മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ഒരേസമയം ചിരിയും കരച്ചിലും; അത്തിക്കായ പഴുത്തപ്പോള്‍ കാക്കയ്ക്ക് വായ്പുണ്ണ് എന്ന അവസ്ഥ
Sports News
മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ഒരേസമയം ചിരിയും കരച്ചിലും; അത്തിക്കായ പഴുത്തപ്പോള്‍ കാക്കയ്ക്ക് വായ്പുണ്ണ് എന്ന അവസ്ഥ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 28th February 2023, 12:13 pm

ഇന്ത്യ – ഓസ്‌ട്രേലിയ, ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം മത്സരമാണ് മാര്‍ച്ച് ഒന്നിന് ഇന്‍ഡോറില്‍ അരങ്ങേറുന്നത്. നേരത്തെ കളിച്ച രണ്ട് മത്സരത്തില്‍ രണ്ടിലും തോല്‍വിയേറ്റുവാങ്ങിയ ഓസ്‌ട്രേലിയ പരമ്പര നഷ്ടപ്പെടുത്തിയിരുന്നു. ശേഷിക്കുന്ന രണ്ട് മത്സരത്തിലും വിജയിച്ച് പരമ്പര സമനിലയിലാക്കാനുള്ള ശ്രമമായിരിക്കും ഓസ്‌ട്രേലിയ ഇനി നടത്തുക.

ധര്‍മശാലയില്‍ വെച്ച് നടക്കേണ്ടിയിരുന്ന ടെസ്റ്റ് മത്സരമാണ് ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയത്തിലേക്ക് മാറ്റിയത്. ധര്‍മശാലയിലെ പിച്ചില്‍ മത്സരം നടക്കാന്‍ സാധിക്കില്ല എന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണിത്. എന്നാല്‍ മൂന്നാം ടെസ്റ്റിന്റെ വേദിമാറ്റം വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. വിവിധ ഓസീസ് മാധ്യമങ്ങളും വന്‍ വിവാദങ്ങള്‍ക്കായിരുന്നു തിരികൊളുത്തിവിട്ടത്.

മൂന്നാം ടെസ്റ്റിന് മുമ്പ് ഓസ്‌ട്രേലിയന്‍ ക്യാമ്പുകള്‍ക്ക് ആശ്വാസം നല്‍കുന്ന പിച്ച് റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ചുവന്ന മണ്ണുകൊണ്ടുള്ള പിച്ചാണ് ഇന്‍ഡോര്‍ ടെസ്റ്റിന് മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ പേസിനെ തുണയ്ക്കുന്ന രീതിയിലാകും പിച്ചിന്റെ സ്വഭാവം.

പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യയുടെ സ്പിന്‍ കെണിയില്‍ വീണ ഓസ്‌ട്രേലിയക്ക് തങ്ങളുടെ വേഗത കൊണ്ട് തിരിച്ചടിക്കാനുള്ള അവസരമായാണ് ഇതിനെ കണക്കാക്കുന്നത്. മികച്ച ബൗണ്‍സും പേസും ഇന്‍ഡോര്‍ പിച്ചില്‍ പ്രതീക്ഷിക്കാമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അങ്ങനെയെങ്കില്‍ പരിക്ക് മാറിയെത്തിയ മിച്ചല്‍ സ്റ്റാര്‍ക്കും കാമറൂണ്‍ ഗ്രീനും ടീമില്‍ ഇടം നേടിയേക്കും. എന്നാല്‍ ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ബൗളറായിരുന്ന സ്റ്റാര്‍ പേസര്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ അഭാവം ഓസ്‌ട്രേലിയക്ക് ക്ഷീണമായേക്കും. തങ്ങള്‍ക്കനുകൂലമായ പിച്ചില്‍ തങ്ങളുടെ ഏറ്റവും മൂര്‍ച്ചയേറിയ ആയുധമില്ലാത്ത അവസ്ഥയിലാണ് ഓസ്‌ട്രേലിയ.

 

 

വ്യക്തിപരമായ കാരണങ്ങളാല്‍ രണ്ടാം ടെസ്റ്റിന് പിന്നാലെ കമ്മിന്‍സ് നാട്ടിലേക്ക് മടങ്ങിയിരുന്നു. മൂന്നാം ടെസ്റ്റിന് മുമ്പ് താരം ടീമിനൊപ്പം ചേര്‍ന്നേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്‍ഡോര്‍ ടെസ്റ്റില്‍ താന്‍ ടീമിനൊപ്പമുണ്ടാകില്ല എന്ന് കമ്മിന്‍സ് അറിയിച്ചിട്ടുണ്ട്.

കമ്മിന്‍സിന്റെ അഭാവത്തില്‍ സ്റ്റീവ് സ്മിത്തായിരിക്കും ഓസ്‌ട്രേലിയയെ നയിക്കുക.

എന്നാല്‍ മൂന്നാം ടെസ്റ്റ് പേസിന് അനുകൂലമാണെങ്കില്‍ അതിനുള്ള ആയുധങ്ങളും ഇന്ത്യക്കൊപ്പമുണ്ട്. സ്റ്റാര്‍ പേസര്‍മാരായ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഒപ്പം ഉമേഷ് യാദവും സൗരാഷ്ട്രയെ രഞ്ജി ട്രോഫി അണിയിച്ച ജയ്‌ദേവ് ഉനദ്കട്ടും ചേരുന്ന ഇന്ത്യയുടെ പേസ് നിര ഓസ്‌ട്രേലിയയെ അവരുടെ ബെസ്റ്റ് ഡേയില്‍ പോലും പരീക്ഷിക്കാന്‍ പോന്നതാണ്.

ഇന്ത്യ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ചേതേശ്വര്‍ പൂജാര, കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, വിരാട് കോഹ്‌ലി, ഇഷാന്‍ കിഷന്‍, എസ്. ഭരത്, അക്സര്‍ പട്ടേല്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, ജയ്ദേവ് ഉനദ്കട്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.

ഓസ്‌ട്രേലിയ സ്‌ക്വാഡ്

ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലബുഷാന്‍, മാറ്റ് റെന്‍ഷോ, സ്റ്റീവ് സ്മിത്, ഉസ്മാന്‍ ഖവാജ, ആഷ്ടണ്‍ അഗര്‍, കാമറൂണ്‍ ഗ്രീന്‍, ട്രാവിസ് ഹെഡ്, അലക്‌സ് കാരി, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ്, ലാന്‍സ് മോറിസ്, മാത്യു കുന്‍മാന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, സ്‌കോട് ബോളണ്ട്, ടോഡ് മര്‍ഫി.

 

 

Content Highlight: India vs Australia, 3rd test pitch report