ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് വ്യാഴാഴ്ച അഡ്‌ലെയ്ഡില്‍ തുടക്കമാവാനിരിക്കെ ടീം ഇന്ത്യയ്ക്ക് ഉപദേശവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ആദ്യത്തെ 30 ഓവറുകള്‍ ഏറെ പ്രധാനപ്പെട്ടതാണെന്നും ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്മാരാണ് മത്സരത്തില്‍ നിര്‍ണായകമാവുകയെന്നും സച്ചിന്‍ പറഞ്ഞു.
ആദ്യ മൂന്ന് സ്ഥാനങ്ങളിലോ അല്ലെങ്കില്‍ നാലാം സ്ഥാനത്ത് ഇറങ്ങുന്നവരുടെ ബാറ്റിങിനെ ആശ്രയിച്ചിരിക്കും കാര്യങ്ങള്‍, കുറഞ്ഞത് 30 ഓവറെങ്കിലും ഇവര്‍ ബാറ്റ് ചെയ്യണം, അങ്ങനെ വന്നാല്‍ പിച്ചിന്റെ സ്വഭാവം മാറുമെന്നും അത് മധ്യനിരയ്ക്ക് കാര്യങ്ങള്‍ എളുപ്പമാവുമെന്നും സച്ചിന്‍ പറയുന്നു.
ഇക്കാര്യം ഇംഗ്ലണ്ട് പരമ്പരക്ക് മുമ്പും ഞാന്‍ പറഞ്ഞിരുന്നു. ആദ്യത്തെ 30 ഓവറുകള്‍ ഏറെ പ്രധാനപ്പെട്ടതാണെന്ന്. പിന്നീട് പന്തിന്റെ ഹാര്‍ഡ്നെസ് കുറയും. സ്വിങുണ്ടാകും എന്നാലും കളിക്കാനുള്ള സമയം കിട്ടുമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
ആസ്ട്രേലിയയില്‍ ആദ്യത്തെ 30 ഓവറുകളാണ് പ്രധാനപ്പെട്ടത്. പുതിയ പന്തായിരിക്കും എന്നതിനാല്‍ തന്നെ നല്ല സീമുണ്ടാകും. 30-35 ഓവര്‍ കഴിയുന്നതോടെ സീം ഫ്ളാറ്റാകും പേസര്‍മാര്‍ക്ക് പിച്ചിലെ നിയന്ത്രണം കുറയും, അത് കൊണ്ട് തന്നെ ഇന്ത്യയ്ക്ക് പരമ്പര നേടാനുള്ള സുവര്‍ണാവസരമാണിതെന്നും സച്ചിന്‍ അഭിപ്രായപ്പെടുന്നു.
വാര്‍ണറുടേയും സ്മിത്തിന്റേയും അഭാവം ആസ്‌ട്രേലിയന്‍ ടീമിന്റെ ബാറ്റിങിനെ ബാധിക്കും. എന്നാല്‍ അവരുടെ ബൌളിങ് അറ്റാക്ക് മികച്ചതാണെന്നും മികച്ച ഫോമിലുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ എങ്ങനെ പുറത്താക്കും എന്നതിനെ ആശ്രയിച്ചായിരിക്കും ആസ്‌ട്രേലിയയുടെ ഭാവിയെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം പച്ചപ്പ് നിറഞ്ഞ പിച്ചൊരുക്കി ഇന്ത്യയെ വീഴ്ത്താനാണ് ഓസീസ് തന്ത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുല്ലുള്ള പിച്ചായിരിക്കും അഡ്ലെയ്ഡിലേതെന്ന് ക്യൂറേറ്ററായ ഡാമിയന്‍ ഹൗ പറഞ്ഞു. അവസാനം അഡ്ലെയ്ഡില്‍ നടന്ന മൂന്ന് ടെസ്റ്റുകളും ഡേ നൈറ്റ് ടെസ്റ്റുകളായിരുന്നു. എന്നാല്‍ ഇന്ത്യക്കെതിരെയുള്ള ഡേ മത്സരമാണ്.
2015ലാണ് അഡ്ലെയ്ഡില്‍ ന്യൂസിലന്‍ഡിനെതിരെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് നടന്നത്. ആ മത്സരം വെറും മൂന്ന് ദിവസം മാത്രമാണ് നീണ്ടു നിന്നത്. 2016ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ഡേ നൈറ്റ് ടെസ്റ്റ് നാലാം ദിവസം പൂര്‍ത്തിയായി. ആഷസില്‍ കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ നടന്ന ഡേ നൈറ്റ് ടെസ്റ്റാകട്ടെ അഞ്ചാം ദിനം ആദ്യ സെഷനില്‍ അവസാനിച്ചു.
ഇന്ത്യ ഡേ നൈറ്റ് ടെസ്റ്റ് കളിക്കാന്‍ വിസമ്മതിച്ചാനാലാണ് മത്സരം ഡേ ടെസ്റ്റാക്കിയത്. പച്ചപ്പ് നിറഞ്ഞ പിച്ച് ഓസീസ് പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, പാറ്റ് കമിന്‍സ് എന്നിവരെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും 20 വിക്കറ്റുകളും വീഴ്ത്തിയ ബൗളിംഗ് നിരയാണ് ഇന്ത്യക്കുമുള്ളതെന്ന് ഓസീസിനും ഭീഷണിയാണ്.