| Sunday, 12th March 2023, 11:47 am

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഇന്ത്യക്കോ ഓസീസിനോ? വമ്പന്‍ പ്രവചനം നടത്തി പാക് താരം

സ്പോര്‍ട്സ് ഡെസ്‌ക്

അഹമ്മാദാബാദില്‍ നടക്കുന്ന ഇന്ത്യയും ഓസ്‌ട്രേലിയയയും തമ്മിലുള്ള നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ആര് വിജയികളാകുമെന്ന് പ്രഖ്യാപിച്ച് മുന്‍ പാകിസ്ഥാന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം പ്രവചനം നടത്തിയത്.

ഇന്ത്യന്‍ ആരാധകര്‍ക്ക് നിരാശ നല്‍കുന്ന പ്രവചനമാണ് കനേരിയ നടത്തിയിരിക്കുന്നത്. മത്സരത്തില്‍ ഇരുടീമുകളും വിജയിക്കാന്‍ സാധ്യതയില്ലെന്നും കളി സമനിലയില്‍ അവസാനിക്കുമെന്നുമാണ് താരത്തിന്റെ വിലയിരുത്തല്‍.

‘നാലാം ടെസ്റ്റ് സമനിലയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. മത്സരത്തില്‍ ഒരു ടീമിന് വിജയിക്കാനാകുമെന്ന് ഞാന്‍ കരുതുന്നില്ല. വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്ന് ഇന്ത്യയെ തടയാനായാല്‍ വിജയമുറപ്പിക്കാമെന്ന വിശ്വാസത്തിലാണ് ഓസീസ്.

ഈ വിക്കറ്റില്‍ ബൗളര്‍മാര്‍ക്ക് പ്രത്യേകിച്ചൊന്നും ലഭിക്കാന്‍ സാധ്യതയില്ല. മതിയായ ടേണ്‍ ഈ പിച്ചില്‍ നിന്ന് നേടിയെടുക്കാന്‍ കഴിയില്ല,’ കനേരിയ വിലയിരുത്തി.

അതേസമയം, ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 480 റണ്‍സിന് മറുപടിയായി നാലാം ദിനം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 335 റണ്‍സെന്ന നിലയിലാണ്. 73 റണ്‍സുമായി വിരാട് കോഹ്‌ലിയും 18 റണ്‍സോടെ ശ്രീകര്‍ ഭരതുമാണ് ക്രീസില്‍.

വിരാടിന്റെ ഇന്നിങ്‌സാകും അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യക്ക് നിര്‍ണായകമാവുക. ശ്രേയസ് അയ്യര്‍ ബാറ്റ് ചെയ്യാനിറങ്ങിയില്ലെങ്കില്‍ ഇന്ത്യന്‍ നിരയില്‍ അക്‌സര്‍ പട്ടേലും ആര്‍ അശ്വിനും മാത്രമാണ് ഇനി ബാറ്റര്‍മാരായി ഉള്ളത്.

സ്പിന്നര്‍മാര്‍ക്ക് കാര്യമായ പിന്തുണ ഒന്നും ലഭിക്കാത്ത പിച്ചില്‍ കരുതലോടെയാണ് ഇന്ത്യ കളിക്കുന്നത്. രവീന്ദ്ര ജഡേജ തുടക്കത്തില്‍ ജാഗ്രതയോടെ കളിച്ചെങ്കിലും ടോഡ് മര്‍ഫിക്കെതിരെ അനാവശ്യ ഷോട്ട് കളിച്ച് പുറത്തായി.

84 പന്ത് നേരിട്ട ജഡേജ രണ്ട് ഫോറും ഒരു സിക്‌സും പറത്തിയാണ് 28 റണ്‍സടിച്ചത്. ജഡേജയുടെ വിക്കറ്റ് നഷ്ടമായതോടെ വിരാട് പ്രതിരോധത്തിലേക്ക് നീങ്ങിയത് അതിവേഗം സ്‌കോര്‍ ചെയ്ത് ഓസ്‌ട്രേലിയയെ സമ്മര്‍ദ്ദത്തിലാക്കാമെന്ന ഇന്ത്യന്‍ തന്ത്രങ്ങളെ ബാധിക്കുകയും ചെയ്തു. ഓസ്‌ട്രേലിയയുടെ ലീഡ് പരമാവധി കുറക്കാനാകും ഇന്ത്യ ഇന്ന് ശ്രമിക്കുക.

Content Highlights: India vs Australia test cricket

We use cookies to give you the best possible experience. Learn more