| Wednesday, 22nd February 2023, 6:36 pm

നമ്മള്‍ സെമിയിലെത്തി, എന്നാല്‍ അതാണ് പ്രധാന പ്രശ്‌നം; ആശങ്കയില്‍ മുന്‍ താരം, പല്ലിളിച്ച് ഇന്ത്യയുടെ അന്തകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി വനിതാ ടി-20 ലോകകപ്പിന്റെ സെമി ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ എതിരാളികള്‍ കരുത്തരായ ഓസ്‌ട്രേലിയയാണ്. ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്തെത്തിയതോടെയാണ് ഓസ്‌ട്രേലിയ ഇന്ത്യക്ക് എതിരാളികളായി വന്നത്.

ഇന്ത്യയെ സംബന്ധിച്ച് ഇത് ഒട്ടും ശുഭകരമായ കാര്യമല്ല. നേരത്തെ നോക്ക് ഔട്ട് ഘട്ടത്തില്‍ ഇന്ത്യയെ കരിയിപ്പിച്ച ചരിത്രമാണ് ഓസ്‌ട്രേലിയക്കുള്ളത്.

കഴിഞ്ഞ ഐ.സി.സി ടി-20 ലോകകപ്പിന്റെ ഫൈനല്‍ മത്സരത്തിലായിരുന്നു ഓസ്‌ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഓസീസ് ഉയര്‍ത്തിയ റണ്‍മല താണ്ടാന്‍ സാധിക്കാതെ വന്നതോടെ കിരീടത്തിനടുത്ത് നിന്നും ഇന്ത്യ താഴേക്ക് വീഴുകയായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ കോമണ്‍വെല്‍ത്ത് മത്സരത്തിലും ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍ ഓസ്‌ട്രേലിയ തന്നെയായിരുന്നു. അപ്പോഴും ഫൈനലില്‍ തോല്‍ക്കാനായിരുന്നു ഇന്ത്യയുടെ വിധി.

ഇപ്പോള്‍, 2023 ഐ.സി.സി ടി-20 വനിതാ ലോകകപ്പിലെ നോക്ക് ഔട്ട് ഘട്ടത്തിലും ഓസ്‌ട്രേലിയ ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ എതിരാളികളായി എത്തിയിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഫൈനലിനേക്കാള്‍ നെഞ്ചിടിപ്പോടെ നോക്കിക്കാണുന്നതും സെമി ഫൈനല്‍ പോരാട്ടത്തെ തന്നെയാകും.

മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്രയും സെമി ഫൈനലിന് മുമ്പ് ആശങ്കയിലാണ്.

‘നമ്മുടെ പെണ്‍കുട്ടികള്‍ സെമി ഫൈനലിലെത്തിയിരിക്കുകയാണ്. പ്രധാന പ്രശ്‌നം നമുക്ക് നേരിടാനുള്ളത് ഓസ്‌ട്രേലിയയെയാണ്. അതൊരിക്കലും എളുപ്പമാകില്ല,’ എന്നാണ് മത്സരത്തെ കുറിച്ച് ചോപ്ര പറഞ്ഞത്.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ അയര്‍ലന്‍ഡിനെ ഡക്ക്‌വര്‍ത്ത്-ലൂയീസ്-സ്റ്റേണ്‍ നിയമപ്രകാരം അഞ്ച് റണ്‍സിന് തോല്‍പിച്ചാണ് ഇന്ത്യ സെമി ഫൈനലിന് യോഗ്യത നേടിയത്.

നേരത്തെ, ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ കളിച്ച നാല് കളിയില്‍ നിന്നും മൂന്ന് ജയവും ഒരു തോല്‍വിയുമായിരുന്നു ഇന്ത്യക്കുണ്ടായിരുന്നത്. ആദ്യ കളിയില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനോടും വിജയം ആവര്‍ത്തിച്ചു.

എന്നാല്‍ മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ടിനോട് തോല്‍ക്കാനായിരുന്നു ഇന്ത്യയുടെ വിധി. എന്നാല്‍ നാലാം മത്സരത്തില്‍ അയര്‍ലന്‍ഡിനെ തോല്‍പിച്ചതോടെ ഗ്രൂപ്പ് ബിയില്‍ നിന്നും രണ്ടാം സ്ഥാനക്കാരായി സെമിയിലേക്ക് മാര്‍ച്ച് ചെയ്തു.

ഗ്രൂപ്പ് എയില്‍ ഒറ്റ മത്സരം പോലും തോല്‍ക്കാതെയാണ് ഓസ്‌ട്രേലിയ സെമിയിലേക്ക് കുതിച്ചത്.

ഫെബ്രുവരി 23നാണ് ഇന്ത്യ-ഓസ്‌ട്രേലിയ സെമി ഫൈനല്‍ മത്സരം നടക്കുന്നത്. ന്യൂലാന്‍ഡ്‌സാണ് വേദി.

Content Highlight: India vs Australia ICC Women’s T20 WC

We use cookies to give you the best possible experience. Learn more