അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടി ഇന്ത്യ. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ആദ്യം ഫീല്‍ഡ് ചെയ്യും.
പല കാര്യങ്ങള്‍ കൊണ്ടും ഈ മത്സരം ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ച് ഏറെ സ്‌പെഷ്യലാണ്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ വീണ്ടും ഒന്നിക്കുന്നു എന്നതാണ് ഇതില്‍ പ്രധാനം.
നീണ്ട 14 മാസങ്ങള്‍ക്ക് ശേഷമാണ് വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ഒന്നിച്ച് ഇന്ത്യക്കായി 20 ഓവര്‍ ഫോര്‍മാറ്റില്‍ കളത്തിലിറങ്ങുന്നത്. 2022 ടി-20 ലോകകപ്പിലാണ് രോ-കോ സഖ്യത്തെ ടി-20യില്‍ അവസാനമായി ആരാധകര്‍ കണ്ടത്.
ടി-20 ക്രിക്കറ്റിന്റെ ചരിത്രത്തില്‍ 150 അന്താരാഷ്ട്ര മത്സരം കളിക്കുന്ന ആദ്യ താരം എന്ന റെക്കോഡാണ് ഇന്‍ഡോര്‍ ടി-20യിലൂടെ രോഹിത്തിനെ തേടിയെത്തുന്നത്. കഴിഞ്ഞ മത്സരത്തില്‍ വിജയിച്ചതോടെ നൂറ് അന്താരാഷ്ട്ര ടി-20 മത്സരങ്ങള്‍ വിജയിക്കുന്ന ആദ്യ താരമാകാനും രോഹിത്തിന് സാധിച്ചിരുന്നു.
വിരാട് കോഹ്‌ലി വീണ്ടും അഫ്ഗാനിസ്ഥാനെ നേരിടുന്നു എന്നതാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന മറ്റൊരു വസ്തുത. ഇതിന് മുമ്പ് 2022 ഏഷ്യാ കപ്പിലാണ് വിരാട് അഫ്ഗാനെതിരെ അവസാനമായി കുട്ടി ക്രിക്കറ്റില്‍ ബാറ്റേന്തിയത്.
ദുബായില്‍ നടന്ന മത്സരത്തില്‍ വിരാട് സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. ടി-20 ഫോര്‍മാറ്റില്‍ വിരാടിന്റെ ആദ്യ സെഞ്ച്വറിയാണ് അഫ്ഗാനെതിരെ പിറന്നത്. ഏറെ നാളത്തെ സെഞ്ച്വറി വരള്‍ച്ച വിരാട് അവസാനിപ്പിച്ചതും ഈ മത്സരത്തില്‍ തന്നെയായിരുന്നു. ഇതിന് ശേഷം വിരാട് വീണ്ടും അഫ്ഗാനെതിരെ ബാറ്റെടുക്കുമ്പോള്‍ ആരാധകരുടെ പ്രതീക്ഷയും വാനോളം ഉയരുകയാണ്.
അതേസമയം, ആദ്യ മത്സരത്തിലേതെന്ന പോലെ രണ്ടാം ടി-20യിലും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജുവിന് പ്ലെയിങ് ഇലവനില്‍ സ്ഥാനമില്ല. ജിതേഷ് ശര്‍മയെ തന്നെയാണ് രണ്ടാം മത്സരത്തിലും വിക്കറ്റിന് പിറകില്‍ ഇന്ത്യ നിയോഗിച്ചിരിക്കുന്നത്.
ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യ രണ്ടാം മത്സരത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്.