ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ട്വന്റി-20 ഇന്നാണ് നടക്കുന്നത്. ആദ്യ മത്സരത്തില്‍ കങ്കാരുപ്പട ഇന്ത്യയെ നാല് വിക്കറ്റിന് തകര്‍ത്തിരുന്നു. 208 റണ്‍സ് ബാറ്റിങ്ങില്‍ നേടിയ ഇന്ത്യക്ക് പക്ഷെ ബൗളിങ് നിര പണികൊടുക്കുകയായിരുന്നു.
രണ്ടാം മത്സരത്തില്‍ മികച്ച പ്രകടനം നടത്തി തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. എന്നാല്‍ മത്സരം നടക്കുമോ എന്ന കാര്യത്തില്‍ സംശയമാണ്. മഴ കാരണം മത്സരം മുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നാഗ്പൂരിലെ വിദര്‍ഭ സ്റ്റേഡിയത്തിലാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചുദിവസമായി ഇവിടെ മഴയാണെന്നാണ് വാര്‍ത്തകള്‍ പറയുന്നത്.
വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന ഇരു ടീമിന്റെയും പ്രാക്ടീസ് സെഷന്‍ ഇത് കാരണം മുടങ്ങിയിരുന്നു. മത്സരം നടക്കുന്ന സമയത്ത് മഴ പെയ്യില്ലെന്നാണ് ആശ്വസം നല്‍കുന്ന വാര്‍ത്തകളെങ്കിലും കഴിഞ്ഞ മൂന്ന് നാല് ദിവസത്തെ പോലെ ആവര്‍ത്തിക്കുകയാണെങ്കില്‍ മത്സരം നടക്കില്ല.
രാത്രി ഏഴ് മണിക്കാണ് മത്സരം നടക്കുന്നത്. 6.30നാണ് ടോസ്. മഴ കാരണം മത്സരം മുടങ്ങുകയാണെങ്കില്‍ പണികിട്ടുക ഇന്ത്യന്‍ ടീമിന് തന്നെയാണ്. ആദ്യ മത്സരം തോറ്റ ഇന്ത്യക്ക് ഈ മത്സരത്തില്‍ വിജയിച്ചാല്‍ മാത്രമെ പരമ്പരയില്‍ എന്തെങ്കിലും പ്രതീക്ഷയുള്ളൂ. ഈ മത്സരത്തില്‍ ഇന്ത്യ ജയിച്ചാല്‍ പരമ്പരയിലെ മൂന്നാം മത്സരത്തിന് ഇരട്ടി ആവേശമായിരിക്കും.
ആദ്യ മത്സരത്തില്‍ ബൗളര്‍മാരായിരുന്നു ഇന്ത്യയുടെ വില്ലന്‍മാരായത്. 208 റണ്‍സ് നേടിയിട്ടും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഡിഫന്‍ഡ് ചെയ്യാന്‍ സാധിക്കാത്തത് ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഏറെ നാളായി കളിക്കളത്തില്‍ ഇറങ്ങാത്ത സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറ ടീമില്‍ ഉണ്ടാകും.