കാസര്‍ഗോഡ്: പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ട കുഞ്ഞിന് ചോറൂണ് നടത്തിയതിന്റെ പേരില്‍ രക്ഷിതാക്കളെക്കൊണ്ട് ക്ഷേത്രത്തില്‍ ചാണകവെള്ളം തളിച്ച് ശുദ്ധികര്‍മം ചെയ്യിച്ചതായി പരാതി. ക്ഷേത്രഭാരവാഹികളുടെ പേരില്‍ പട്ടികവര്‍ഗമായ മാവിലന്‍ സമുദായത്തില്‍പ്പെട്ട മുന്നാട് ചുള്ളിവീട്ടില്‍ കെ.പ്രസാദാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. ഒക്ടോബര്‍ 20ന് കൂടാനം മണിയന്തട്ട മഹാവിഷ്ണുക്ഷേത്രത്തിലാണ് സംഭവം നടന്നത്.
മകള്‍ക്ക് ചോറൂണ് നടത്താന്‍ വേണ്ടിയാണ് ബന്ധുക്കളോടൊപ്പം പ്രസാദ് ക്ഷേത്രത്തിലെത്തിയത്. ചോറൂണ് നടത്തിയതിന് ശേഷം അവിടെ അടിച്ചുവൃത്തിയാക്കി ചാണകവെള്ളം തളിച്ച് ശുദ്ധി ചെയ്യാന്‍ ഓഫീസ് സെക്രട്ടറി ആവശ്യപ്പെട്ടതായിട്ടെന്നും ചാണകവെള്ളം തളിക്കുന്നത് നിര്‍ബന്ധമാണോ എന്ന് ചോദിച്ചപ്പോള്‍ നിര്‍ബന്ധമായും ചെയ്തിട്ടുപോകണം എന്നായിരുന്നു മറുപടിയെന്നും പരാതിയില്‍ പറയുന്നു.
Read Also : പൊലീസ് സുരക്ഷയില്‍ ശബരിമല ദര്‍ശനത്തിന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സംഘം പുറപ്പെട്ടു
“ഇത് സാധാരണ കാര്യമാണെന്ന് കരുതി ചെയ്തു. ജാതീയവിവേചനമാണ് കാട്ടിയതെന്ന് പിന്നീടാണ് മനസ്സിലായത്. ഇത്തരം അനാചാരം നടപ്പാക്കാന്‍ തീരുമാനിച്ച ക്ഷേത്രഭാരവാഹികളുടെ പേരില്‍ നടപടി വേണം” പ്രസാദ് പരാതിയില്‍ ആവശ്യപ്പെടുന്നു. ജില്ലാ പോലീസ് ഓഫീസില്‍ പരാതി സ്വീകരിച്ച് പ്രസാദിന് രസീത് നല്‍കിയിട്ടുണ്ട്.
ക്ഷേത്രജീവനക്കാരുടെ പേരില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അഖിലകേരള മാവിലന്‍ സമാജം സംസ്ഥാനസമിതി രംഗത്തെത്തിയിട്ടുണ്ട്. ക്ഷേത്രം പൊതുസ്വത്താണെന്നും ഇത്തരം പ്രാകൃതനടപടി തുടര്‍ന്നാല്‍ പ്രക്ഷോഭം നടത്തുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
എന്നാല്‍ ഒരുതരത്തിലുള്ള വിവേചനവും ക്ഷേത്രത്തിലുണ്ടായിട്ടില്ലെന്നാണ് ക്ഷേത്രം കമ്മിറ്റിയുടെ വിശദീകരണം. ബലിക്കല്ലിനുമുന്നിലാണ് ചോറൂണ് നടക്കാറ്. “അവിടെ അവശിഷ്ടം വീഴുന്നതിനാല്‍ ആചാരം എന്ന നിലയ്ക്ക് ചാണകവെള്ളം തളിക്കണമെന്ന് ആവശ്യപ്പെടാറുണ്ട്. അത് എല്ലാ വിഭാഗക്കാരോടും ആവശ്യപ്പെടുന്നതാണ്. ഇതില്‍ ജാതീയവിവേചനം ഇല്ല. അവശിഷ്ടങ്ങളില്‍ ചവിട്ടി ക്ഷേത്രത്തിനകത്ത് പ്രവേശിക്കുന്നത് ഒഴിവാക്കാനാണ് ഇങ്ങനെ ആവശ്യപ്പെടുന്നത്”. ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് കടയങ്ങാനം രാഘവന്‍ നായര്‍ പറഞ്ഞു.