| Friday, 3rd January 2025, 12:17 pm

ഓസീസ് ചീറ്റയ്ക്ക് മുന്നില്‍ തല കുനിച്ച് ഇന്ത്യ; 200 റണ്‍സ് തൊടാനാവാതെ സന്ദര്‍ശകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരം സിഡ്നിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മത്സരങ്ങളിലെ മോശം പ്രകടനം കാരണം ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഒഴിവാക്കിയാണ് ഇന്ത്യ പ്ലെയിങ് ഇലവന്‍ പുറത്ത് വിട്ടത്. ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച തീരുമാനമായിരുന്നു ഇത്.

നിലവില്‍ മത്സരം പുരോഗമിക്കുമ്പോള്‍ വമ്പന്‍ തിരിച്ചടിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ 185 റണ്‍സിന് ഓള്‍ ഔട്ട് ആയിരിക്കുകയാണ്.

ഇന്ത്യക്കുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചത് റിഷബ് പന്തായിരുന്നു. ഒരു സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 98 പന്തില്‍ നിന്നും 40 റണ്‍സാണ് താരം നേടിയത്. താരത്തിന് മികച്ച പിന്തുണ നല്‍കിയത് രവീന്ദ്ര ജഡേജയായിരുന്നു. 95 പന്തില്‍ നിന്നും 26 റണ്‍സ് ആണ് താരം നേടിയത്. രോഹിത് ശര്‍മയ്ക്ക് പകരം ഇലവനില്‍ ഇടം നേടിയ ശുഭ്മന്‍ ഗില്‍ 64 പന്തില്‍ നിന്ന് 20 റണ്‍സും നേടിയിരുന്നു.

ആരാധകരെ നിരാശപ്പെടുത്തി വിരാട് കോഹ്‌ലി 17 റണ്‍സിനാണ് കൂടാരം കയറിയത്. വിരാട്, ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (10), പന്ത് (40), നിതീഷ് കുമാര്‍ റെഡ്ഡി (0) എന്നിവരെ പുറത്താക്കിയത് ഓസ്‌ട്രേലിയയുടെ യുവ ബൗളര്‍ സ്‌കോട്ട് ബോളണ്ട് ആയിരുന്നു. മികച്ച ബൗളിങ് ആയിരുന്നു താരം കാഴ്ചവെച്ചത്.

ബോളണ്ടിന് പുറമേ മികച്ച പ്രകടനം കാഴ്ചവെച്ചത് മിച്ചല്‍ സ്റ്റാര്‍ക്കാണ്. ഓപ്പണര്‍ കെ.എല്‍. രാഹുല്‍ (4), രവീന്ദ്ര ജഡേജ (26), പ്രസീത കൃഷ്ണ (3) എന്നിവരെയാണ് സ്റ്റാര്‍ക്ക് പുറത്താക്കിയത്. ഗില്ലിനെ പുറത്താക്കിയത് ലിയോണ്‍ ആയിരുന്നു. വാഷിങ്ടണ്‍ സുന്ദര്‍ (14), ബുംറ (22) എന്നിവരെ പുറത്താക്കി പാറ്റ് കമ്മിന്‍സും മികവ് പുലര്‍ത്തി.

ഓസ്‌ട്രേലിയ: സാം കോണ്‍സ്റ്റസ്, ഉസ്മാന്‍ ഖവാജ, മര്‍നസ് ലബുഷാന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, ബ്യൂ വെബ്സ്റ്റര്‍, അലക്‌സ് കാരി, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, സ്‌കോട്ട് ബോളണ്ട്.

ഇന്ത്യ: യശസ്വി ജെയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, റിഷബ് പന്ത്, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ.

Content Highlight: India VS Australia Final Test Update

We use cookies to give you the best possible experience. Learn more