കരിയറിനെ തന്നെ മാറ്റിമറിച്ചേക്കും, സഞ്ജുവിന് നിര്‍ണായകം; ലോകകപ്പിന് മുമ്പുള്ള അവസാന മത്സരം
Sports News
കരിയറിനെ തന്നെ മാറ്റിമറിച്ചേക്കും, സഞ്ജുവിന് നിര്‍ണായകം; ലോകകപ്പിന് മുമ്പുള്ള അവസാന മത്സരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 16th January 2024, 8:56 pm

 

അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ജനുവരി 17ന് ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ഇന്ത്യ ഇതിനോടകം തന്നെ പരമ്പര തങ്ങളുടെ പേരിലാക്കിയിരിക്കുകയാണ്.

പരമ്പരയിലെ അവസാന മത്സരമെന്നതിലുപരി ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന അവസാന മത്സരമായിരിക്കും ഇത്. ഇതിന് ശേഷം ഐ.പി.എല്‍ മാത്രമായിരിക്കും ഇന്ത്യന്‍ താരങ്ങള്‍ ടി-20 ഫോര്‍മാറ്റില്‍ കളിക്കുക.

 

അഫ്ഗാനെതിരായ പരമ്പരയുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ ആരാധകര്‍ ഏറെ പ്രതീക്ഷവെച്ചത് സഞ്ജു സാംസണിലായിരുന്നു. ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ സെഞ്ച്വറി നേടിയ സഞ്ജു ഇന്ത്യന്‍ മണ്ണില്‍ ആ നേട്ടം വീണ്ടും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ വിശ്വസിച്ചത്.

എന്നാല്‍ പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും ജിതേഷ് ശര്‍മയെയാണ് ഇന്ത്യ പരീക്ഷിച്ചത്. സ്റ്റാറ്റുകളില്‍ സഞ്ജുവിനേക്കാള്‍ ഏറെ പിന്നിലുള്ള ജിതേഷിന് അവസരം നല്‍കിയ അപെക്‌സ് ബോര്‍ഡ് രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജുവിനെ ബെഞ്ചിലിരുത്തുകയായിരുന്നു.

 

എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം ജിതേഷില്‍ നിന്നും ഉണ്ടായില്ല. ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാം ടി-20യില്‍ സില്‍വര്‍ ഡക്കായാണ് ജിതേഷ് പുറത്തായത്. ഇതോടെ മൂന്നാം മത്സരത്തില്‍ സഞ്ജുവിന് അവസരം ലഭിക്കാനുള്ള സാധ്യതകളും ഉയര്‍ന്നിരിക്കുകയാണ്.

ഒരുപക്ഷേ ചിന്നസ്വാമിയില്‍ സഞ്ജു ടീമിന്റെ ഭാഗമാവുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്താല്‍ സെലക്ടര്‍മാര്‍ക്ക് മുമ്പില്‍ സ്വയം അടയാളപ്പെടുത്താനുള്ള അവസരം സഞ്ജുവിന് ലഭിച്ചേക്കും. ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടുകയെന്ന സുപ്രധാന കടമ്പ മുമ്പിലുണ്ടെന്നതിനാല്‍ താരത്തിന്റെ കരിയറിലെ തന്നെ പ്രധാന മത്സരങ്ങളിലൊന്നാകാനും സാധ്യതയേറെയാണ്.

ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും ഷോട്ട് സെലക്ഷനില്‍ ശ്രദ്ധ പുലര്‍ത്തുകയും ചെയ്താല്‍ സഞ്ജുവിന് ലോകകപ്പ് സ്‌ക്വാഡ് അന്യമാകാന്‍ സാധ്യതയില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്നതിലുപരി മികച്ച ഒരു ഫീല്‍ഡര്‍ കൂടിയാണ് താനെന്ന് സഞ്ജു പല തവണ തെളിയിച്ചതാണ്. തന്റെ പോരായ്മകള്‍ പരിഹരിച്ചാല്‍ ടീമിലെ മോസ്റ്റ് ഡിപ്പന്‍ഡബിളാകാന്‍ പോന്നവരില്‍ പ്രധാനിയാകാനും സഞ്ജുവിനാകും.

 

അതേസമയം, ഇതിനോടകം പരമ്പര നഷ്ടമായാലും ഇന്ത്യക്കെതിരെ ടി-20 ഫോര്‍മാറ്റിലെ ആദ്യ വിജയം എന്ന നേട്ടമാണ് അഫ്ഗാന്‍ ലക്ഷ്യമിടുന്നത്. ഇക്കാരണത്താല്‍ ചിന്നസ്വാമിയില്‍ നടക്കുന്ന ഡെഡ് റബ്ബര്‍ മത്സരത്തില്‍ തീ പാറുമെന്നുറപ്പാണ്.

അഫ്ഗാനിസ്ഥാന്‍ സ്‌ക്വാഡ്:

ഇബ്രാഹിം സദ്രാന്‍ (ക്യാപ്റ്റന്‍), റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇക്രം അലിഖില്‍ (വിക്കറ്റ് കീപ്പര്‍), ഹസ്രത്തുള്ള സസായ്, റഹ്‌മത്ത് ഷാ, നജീബുള്ള സദ്രാന്‍, മുഹമ്മദ് നബി, കരീം ജന്നത്, അസ്മത്തുള്ള ഒമര്‍സായി, ഷറഫുദ്ദീന്‍ അഷ്‌റഫ്, ഫരീദ് അഹമ്മദ്, നവീന്‍ ഉള്‍ ഹഖ്, നൂര്‍ അഹമ്മദ്, മുഹമ്മദ് സലീം, ഖായിസ് അഹമ്മദ്, ഗുല്‍ബാദിന്‍ നായിബ്, റാഷിദ് ഖാന്‍.

ഇന്ത്യന്‍ സ്‌ക്വാഡ്:

രോഹിത് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യശ്വസി ജയ്സ്വാള്‍, വിരാട് കോഹ്‌ലി, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍.

 

Content highlight: India vs Afghanistan, Will Sanju Samson play in the third match?