|

നിങ്ങള്‍ ചരിത്രത്തിലെ ഉയര്‍ന്ന സ്‌കോര്‍ പടുത്തുയര്‍ത്തിയാലും മറികടക്കും; ജയം, പരമ്പര

സ്പോര്‍ട്സ് ഡെസ്‌ക്

അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് വിജയം. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചുകയറിയത്.

ഈ വിജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 2-0ന് മുമ്പിലെത്താനും പരമ്പര സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 173 റണ്‍സിന്റെ ലക്ഷ്യമാണ് ഇന്ത്യക്ക് മുമ്പില്‍ പടുത്തുയര്‍ത്തിയത്.. സൂപ്പര്‍ താരം ഗുലാബ്ദീന്‍ നായിബിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് അഫ്ഗാന്‍ മോശമല്ലാത്ത സ്‌കോര്‍ സ്വന്തമാക്കിയത്.

മൂന്നാം നമ്പറില്‍ കളത്തിലിറങ്ങിയ നായിബ് 35 പന്തില്‍ 57 റണ്‍സാണ് നേടിയത്. നാല് സിക്‌സറും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഇതോടെ ടി-20യില്‍ ഇന്ത്യക്കെതിരെ അര്‍ധ സെഞ്ച്വറി നേടുന്ന മൂന്നാമത് അഫ്ഗാന്‍ താരം എന്ന നേട്ടവും നായിബ് സ്വന്തമാക്കി.

നജീബുള്ള സദ്രാന്‍ 21 പന്തില്‍ 23 റണ്‍സടിച്ച് രണ്ടാമത് മികച്ച റണ്‍ ഗെറ്ററായി. ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ മുജീബ് ഉര്‍ റഹ്‌മാന്‍ ഒമ്പത് പന്തില്‍ 21 റണ്‍സും കരീം ജന്നത് പത്ത് പന്തില്‍ 20 റണ്‍സ് നേടിയാണ് സ്‌കോര്‍ ഉയര്‍ത്തിയത്.

ടി-20 ഫോര്‍മാറ്റില്‍ അഫ്ഗാനിസ്ഥാന്‍ ഇന്ത്യക്കെതിരെ നേടുന്ന ഏറ്റവും ഉയര്‍ന്ന ടോട്ടലാണ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പിറന്നത്. ഇതിന് മുമ്പ് മൊഹാലിയില്‍ നടന്ന മത്സരത്തിലെ 158 റണ്‍സിന്റെ ടോട്ടലായിരുന്നു ഒന്നാമതുണ്ടായിരുന്നത്. മൊഹാലിയിലാണ് അഫ്ഗാന്‍ ഇന്ത്യക്കെതിരെ ടി-20യില്‍ ആദ്യമായി 150 കടക്കുന്നത്.

173 റണ്‍സിന്റെ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് തുടക്കം പിഴച്ചിരുന്നു. ക്യാപറ്റന്‍ രോഹിത് ശര്‍മ ഗോള്‍ഡന്‍ ഡക്കായി പുറത്തായി. ഫസലാഖ് ഫാറൂഖിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് രോഹിത് പുറത്താകുന്നത്.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ യശസ്വി ജെയ്‌സ്വാളും വിരാട് കോഹ്‌ലിയും ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 57 റണ്‍സാണ് ഇരുവരും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡില്‍ എഴുതി ചേര്‍ത്തത്. ടീം സ്‌കോര്‍ 62ല്‍ നില്‍ക്കവെ വിരാട് പുറത്തായി. 16 പന്തില്‍ 29 റണ്‍സുമായി തകര്‍ത്തടിക്കവെ നവീന്‍ ഉള്‍ ഹഖിന്റെ പന്തിലാണ് വിരാട് പുറത്താകുന്നത്.

നാലാമനായി ശിവം ദുബെയുമെത്തിയതോടെ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു. ഒരു വശത്ത് നിന്ന് ജെയ്‌സ്വാളും മറുവശത്ത് നിന്ന് ദുബെയും അഫ്ഗാന്‍ ബൗളര്‍മാരെ നിര്‍ദയം പ്രഹരിച്ചു.

34 പന്തില്‍ 68 റണ്‍സ് നേടിയ ജെയ്‌സ്വാള്‍ പുറത്താകുമ്പോള്‍ ഇന്ത്യ വിജയത്തിന് തൊട്ടടുത്തെത്തിയിരുന്നു. ആറ് സിക്‌സറും അഞ്ച് ബൗണ്ടറിയും അടക്കം 68 റണ്‍സാണ് താരം നേടിയത്. പിന്നാലെയെത്തിയ ജിതേഷ് ശര്‍മ സില്‍വര്‍ ഡക്കായെങ്കിലും റിങ്കുവിനെ ഒപ്പം കൂട്ടി ശിവം ദുബെ ഇന്ത്യയെ പരമ്പര വിജയത്തിലേക്ക് നയിച്ചു.

ദുബെ പരമ്പരയിലെ രണ്ടാം അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. 32 പന്തില്‍ പുറത്താകാതെ 63 റണ്‍സാണ് താരം നേടിയത്.

ജനുവരി 17നാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മാച്ച്. ബെംഗളൂരുവാണ് വേദി.

Content highlight: India vs Afghanistan, India wins 2nd match and series

Video Stories