ഇന്ത്യ – അഫ്ഗാനിസ്ഥാന്‍ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ 212 റണ്‍സിന്റെ കൂറ്റന്‍ സകോര്‍ പടുത്തുയര്‍ത്തിയിരിക്കുകയാണ്. 22ന് നാല് വിക്കറ്റ് എന്ന നിലയില്‍ നിന്നും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും റിങ്കു സിങ്ങും നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യക്ക് തുണയായത്.
രോഹിത് ശര്‍മ 69 പന്തില്‍ 121 റണ്‍സ് നേടിയപ്പോള്‍ റിങ്കു സിങ് 39 പന്തില്‍ 69 റണ്‍സും നേടി പുറത്താകാതെ നിന്നു.
അവസാന ഓവറിലാണ് ഇന്ത്യന്‍ സ്‌കോര്‍ 200 കടന്നത്. കരീം ജന്നത് എറിഞ്ഞ അവസാന ഓവറില്‍ റിങ്കുവും രോഹിത്തും ചേര്‍ന്ന് 36 റണ്‍സാണ് അടിച്ചുകൂട്ടിയത്.
രോഹിത് ശര്‍മ ഒരു ഫോറും രണ്ട് സിക്‌സറും സ്വന്തമാക്കിയപ്പോള്‍ മൂന്ന് സിക്‌സറാണ് റിങ്കു അടിച്ചുകൂട്ടിയത്. 4, 7NB, 6, 1, 6, 6, 6 എന്നിങ്ങനെയാണ് അവസാന ഓവറില്‍ റണ്‍സ് പിറന്നത്.
അവസാന ഓവര്‍ ബ്രേക് ഡൗണ്‍
19.1 – കരീം ജന്നത്തിന്റെ ഫുള്‍ ടോസ് ഡെലിവെറി സ്‌ക്വയര്‍ ലെഗിലൂടെ പായിച്ച് രോഹിത് ശര്‍മ ബൗണ്ടറി നേടി.
19.2 – ഓവറിലെ രണ്ടാം പന്ത് ലോങ് ഓണിന് മുകളിലൂടെ രോഹിത് സിക്‌സറിന് പറത്തി. അഫ്ഗാനിസ്ഥാന് ഇരട്ട പ്രഹരമെന്നോണം ഓവര്‍ സ്‌റ്റെപ്പിങ്ങില്‍ ഡെലിവെറി നോ ബോളായി വിധിക്കപ്പെട്ടു.
19.2 – സിക്‌സര്‍!!! രോഹിത് ശര്‍മയുടെ ടി-20 കരിയറിലെ ഉയര്‍ന്ന സ്‌കോറും ഇതോടെ കുറിക്കപ്പെട്ടു.
19.3 – കരീം ജന്നത്തിന്റെ യോര്‍കറില്‍ സിംഗിള്‍ നേടി സ്‌ട്രൈക്ക് റിങ്കു സിങ്ങിന്.
19.4 – ഡീപ് മിഡ്‌വിക്കറ്റിലൂടെ സിക്‌സര്‍ നേടിയ റിങ്കു ടീം സ്‌കോര്‍ 200ലെത്തിച്ചു.
19.5 – ജന്നത്തിന്റെ മറ്റൊരു ഫുള്‍ ടോസ് ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ അതിര്‍ത്തി കടന്നു.
19.6 – ഇന്ത്യന്‍ ഇന്നിങ്‌സിലെ അവസാന പന്ത്, റിങ്കു ഫിനിഷസ് ഇന്‍ സ്റ്റൈല്‍, ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 212 റണ്‍സ് പിറന്നു.
ഇന്നിങ്‌സിലെ ആദ്യ രണ്ട് ഓവറില്‍ 18 റണ്‍സ് വഴങ്ങിയ കരീം ജന്നത്, മൂന്നാം ഓവറില്‍ വഴങ്ങിയത് 36 റണ്‍സാണ്.
അതേസമയം, മറുപടി ബാറ്റിങ് ആരംഭിച്ച അഫ്ഗാനിസ്ഥാനും അറ്റാക്കിങ് ക്രിക്കറ്റ് തന്നെയാണ് പുറത്തെടുക്കുന്നത്. നിലവില്‍ ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 54 റണ്‍സ് എന്ന നിലയിലാണ് അഫ്ഗാന്‍ ലയണ്‍സ്. 24 പന്തില്‍ 29 റണ്‍സുമായി ഇബ്രാഹിം സദ്രാനും 18 പന്തില്‍ 22 റണ്‍സുമായി റഹ്‌മാനുള്ള ഗുര്‍ബാസുമാണ് ക്രീസില്‍.
Content highlight: India vs Afghanistan, Last over of Indian innings