|

പെര്‍ത്തില്‍ മായാജാലം; ജെയ്‌സ്വാളും രാഹുലും മികച്ച ഫോമില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് തെരഞ്ഞെടുക്കുകയും തുടര്‍ന്ന് 150 റണ്‍സിന് പെര്‍ത്തില്‍ ഓള്‍ ഔട്ട് ആവുകയുമായിരുന്നു.

ശേഷം തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിനെ 104 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ട് ചെയ്ത് വമ്പന്‍ തിരിച്ചുവരവ് നടത്തുകയും ചെയ്തു. നിലവില്‍ മത്സരത്തിലെ രണ്ടാം ദിനം പുരോഗമിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യ മികച്ച ലീഡിലേക്കാണ് നീങ്ങുന്നത്.

26 ഓവറുകള്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 84 റണ്‍സ് എന്ന നിലയിലാണ് ഇപ്പോള്‍ ഇന്ത്യ. ടീമിന് വേണ്ടി ഓപ്പണര്‍മാരായ യശസ്വി ജെയ്‌സ്വാളും കെ.എല്‍. രാഹുലും മികച്ച ഇന്നിങ്‌സാണ് കളിക്കുന്നത്. 101 പന്തില്‍ അഞ്ച് ഫോര്‍ അടക്കം 42 റണ്‍സാണ് ജെയ്‌സ്വാള്‍ നേടിയത്. രാഹുല്‍ 78 പന്തില്‍ മൂന്ന് ഫോര്‍ അടക്കം 36 റണ്‍സും നേടിയിരിക്കുകയാണ്.

ഇതോടെ 133 റണ്‍സിന്റെ ലീഡും ഇന്ത്യ നേടിയിരിക്കുകയാണ്. ബാറ്റര്‍മാരെ വാഴിക്കാത്ത പെര്‍ത്തില്‍ ഇരുവരും 50+ റണ്‍സാണ് പാര്‍ട്ണര്‍ഷിപ്പ് നേടിയിരിക്കുകയാണ്. പേസിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ ഓസീസിന്റെ മികച്ച ബൗളര്‍മാരെ നോക്കുകുത്തിയാക്കിയാണ് രാഹുലും ജെയ്‌സ്വാളും മിന്നും പ്രകടനം കാഴ്ചവെച്ചത്.

ആദ്യ ഇന്നിങ്സില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ ബൗളിങ്ങിലാണ് ഓസീസ് തകര്‍ന്നടിഞ്ഞത്. അഞ്ച് മെയ്ഡന്‍ അടക്കം അഞ്ച് വിക്കറ്റുകളാണ് ബുംറ സ്വന്തമാക്കിയത്.

ഓപ്പണിങ് ഇറങ്ങിയ നഥാന്‍ മെക്സ്വീനി (10), ഉസ്മാന്‍ ഖവാജ (8), ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (3), സ്റ്റീവ് സ്മിത് (0), അലക്‌സ് കാരി (21) എന്നിവരുടെ നിര്‍ണായക വിക്കറ്റുകളാണ് ബുംറ പിഴുതെറിഞ്ഞത്. ബുംറയ്ക്ക് പുറമെ മുഹമ്മദ് സിറാജ്, അരങ്ങേറ്റക്കാരന്‍ ഹര്‍ഷിത് റാണ എന്നിവര്‍ രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

Content Highlight: India VS Australia Test Cricket Update