Sports News
ജഡേജ ഇന്‍ അശ്വിന്‍ ഔട്ട്; ഇന്ത്യന്‍ ഇലവനില്‍ ട്വിസ്റ്റ്, ഗാബയില്‍ വില്ലനായി മഴയും!
സ്പോര്‍ട്സ് ഡെസ്‌ക്
2024 Dec 14, 04:01 am
Saturday, 14th December 2024, 9:31 am

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് ബ്രിസ്‌ബേനിലെ ഗാബയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എന്നാല്‍ 13.2 ഓവര്‍ പിന്നിട്ട് ഓസീസ് 28 റണ്‍സ് എന്ന നിലയില്‍ ആയപ്പോള്‍ മഴ വില്ലനായി എത്തുകയായിരുന്നു. നേരത്തെ കാലാവസ്ഥ പ്രവചനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഗാബയില്‍ രസം കൊല്ലിയായി മാറിയിരിക്കുകയാണ് മഴ.

ആദ്യം ബാറ്റ് ചെയ്ത ഓസീസിന് മഴ ഒരു തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. മികച്ച തുടക്കമായിരുന്നെങ്കിലും മഴ പെയ്തതോടെ പിച്ച് ഇനി ബൗളര്‍മാരെ പിന്തുണയ്ക്കാനാണ് സാധ്യത. ഈ അവസരം മുതലെടുക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചാല്‍ ഓസീസിനെ പെട്ടന്ന് തളയ്ക്കാന്‍ സാധിക്കും.

കങ്കാരുക്കള്‍ക്ക് വേണ്ടി ഓപ്പണ്‍ ചെയ്തത് ഉസ്മാന്‍ ഖവാജയും നഥാന്‍ മക്‌സ്വീനിയുമാണ്. ഉസ്മാന്‍ 47 പന്തില്‍ നിന്ന് മൂന്ന് ഫോര്‍ അടക്കം 19* റണ്‍സ് നേടിയപ്പോള്‍ നഥാന്‍ 33 പന്തില്‍ നാല് റണ്‍സ് നേടി മിന്നും ഡിഫന്റാണ് കാഴ്ചവെക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി ബൗളിങ്ങിനെത്തിയത് ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ആകാശ് ദീപുമാണ്.

മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ഇലവനില്‍ മൂന്ന് പ്രധാന മാറ്റങ്ങളാണ് വരുത്തിയത്. ഓള്‍ റൗണ്ടര്‍ അശ്വിനെ പുറത്തിരുത്തി രവീന്ദ്ര ജഡേജയ്ക്ക് അവസരം നല്‍കിയിരിക്കുകയാണ്. മാത്രമല്ല പേസര്‍ ഹര്‍ഷിത് റാണയ്ക്ക് പകരം ആകാശ് ദീപിനെയും ഇന്ത്യ ഇലവനില്‍ ഉള്‍പ്പെടുത്തി.

ഇന്ത്യന്‍ ഇലവനില്‍ ഏവരും പ്രതീക്ഷിച്ച മറ്റൊരു മാറ്റമാണ് രോഹിത് ശര്‍മയുടേയും കെ.എല്‍. രാഹുലിന്റെയും സ്ലോട്ടുകള്‍, രോഹിത്തിന്റെ ഓപ്പണിങ് സ്ലോട്ടില്‍ കെ.എല്‍. രാഹുല്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ആദ്യ ടെസ്റ്റില്‍ മാറിനിന്ന രോഹിത് രണ്ടാം ടെസ്റ്റില്‍ മിഡില്‍ ഓര്‍ഡറില്‍ ഫോം ഔട്ട് ആണെന്നത് ഇന്ത്യയെ ആശങ്കപ്പെടുത്തിയപ്പേള്‍ ഓപ്പണിങ് ജോഡികളുടെ കാര്യം ഇന്ത്യ എങ്ങനെ പരിഹരിക്കുമെന്നായിരുന്നു ആരാധകര്‍ ഉറ്റുനോക്കിയത്. ഇപ്പോള്‍ രാഹുലും ജെയ്‌സ്വാളും തന്നെയാണ് ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണ്‍ ചെയ്യാന്‍ പോകുന്നത്.

 

Content Highlight: India VS Australia Third Test Update