അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടി-ട്വന്റി പരമ്പരയിലെ അവസാന മത്സരത്തില്‍ ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചപ്പോള്‍ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് നേടാന്‍ സാധിച്ചത്.
ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണ്‍ ഇറങ്ങിയ യെശ്വസി ജയ്‌സ്വാള്‍ 15 പന്തില്‍ രണ്ട് സിക്‌സറും ഒരു ബൗണ്ടറിയും അടക്കം 21 റണ്‍സ് നേടി. ജേസന്‍ ബെഹ്‌റണ്ടോഫ് എറിഞ്ഞ പന്തില്‍ നാഥന്‍ എല്ലിസ് എടുത്ത മികച്ച ക്യാച്ചില്‍ ആണ് ജയസ്വാള്‍ പുറത്തായത്. 12 പന്തില്‍ രണ്ടു ബൗണ്ടറിയുമായി 10 റണ്‍സ് നേടിയ ഋതുരാജിനെ ബെന്‍ ദ്വാര്‍ഷ്യസും പുറത്താക്കിയതോടെ തുടക്കം പാളി പരുങ്ങുകയായിരുന്നു ഇന്ത്യ.
വണ്‍ ഡൗണായി ഇറങ്ങിയ ശ്രേയസ് അയ്യരുടെ അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യയെ 160 റണ്‍സിന്റെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്. 37 പന്തില്‍ നിന്നും രണ്ട് സിക്‌സറുകളും അഞ്ച് ബൗണ്ടറികളും അടക്കം 53 റണ്സാണ് അയ്യര്‍ ഇന്ത്യയ്ക്ക് വേണ്ടി നേടിക്കൊടുത്തത്.
മധ്യ നിരയെ പിടിച്ച് നിര്‍ത്താനാകാതെ റിങ്കു സിങ്ങിനെ എട്ടു പന്തില്‍ 6 റണ്‍സുമായി തന്‍വീര്‍ സങ്ക തിരിച്ചയച്ചപ്പോള്‍ ജിതേഷ് ശര്‍മ 16 പന്തില്‍ ഒരു സിക്‌സറും മൂന്ന് ബൗണ്ടറിയും അടക്കം 24 റണ്‍സ് നേടിക്കൊടുത്തു. ആരോണ്‍ ഹാര്‍ഡി ജിതേഷ് ശര്‍മയെ മാറ്റ് ഷോര്‍ട്ടിന്റെ കയ്യില്‍ എത്തിച്ചപ്പോള്‍ അക്‌സര്‍ പട്ടേലും അയ്യരും കൂടിയാണ് ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തിയത്. നിര്‍ണായകഘട്ടത്തില്‍ 21 പന്തില്‍ നിന്നും ഒരു സിക്‌സറും രണ്ട് ബൗണ്ടറിയും ഉള്‍പ്പെടെയാണ് അക്‌സര്‍ പട്ടേല്‍ 31 റണ്‍സ് നേടിയത്.
ഓസ്‌ട്രേലിയന്‍ ബൗളിങ് നിരയില്‍ ജേസണ്‍ ബെഹ്‌റണ്ടോഫ് നാല് ഓവറില്‍ 38 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും ദ്വാര്‍ഷ്യസ് 30 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും നേടി. ആരോണ്‍ ഹാര്‍ഡിയും നാഥന്‍ എല്ലിസും തന്‍വീര്‍ സങ്കയും ഓരോ വിക്കറ്റുകളും സ്വന്തമാക്കി.
നിലവില്‍ കളി തുടരുമ്പോള്‍ ഓസീസ് ഓപ്പണര്‍ ജോഷ് ഫിലിപ്പിനെ മുകേഷ് കുമാര്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്തിരിക്കുകയാണ്. നാല് പന്തില്‍ നാല് റണ്‍സുമായാണ് ഫിലിപ്പ് മടങ്ങിയത്. 18 പന്തില്‍ 28 റണ്‍സ് നേടിയ ട്രാവിസ് ഹെഡിനെ രവി ബിഷ്‌ണോയിയും പുറത്താക്കിയിരിക്കുകയാണ്. ഒരു സിക്‌സറും അഞ്ച് ബൗണ്ടറിയും ഉള്‍പ്പെടെയായിരുന്നു ഹെഡ് സ്‌കോര്‍ ഉയര്‍ത്തിയത്.
പത്ത് പന്തില്‍ ആറ് റണ്സ് നേടിയ ആരോണ്‍ ഹാര്‍ഡിയേയും ബിഷ്‌ണോയ് പുറത്താക്കി. മത്സരം പുരോഗമിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സാണ് ഓസീസ് നേടിയിരിക്കുന്നത്.
Content Highlight: India VS Australia T20 Match