ആദ്യ ഇന്നിങ്‌സില്‍ ഓസീസിനെ 337 റണ്‍സില്‍ തളച്ച് ഇന്ത്യ; അവസാന ഘട്ടത്തില്‍ ജ്വലിച്ച് സിറാജ്
Sports News
ആദ്യ ഇന്നിങ്‌സില്‍ ഓസീസിനെ 337 റണ്‍സില്‍ തളച്ച് ഇന്ത്യ; അവസാന ഘട്ടത്തില്‍ ജ്വലിച്ച് സിറാജ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 7th December 2024, 3:50 pm

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് അഡ്ലെയ്ഡില്‍ നടക്കുകയാണ്. പിങ്ക് ബോളിലെ ഡേ- നൈറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയും 180 റണ്‍സിന് ഓള്‍ ഔട്ട് ആകുകയും ചെയ്തിരുന്നു. നിലവില്‍ രണ്ടാം ദിനം പുരോഗമിക്കുമ്പോള്‍ തുടര്‍ ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയെ 337 റണ്‍സിനാണ് ഇന്ത്യ തളച്ചത്.

കങ്കാരുക്കള്‍ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ട്രാവിസ് ഹെഡും വണ്‍ ഡൗണ്‍ ബാറ്റര്‍ മാര്‍നസ് ലബുഷാനുമാണ്. 141 പന്തില്‍ നാല് സിക്‌സും 17 ഫോറും ഉള്‍പ്പെടെ 140 റണ്‍സ് നേടി സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് താരം മടങ്ങിയത്. അഡ്‌ലെയ്ഡില്‍ ഇന്ത്യയെ ശരിക്കും ഭയപ്പെടുത്തുന്ന പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. തുടര്‍ന്ന് മുഹമ്മദ് സിറാജിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് ഹെഡിനെ ഇന്ത്യ പറഞ്ഞയച്ചത്.

താരത്തിന് പുറമെ ലബുഷാന്‍ 126 പന്തില്‍ നിന്ന് ഒമ്പത് ഫോര്‍ അടക്കം 64 റണ്‍സ് നേടിയാണ് പുറത്തായത്. ഇന്ത്യന്‍ യുവ ബൗളര്‍ നിതീഷ് കുമാര്‍ റെഡ്ഡിയുടെ പന്തില്‍ ജെയ്‌സ്വാള്‍ നേടിയ തകര്‍പ്പന്‍ ക്യാച്ചിലാണ് താരം മടങ്ങിയത്.

ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജുമാണ്. ഇരുവരും നാല് വിക്കറ്റ് വീതം വീഴ്ത്തി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. അലക്‌സ് കാരിയുടെ (15) വിക്കറ്റ് നേടി തുടങ്ങിയ സിറാജ് അവസാന ഘട്ടത്തില്‍ ഹെഡിനെ പറഞ്ഞയച്ച് ഇന്ത്യയ്ക്ക് വലിയ ബ്രേക് ത്രൂ നല്‍കിയത്. പിന്നീട് മിച്ചല്‍ സ്റ്റാര്‍ക്ക് (18), സ്‌കോട്ട് ബോളണ്ട് (0) എന്നിവരെ പറഞ്ഞയച്ച് ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു സിറാജ്.

സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറ ഓപ്പണര്‍ ഉസ്മാന്‍ ഖവാജ (35 പന്തില്‍ 13), നഥാന്‍ മെക്സ്വീനി (109 പന്തില്‍ 39), സ്റ്റീവ് സ്മിത് (11 പന്തില്‍ 2), പാറ്റ് കമ്മിന്‍സ് (22 പന്തില്‍ 12) എന്നിവരെയാണ് ബുംറ പറഞ്ഞയച്ചത്. ആറാമനായി ഇറങ്ങിയ മിച്ചല്‍ മാര്‍ഷിന്റെ വിക്കറ്റ് നേടിയത് ആര്‍. അശ്വിനാണ് 26 പന്തില്‍ ഒമ്പത് റണ്‍സ് നേടിയ താരത്തെ കീപ്പര്‍ ക്യാച്ചില്‍ കുരുക്കുകയായിരുന്നു അശ്വിന്‍.

ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് 42 റണ്‍സ് നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയായിരുന്നു. ഓപ്പണര്‍ കെ.എല്‍ രാഹുല്‍ 37 റണ്‍സും ശുഭ്മന്‍ ഗില്‍ 31 റണ്‍സും നേടി ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.

നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടരുന്ന ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സാണ് നേടിയത്. ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ (24), കെ.എല്‍ രാഹുല്‍ എന്നിവരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

 

Content Highlight: India VS Australia Test Cricket Update