| Friday, 17th March 2023, 11:52 pm

ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ പ്രകടനത്തിന് നൂറ് മാര്‍ക്ക്; 31ആം വയസിലും കോഹ്‌ലിയുടെ മിന്നലാട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. മുംബൈ വാംങ്കടെയില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ ഓസീസിനെ കീഴടക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 35.4 ഓവറില്‍ 188 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 39.5 ഓവറില്‍ വിജയത്തിലെത്തുകയായിരുന്നു.

തുടര്‍ച്ചയായ മോശം പ്രകടനങ്ങളിലൂടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന കെ.എല്‍. രാഹുലിന്റെ ബാറ്റിങ് പ്രകടനമാണ് ഇന്ത്യൽ വിജയത്തിന് നിര്‍ണായകമായത്.

39 റണ്‍സിന് നാല് വിക്കറ്റ് നഷ്ടത്തില്‍ എന്ന നിലയിലും, അഞ്ച് വിക്കറ്റിന് 83 റണ്‍സ് എന്ന നിലയിലും പതറിയ ഇന്ത്യയെ ആറാം വിക്കറ്റില്‍ രവീന്ദ്ര ജഡേജക്കൊപ്പം രാഹുല്‍ പടുത്തുയര്‍ത്തിയ സെഞ്ച്വറി കൂട്ടുകെട്ട് രക്ഷിക്കുകയായിരുന്നു.

 

ഇതോടൊപ്പം തന്നെ ഇന്ത്യന്‍ നിരയിലെ ഫീല്‍ഡിങ് പ്രകടനവും വലിയ രീതിയില്‍ പ്രകീര്‍ത്തിക്കപ്പെടുന്നുണ്ട്. ഓസീസ് സ്‌കോര്‍ 188 റണ്‍സില്‍ ഒതുക്കാന്‍ ബൗളര്‍മാരെ പോലെ തന്നെ ഫീല്‍ഡിങ്ങിലെ പെര്‍ഫോമന്‍സും ഇന്ത്യയെ സഹായിച്ചു.

 

ബാറ്റിങ്ങിന് പുറമെ, സ്റ്റമ്പിന് പിന്നില്‍ വിക്കറ്റ് കീപ്പറായും മികച്ച പ്രകടനമാണ് കെ.എല്‍. രാഹുല്‍ പുറത്തെടുത്തത്. തന്റെ 31 വയസിലും ഫിറ്റ്‌നസിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് വെളിവാക്കുന്ന പ്രകടനമാണ് മുന്‍ നായകന്‍ വിരാട് കോഹ്‌ലി ഫീല്‍ഡില്‍ കാഴ്ചവെച്ചത്. ഇതുകൂടാതെ നിര്‍ണായക സമയത്ത് ക്യാച്ചുകളെടുത്ത മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, ഹര്‍ദിക് പാണ്ഡ്യ, ശുഭ്മാന്‍ ഗില്‍ എന്നിവരും ഇന്ത്യന്‍ ഫീല്‍ഡിങ്ങിന് കരുത്തേകി.

 

അതേസമയം, ബൗളിങ് നിരയില്‍ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റ് വീതവും ജഡേജ രണ്ടും, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
മത്സര വിജയത്തോടെ, മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലായി. ഞായറാഴ്ച വിശാഖപട്ടണത്തിലാണ് രണ്ടാം ഏകദിനം.


Content Highlight: india vs australia match, hundred marks for the performance of the Indian fielders

We use cookies to give you the best possible experience. Learn more