ഇന്ത്യ – ഓസ്‌ട്രേലിയ, ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കുള്ള മൂന്നാം ടെസ്റ്റിനുള്ള ടീം പ്രഖ്യാപിച്ചു. ദല്‍ഹിയില്‍ വെച്ച് നടന്ന രണ്ടാം ടെസ്റ്റിലെ ടീമില്‍ നിന്നും പ്രകടമായ മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ മൂന്നാം മത്സരത്തിനിറങ്ങുന്നത്.
ആദ്യ രണ്ട് മത്സരത്തിലും മോശം പ്രകടനം കാഴ്ചവെച്ച കെ.എല്‍. രാഹുലിന് മൂന്നാം ടെസ്റ്റില്‍ ടീമിലുള്ള സ്ഥാനം നഷ്ടമായി. യുവതാരം ശുഭ്മന്‍ ഗില്ലാണ് രാഹുലിന് പകരക്കാരനായി എത്തിയത്. താരം രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യും.
സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് പകരക്കാരനായി ഉമേഷ് യാദവും ടീമിലെത്തിയിട്ടുണ്ട്. പരമ്പരയില്‍ ഉമേഷ് യാദവിന്റെ ആദ്യ മത്സരമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി ഷമിയുടെ വര്‍ക് ലോഡ് കുറയ്ക്കുക എന്ന തീരുമാനത്തിന് പിന്നാലെയാണ് മൂന്നാം ടെസ്റ്റില്‍ താരത്തിന് വിശ്രമം അനുവദിച്ചത്.
അതേസമയം, ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. ആദ്യ രണ്ട് ടെസ്റ്റിലും ടോസ് ഭാഗ്യം ഇന്ത്യയെ തുണച്ചിരുന്നില്ല.
നേരത്തെ ധര്‍മശാലയില്‍ വെച്ചായിരുന്നു പരമ്പരയിലെ മൂന്നാം ടെസ്റ്റ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിച്ചില്‍ മത്സരം നടത്താന്‍ സാധിക്കില്ല എന്ന റിപ്പോര്‍ട്ടിന് പിന്നാലെ മൂന്നാം ടെസ്റ്റിന്റെ വേദി ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു.
മൂന്നാം മത്സരം ധര്‍മശാലയില്‍ നിന്നും ഇന്‍ഡോറിലേക്ക് മാറ്റിയതിന് പിന്നാലെ വിവിധ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ വിമര്‍ശനവുമായെത്തിയിരുന്നു. ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ ആര്‍. അശ്വിന് മികച്ച സ്റ്റാറ്റ്‌സുള്ള ഗ്രൗണ്ടിലേക്ക് മാറ്റിയെ്‌നനായിരുന്നു ഇവരുടെ ആരോപണം.
മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെയാണ് ഇന്ത്യ – ഓസ്‌ട്രേലിയ ഇന്‍ഡോര്‍ പരമ്പര.
നാല് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ട്രോഫി നിലനിര്‍ത്തിയിരിക്കുകയാണ്. ശേഷിക്കുന്ന രണ്ട് മത്സരവും വിജയിച്ച് പരമ്പര സമനിലയിലാക്കാനാകും ഓസീസ് ശ്രമിക്കുക. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ ചരിത്രത്തില്‍ ഒറ്റ തവണ മാത്രമാണ് പരമ്പര സമനിലയില്‍ കലാശിച്ചത്.
ഇന്ത്യ ഇലവന്‍
ശുഭ്മന്‍ ഗില്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്.
ഓസ്‌ട്രേലിയ ഇലവന്‍
ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, സ്റ്റീവ് സ്മിത് (ക്യാപ്റ്റന്‍), മാര്‍നസ് ലബുഷാന്‍, കാമറൂണ്‍ ഗ്രീന്‍, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ്, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സ്റ്റാര്‍ക്, ടോഡ് മര്‍ഫി, നഥാന്‍ ലിയോണ്‍, മാത്യു കുന്‍മാന്‍.
Content Highlight: India vs Australia 3rd Test