയില്‍ കാഴ്ചവെച്ചത്. അതേ മാസ്മരിക പ്രകടനം ആവര്‍ത്തിക്കുമെന്നുതന്നെയാണ് ഞാന്‍ കണക്കുകൂട്ടുന്നത്,’ മുന്‍ ഓസീസ് നായകന്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഗ്രൂപ്പ് ഒന്നില്‍ ചിരവൈരികളായ ഇംഗ്ലണ്ടിനൊപ്പമാണ് ഓസ്‌ട്രേലിയയെങ്കില്‍ ആര്‍ച്ച് റൈവല്‍സായ പാകിസ്ഥാനൊപ്പം ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യ. ഒക്ടോബര്‍ 23നാണ് ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്ഥാനാണ് എതിരാളികള്‍. ഇതോടെ കഴിഞ്ഞ സീസണിന്റെ റീ മാച്ചിന് കൂടിയാണ് കളമൊരുങ്ങുന്നത്.

ആകെ 12 ടീമുകളാണ് ഇത്തവണ ലോകകപ്പിനെത്തുന്നത്. ആറ് ടീമുകളടങ്ങിയ രണ്ട് ഗ്രൂപ്പായിട്ടാണ് മത്സരം.

നിലവില്‍ രണ്ട് ഗ്രൂപ്പിലുമായി എട്ട് ടീമുകളാണ് നിലവില്‍ ലോകകപ്പ് കളിക്കാന്‍ യോഗ്യത നേടിയിരിക്കുന്നത്. ഇവര്‍ക്ക് പുറമെ ആദ്യ റൗണ്ടിലെ എട്ട് ടീമില്‍ നിന്നും നാല് ടീം കൂടി സൂപ്പര്‍ 12ല്‍ മാറ്റുരയ്ക്കും.

ഗ്രൂപ്പ് എ

ശ്രീലങ്ക
നമീബിയ
യു.എ.ഇ
നെതര്‍ലന്‍ഡ്സ്

ഗ്രൂപ്പ് ബി

വെസ്റ്റ് ഇന്‍ഡീസ്
സ്‌കോട്ലാന്‍ഡ്
അയര്‍ലന്‍ഡ്
സിംബാബ്‌വേ

സൂപ്പര്‍ 12

ഗ്രൂപ്പ് 1

ഓസ്ട്രേലിയ
ഇംഗ്ലണ്ട്
ന്യൂസിലാന്‍ഡ്
അഫ്ഗാനിസ്ഥാന്‍
ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാര്‍
ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാര്‍

ഗ്രൂപ്പ് 2

ഇന്ത്യ
പാകിസ്ഥാന്‍
സൗത്ത് ആഫ്രിക്ക
ബംഗ്ലാദേശ്
ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാര്‍
ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാര്‍

Content Highlight: India vs Australia to play T20 final, Australia to retain title: Ricky Ponting

Latest Stories