ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടി; ആദ്യ ചോര വീഴ്ത്തി കങ്കാരുപ്പട!
Sports News
ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടി; ആദ്യ ചോര വീഴ്ത്തി കങ്കാരുപ്പട!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 22nd November 2024, 8:34 am

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് തെരഞ്ഞെടുത്തിരിക്കുകയാണ്. എന്നാല്‍ തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ പൂജ്യം റണ്‍സിനാണ് പുറത്തായത്. എട്ട് പന്ത് കളിച്ചാണ് താരം മടങ്ങിയത്.

മത്സരത്തില്‍ രണ്ടാം ഓവറിന് എത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക് ജെയ്‌സ്വാളിനെ നഥാന്‍ മെക്‌സ്വീനിയുടെ കയ്യില്‍ എത്തിക്കുകയായിരുന്നു. നിര്‍ണായകമായ പരമ്പരയില്‍ ഏറെ പ്രതീക്ഷ നല്‍കിയ താരം വിക്കറ്റ് നഷ്ടപ്പെടുത്തിയത് ഇന്ത്യന്‍ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.

നിലവില്‍ ആറ് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സാണ് ഇന്ത്യ നേടിയത്.  ക്രീസിലുള്ളത് കെ.എല്‍. രാഹുലും (6)* ദേവ്ദത്ത് പടിക്കലുമാണ്.

എന്നിരുന്നാലും ആരാധകരെ ഞെട്ടിച്ചത് ഇന്ത്യന്‍ പ്ലെയിങ് ഇലവനാണ്. ഏറെ വര്‍ഷങ്ങള്‍ ബോര്‍ഡര്‍ ഗവാസ്‌കറില്‍ ഇന്ത്യയുടെ വിശ്വസ്തരായ ആര്‍. അശ്വിനേയും രവീന്ദ്ര ജഡേജയേയും ഇന്ത്യ ഒഴുവാക്കി അരങ്ങേറ്റക്കാരായ ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരെ തെരഞ്ഞെടുത്തിരിക്കുകയാണ്. കൂടാതെ വാഷിങ്ടണ്‍ സുന്ദറും ഇലവനില്‍ ഉണ്ട്.

അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവം മൂലം ഇന്ത്യയെ നയിക്കുന്നത് ജസ്പ്രീത് ബുംറയാണ്.

ആദ്യ മത്സരത്തിനുള്ള ഇന്ത്യന്‍ പ്ലേയിങ് ഇലവന്‍

കെ.എല്‍. രാഹുല്‍, യശസ്വി ജെയ്‌സ്വാള്‍, ദേവ്ദത്ത് പടിക്കല്‍, വിരാട് കോഹ്‌ലി, ഋഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍, വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ ഷെഡ്ഡി, ഹര്‍ഷിത് റാണ, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), മുഹമ്മദ് സിറജ്

ഓസ്‌ട്രേലിയന്‍ പ്ലേയിങ് ഇലവന്‍

ഉസ്മാന്‍ ഖവാജ, നഥാന്‍ മക്‌സ്വീനി, മാര്‍നസ് ലബുഷാന്‍, സ്റ്റീവ് സ്മിത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലര്‌സ് കേരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്

 

Content Highlight: India VS Australia News Update