മോശം പ്രകടനം കാഴ്ചവെച്ചവര്‍ പുറത്ത്, സൂപ്പര്‍ താരങ്ങള്‍ അകത്ത്; ഇന്ത്യ ഇറങ്ങുന്നതിങ്ങനെ
Sports News
മോശം പ്രകടനം കാഴ്ചവെച്ചവര്‍ പുറത്ത്, സൂപ്പര്‍ താരങ്ങള്‍ അകത്ത്; ഇന്ത്യ ഇറങ്ങുന്നതിങ്ങനെ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 1st December 2023, 7:27 pm

ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ നാലാം ടി-20ക്ക് റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിങ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയമാണ് വേദിയാകുന്നത്. മൂന്നാം മത്സരത്തിലേറ്റ തോല്‍വിക്ക് കണക്കുതീര്‍ക്കാനും വിജത്തോടെ പരമ്പര സ്വന്തമാക്കാനുമാണ് ഇന്ത്യ ഒരുങ്ങുന്നത്.

പല നിര്‍ണായക മാറ്റങ്ങളും വരുത്തിയാണ് ഇന്ത്യ നാലാം ടി-20യിലിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ മോശം പ്രകടനം പുറത്തെടുത്ത പ്രസിദ്ധ് കൃഷ്ണ അടക്കമുള്ള താരങ്ങളെ പുറത്തിരുത്തിയാണ് ഇന്ത്യ നിര്‍ണായകമായ നാലാം ടി-20ക്കിറങ്ങുന്നത്.

ഗുവാഹത്തിയില്‍ നടന്ന മൂന്നാം മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ് 68 റണ്‍സാണ് പ്രസിദ്ധ് കൃഷ്ണ വിട്ടുകൊടുത്തത്. വിക്കറ്റൊന്നും നേടാനും സാധിച്ചില്ല. ഇതോടെ ടി-20 ഫോര്‍മാറ്റില്‍ ഒരു മത്സരത്തില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങുന്ന ഇന്ത്യന്‍ ബൗളര്‍ എന്ന മോശം റെക്കോഡും പ്രസിദ്ധ് കൃഷ്ണ തന്റെ പേരില്‍ എഴുതിച്ചേര്‍ത്തിരുന്നു.

ഇതിന് പുറമെ നാല് ഓവറില്‍ 11 എന്ന എക്കോണമിയില്‍ 44 റണ്‍സ് വഴങ്ങിയ അര്‍ഷ്ദീപ് സിങ്, അഞ്ച് പന്ത് നേരിട്ട് പൂജ്യത്തിന് പുറത്തായ ഇഷാന്‍ കിഷന്‍ എന്നിവരെയും നാലാം മത്സരത്തിനുള്ള പ്ലെയിങ് ഇലവനില്‍ ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടില്ല.

വിക്കറ്റ് കീപ്പറുടെ റോളിലേക്ക് ജിതേഷ് ശര്‍മയെത്തുമ്പോള്‍ പേസര്‍ മുകേഷ് കുമാറും ഇലവനിലേക്ക് മടങ്ങിയെത്തി. ഇതിന് പുറമെ സൂപ്പര്‍ താരം ശ്രേയസ് അയ്യരിന്റെ ടീമിലേക്കുള്ള വരവാണ് ഇന്ത്യന്‍ ടീമിന്റെയും ആരാധകരുടെയും ആവേശം ഇരട്ടിയാക്കുന്നത്.

ആദ്യ രണ്ട് മത്സരത്തിലും വിജയിച്ച ഇന്ത്യ മൂന്നാം മത്സരത്തില്‍ പരാജയപ്പെടുകയായിരുന്നു. റായ്പൂര്‍ ടി-20യില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പരയും സ്വന്തമാക്കാം.

എന്നാല്‍ പരമ്പരയില്‍ 2-1ന് പിറകില്‍ നില്‍ക്കുന്ന ഓസീസിനെ സംബന്ധിച്ച് നാലാം മത്സരത്തില്‍ വിജയം അനിവാര്യമാണ്. ഈ മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് ഒപ്പമെത്താനും പരമ്പര സീരീസ് ഡിസൈഡറില്‍ കൊണ്ടെത്തിക്കാനും കങ്കാരുക്കള്‍ക്കാകും.

അതേസമയം, മത്സരത്തില്‍ ടോസ് നേടിയ ഓസീസ് നായകന്‍ മാത്യൂ വേഡ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിലവില്‍ മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 24 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ 18 പന്തില്‍ 19 റണ്‍സുമായി യശസ്വി ജെയ്‌സ്വാളും ഒരു പന്ത് നേരിട്ട് റണ്‍സൊന്നും നേടാതെ ഋതുരാജ് ഗെയ്ക്വാദുമാണ് ക്രീസില്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിങ്, അക്‌സര്‍ പട്ടേല്‍, ദീപക് ചഹര്‍, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍.

ഓസ്‌ട്രേലിയ പ്ലെയിങ് ഇലവന്‍

ജോഷ് ഫിലിപ്പ്, ട്രാവിസ് ഹെഡ്, ബെന്‍ മക്‌ഡെര്‍മോട്ട്, ആരോണ്‍ ഹാര്‍ഡി, ടിം ഡേവിഡ്, മാറ്റ് ഷോര്‍ട്ട്, മാത്യൂ വേഡ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ബെന്‍ ഡ്വാര്‍ഷിയസ്, ക്രിസ് ഗ്രീന്‍, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, തന്‍വീര്‍ സാംഘ.

 

Content highlight: India vs Australia 4th T20, Shreyas Iyer returned to team