|

ആരാധകര്‍ വീണ്ടും കലിപ്പാകുമെന്നുറപ്പ്, രണ്ടാം ടെസ്റ്റിലും അവന്‍ ടീമില്‍; ആദ്യ ഭാഗ്യം ഓസീസിന്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന രണ്ടാം മത്സരത്തില്‍ വിജയം മാത്രം ലക്ഷ്യമിട്ടാണ് രണ്ട് ടീമും കളത്തിലിറങ്ങുന്നത്.

ആദ്യ ടെസ്റ്റില്‍ നിന്നും ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ രണ്ടാം മത്സരത്തില്‍ ഇറങ്ങുന്നത്. പരിക്കില്‍ നിന്നും മുക്തനായ ശ്രേയസ് അയ്യര്‍ മടങ്ങിയെത്തിയതോടെ സൂര്യകുമാര്‍ യാദവ് ടീമിന് പുറത്തായി.

രണ്ടാം ടെസ്റ്റിലും സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിന് ഇന്ത്യ അവസരം നല്‍കിയിട്ടില്ല. വൈസ് ക്യാപ്റ്റനായ കെ.എല്‍. രാഹുലിനെ തന്നെ പരിഗണിക്കാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.

തന്റെ കരിയറിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ടെസ്റ്റിനാണ് ചേതേശ്വര്‍ പൂജാര കളത്തിലിറങ്ങുന്നത്. ഇന്ത്യക്കായി താരം കളിക്കുന്ന നൂറാം ടെസ്റ്റാണ് ദല്‍ഹിയിലേത്. നിലവില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി മാത്രമാണ് ഇന്ത്യക്കായി നൂറ് ടെസ്റ്റുകള്‍ കളിച്ചിട്ടുള്ളത്.

രണ്ട് മാറ്റങ്ങളുമായാണ് ഓസീസ് ദല്‍ഹിയിലേക്കിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ ടോഡ് മര്‍ഫിയെന്ന യുവ സ്പിന്നറെ ടീമിലെത്തിച്ച് നാശം വിതച്ച ഓസീസ് മറ്റൊരു യുവ സ്പിന്നറെ കൂടി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓസീസിനായി അരങ്ങേറ്റം കുറിക്കുന്ന ഇടംകയ്യന്‍ ഓര്‍ത്തഡോക്‌സ് സ്പിന്നര്‍ മാറ്റ് കുന്‍മാനാണ് ടീമിലെ പുതിയ താരം. നാലാമന്‍ മാറ്റ് റെന്‍ഷോക്ക് പകരം ട്രാവിസ് ഹെഡിനെയും ഓസീസ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ഓസ്‌ട്രേലിയ പ്ലെയിങ് ഇലവന്‍

ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ, സ്റ്റീവ് സ്മിത്, മാര്‍നസ് ലബുഷാന്‍, ട്രാവിസ് ഹെഡ്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ്, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ടോഡ് മര്‍ഫി, നഥാന്‍ ലിയോണ്‍, മാറ്റ് കുന്‍മാന്‍.

Content Highlight: India vs Australia, 2nd Test