മനസ് കീഴടക്കി അഫ്ഗാന്‍
ICC WORLD CUP 2019
മനസ് കീഴടക്കി അഫ്ഗാന്‍
ഗൗതം വിഷ്ണു. എന്‍
Sunday, 23rd June 2019, 10:22 am

ഇന്ത്യ എത്ര വലിയ മാര്‍ജിനില്‍ ജയിക്കുമെന്ന് മാത്രം നോക്കിയാല്‍ മതി എന്നു വീമ്പിളക്കിയവരുടെ കൈവിരലിന്റെ നഖങ്ങള്‍ക്ക് പതിവിലധികം നീളം കുറഞ്ഞു. നിഷ്പക്ഷരായി കളി കണ്ടവര്‍ക്കോ, കട്ടന്‍ ചായ പ്രതീക്ഷിച്ചു പോയവര്‍ക്ക് ചിക്കന്‍ ബിരിയാണി കിട്ടിയ അവസ്ഥയും.

ഏകപക്ഷീയമായി പോകുമെന്ന് പൊതുവെ വിലയിരുത്തപ്പെട്ട മത്സരത്തില്‍ ഇന്ത്യന്‍ ഇലവനില്‍ ഏതാനും പരീക്ഷണങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പരിക്കേറ്റ ഭുവനേശ്വര്‍ കുമാറിന് പകരം ഷമി വന്നതല്ലാതെ മറ്റൊരു മാറ്റവും ഉണ്ടായില്ല. ഒരു എതിരാളികളെയും ഞങ്ങള്‍ നിസാരരായി കാണില്ല എന്നു ടോസിന്റെ സമയത്ത് പറഞ്ഞ കോഹ്ലി തന്നെ ടോസ് നേടിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്യാനാണ് അദ്ദേഹം തീരുമാനിച്ചത്.

ബാറ്റ്സ്മാന്മാര്‍ക്ക് അനുകൂലമായ പിച്ചെന്ന് പിച്ച് റിപ്പോര്‍ട്ട് വന്ന സ്ഥലത്ത് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോഴേ ഇന്ത്യ എന്താണ് ഉന്നം വക്കുന്നതെന്ന് വ്യക്തമായിരുന്നു. വലിയൊരു ടോട്ടല്‍ പടുത്തുയര്‍ത്തി അന്താരാഷ്ട്ര തലത്തില്‍ ഇപ്പോഴും ശിശുക്കളായ അഫ്ഗാനെ സമ്മര്‍ദ്ദത്തിലേക്ക് തള്ളി വിട്ടു അനായാസം ജയിച്ചു കയറുക എന്ന ലളിതമായ പദ്ധതി.

 

എന്നാല്‍ ഈ ലോകകപ്പിലെ ഇന്ത്യയുടെ നെടുംതൂണായിരുന്ന രോഹിതിനെ തുടക്കത്തിലേ നഷ്ടപ്പെട്ടുകൊണ്ടായിരുന്നു ഇന്ത്യയുടെ തുടക്കം. തന്റെ സ്വതസിദ്ധമായ ശൈലി അവലംബിക്കാതെ മുജീബിനെ പോലുള്ള ബൗളേഴ്സിനെ അമിതമായി പ്രതിരോധിച്ചു കളിക്കാന്‍ ശ്രമിച്ചതിന്റെ ഫലമാണ് രോഹിതിന് കിട്ടിയത്.

പകരമെത്തിയ കോഹ്ലി രോഹിതിന്റെ നേരെ വിപരീത സ്വഭാവമാണ് പ്രകടമാക്കിയത്. ആദ്യ പന്തില്‍ തന്നെ ആത്മവിശ്വാസം പ്രകടമാക്കിയ കോഹ്ലി തന്റെ പതിവു രീതിയില്‍ സിംഗിളുകളും ഡബിളുകളും ക്ലാസ്സ് വിളിച്ചോതുന്ന ബൗണ്ടറികളുമായി കളം നിറഞ്ഞപ്പോള്‍ രാഹുല്‍ അത്ര കണ്ടു വേഗതയിലല്ലെങ്കിലും നന്നായി തന്നെ തുടങ്ങി. എന്നാല്‍ യുവത്വത്തിന്റെ ചോരത്തിളപ്പില്‍ അനാവശ്യമായൊരു റിവേഴ്സ് സ്വീപ്പിനു ശ്രമിച്ചു രാഹുല്‍ പുറത്തായി.

നാലാം നമ്പറിന്റെ ഇപ്പോഴത്തെ അവകാശിയായി ക്രീസിലെത്തിയ വിജയ് ശങ്കറും ഒരു നല്ല ഇന്നിംഗ്‌സ് കളിക്കാനുള്ള തുടക്കം കിട്ടിയിട്ടും മുതലാക്കാനാകാതെ ടൈമിംഗ് കൃത്യമല്ലാത്ത ഒരു സ്വീപ്പ് ഷോട്ടിന് ശ്രമിക്കവേ വിക്കറ്റിനു മുന്നില്‍ കുടുങ്ങി.പിന്നെ ഒത്തു ചേര്‍ന്ന ‘മഹിരാട്’ കൂട്ടുകെട്ട് പതിവു പോലെ ഇന്ത്യയെ സുരക്ഷിതസ്ഥാനത്തെത്തിക്കുമെന്നെല്ലാവരും വിശ്വസിച്ചു. എന്നാല്‍ അസറുദീനു ശേഷം ലോകകപ്പില്‍ തുടര്‍ച്ചയായി മൂന്നു അര്‍ദ്ധ സെഞ്ചുറികള്‍ നേടുന്ന കളിക്കാരനായി മാറിയ വിരാട് അധികം വൈകാതെ നബിയെ കട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വീണു.

 

ഇരുപതോവറോളം ബാക്കി ഉണ്ടായിരുന്ന ഇന്നിങ്സില്‍ കൂടുതല്‍ നഷ്ടം വരാതിരിക്കാന്‍ അല്‍പ്പം കരുതലോടെ ആണ് ധോണിയും ജാദവും മുന്നോട്ട് നീങ്ങിയത്. അതോടെ റണ്‍ നിരക്ക് താഴ്ന്നു. എന്നാല്‍ വലിയൊരു ഇന്നിങ്‌സിനനുവദിക്കാതെ ധോണിയേയും അവര്‍ വീഴ്ത്തി. പിന്നീടെത്തിയ പാണ്ഡ്യക്കും കാര്യമായെന്തെങ്കിലും ചെയ്യാനാകുന്നതിനു മുന്‍പേ ഒരു ബൗണ്‍സര്‍ അപ്പര്‍ കട്ട് കളിക്കാനുള്ള ശ്രമത്തിനിടെ പാണ്ഡ്യയും മടങ്ങി.

അര്‍ദ്ധ ശതകം നേടിയെങ്കിലും അവസാന ഓവറുകളില്‍ റണ്‍ നിരക്ക് ഉയര്‍ത്താന്‍ ജാദവിനു കഴിഞ്ഞില്ല. അച്ചടക്കത്തോടെയുള്ള അഫ്ഗാന്‍ ബൗളിംഗ് അതിനു തടയിട്ടു എന്നു പറയുന്നതാവും കൂടുതല്‍ ഉചിതം. കഴിഞ്ഞ കളിയിലെ ക്ഷീണം തീര്‍ക്കുന്ന പ്രകടനം കാഴ്ച വച്ച റഷീദ് ഖാനും കൂട്ടരും ലോകത്തെ ഏറ്റവും മികച്ച ബാറ്റിംഗ് നിരയിലൊന്നിനെ ഇത്തരത്തില്‍ തളച്ചിട്ടത് എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു.

എത്ര ബൗളിംഗ് പിച്ചാണെങ്കിലും ഇത്ര ചെറിയ സ്‌കോര്‍ പിന്തുടരാന്‍ അഫ്ഗാന് സാധിക്കുമായിരുന്നു. എന്നാല്‍ മികച്ച ബൗളിംഗ് നിരയുള്ള ഇന്ത്യക്ക് മുന്നില്‍ എളുപ്പം ജയിച്ചു കയറാന്‍ അവര്‍ക്കും കഴിയുമായിരുന്നില്ല. പേസ് ബൗളിങ്ങിനെ കഷ്ടപ്പെട്ടു നേരിട്ട അഫ്ഗാന്‍ ബാറ്റ്സ്മാന്മാര്‍ ഇന്ത്യന്‍ സ്പിന്നര്‍മാരെ വലിയ ബുദ്ധിമുട്ടില്ലാതെ കളിക്കുന്ന അപൂര്‍വം കാഴ്ചക്കാണ് പിന്നീട് സാക്ഷ്യം വഹിച്ചത്.

 

മറ്റു ടീമുകള്‍ ‘കുല്‍ -ചാ’ ദ്വയത്തെ പേടിയോടെ സമീപിക്കുകയിരുന്നെങ്കില്‍ ഇതൊരു സ്പിന്‍ പിച്ചായിരുന്നിട്ട് കൂടി അവരെ അനായാസം നേരിടാന്‍ തുടങ്ങിയപ്പോള്‍ അവര്‍ പതിയെ പതിയെ കളി കൈപ്പിടിയിലൊതുക്കുകയാണെന്നു തോന്നിച്ചു. എന്നാല്‍ സൈഡ് ബൗണ്ടറികളുടെ നീളക്കൂടുതല്‍ മുതലെടുത്തു അഫ്ഗാന്‍ ബാറ്റ്സ്മാന്മാര്‍ക്ക് എതിരെ പേസ് ബൗളര്‍മാര്‍ ഷോട്ട് പിച്ചു പന്തുകള്‍ എറിയാന്‍ തുടങ്ങിയതോടെ ആ കെണിയില്‍ അവര്‍ വീണു. എന്നാല്‍ പിന്നെയും നായകനോടൊത്ത് റഹ്മത്ത് ഇന്ത്യക്ക് ഭീഷണി സൃഷ്ടിച്ചു തുടങ്ങി.

ഇന്ത്യക്ക് റണ്‍സാവശ്യമുള്ള സമയത്ത് കോഹ്‌ലിയെയും വിക്കറ്റ് ആവശ്യമുള്ളപ്പോള്‍ ബുംറയെയും ആശ്രയിക്കുന്ന പതിവു ഇത്തവണയും തെറ്റിക്കാതിരുന്നപ്പോള്‍ ഒരേ ഓവറില്‍ തന്നെ ക്രീസില്‍ സെറ്റ് ആയ രണ്ടു പേരെയും മടക്കി അയച്ചാണ് നായകന്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസം ബുംറ കാത്തത്. കീഴടങ്ങാന്‍ തയ്യാറാകാതിരുന്ന അഫ്ഗാന്‍ നബിയുടെയും മുന്‍ നായകന്‍ അസ്ഗര്‍ അഫ്ഗാന്റെയും കൂട്ടുകെട്ടിന്റെ ബലത്തില്‍ മുന്നോട്ടു കുതിച്ചു. അസ്ഗറിനെ പുറത്താക്കി ചാഹല്‍ ആഞ്ഞടിച്ചപ്പോള്‍ അവര്‍ വീണ്ടും പ്രതിസന്ധിയിലേക്ക് വീണു.

ലോകം മുഴുവന്‍ നടത്തപ്പെടുന്ന ടി 20 ലീഗുകളില്‍ ഫിനിഷറായി കഴിവു തെളിയിച്ചിട്ടുള്ള നബി ഒരറ്റത്തു നിന്നപ്പോള്‍ കളി എങ്ങോട്ടു വേണമെങ്കിലും തിരിയാമെന്നായെങ്കിലും ഇത്തരം സാഹചര്യങ്ങളിലൂടെ മുന്‍പേ ഒരുപാട് തവണ സഞ്ചരിച്ചിട്ടുള്ള ഇന്ത്യക്ക് തന്നെയായിരുന്നു മേല്‍ക്കൈ.

 

ആത്മവിശ്വാസം നിറഞ്ഞു തുളുമ്പുന്ന നബിയുടെ മുഖം എല്ലാവരുടെ ഉള്ളിലും ആകാംക്ഷ പരത്തി. ബുമ്രയുടെ ഒരു ഷോര്‍ട്ട് പിച്ച് പന്ത് ഗാലറിയിലേക്ക് പറഞ്ഞു വിട്ടു നബി ഒറ്റയാനെ പോലെ നിലകൊണ്ടു. ബുമ്രയുടെ സ്‌പെല്ലിലെ അവസാന ഓവറാണ് കളി മാറ്റി മറിച്ചത്. വീഡിയോ ഗെയിമുകളില്‍ പോലും അസാധ്യമായ, കാല്‍ തുളച്ചു കയറുന്ന യോര്‍ക്കറുകള്‍ ആറെണ്ണം തുരുതുരാ എറിഞ്ഞ ബുംറ നബിയെ റണ്‍ എടുക്കാന്‍ സമ്മതിക്കാതെ തടഞ്ഞു നിര്‍ത്തി.

അവസാന ഓവറില്‍ 16 റണ്‍സ് വേണമായിരുന്നപ്പോള്‍ ആദ്യ പന്തില്‍ ഫോറടിച്ച നബി അര്‍ധശതകം പൂര്‍ത്തിയാക്കിയതിനോടൊപ്പം അവസാന ഓവറിലെ ആദ്യ പന്തില്‍ നേടുന്ന ബൗണ്ടറിയുടെ മാനസിക ആനുകൂല്യം കൂടി നേടി എടുത്തു. അടുത്ത പന്തില്‍ സ്‌ട്രൈക്ക് കൈ മാറാനുള്ള അവസരമുണ്ടായിട്ടും കൊടുക്കാതെ അടുത്ത ഒരു ഫുള്‍ പിച്ച് പന്ത് ബൗണ്ടറിയിലെത്തുന്നതിനിടെ പാണ്ഡ്യയുടെ കൈകളില്‍ ഒതുങ്ങിയപ്പോള്‍ ഇന്ത്യ ജയമുറപ്പിച്ചു.

അവിടെ കൊണ്ടു നിര്‍ത്താന്‍ ഷമി ഒരുക്കമല്ലായിരുന്നു.പിന്നീടുള്ള അടുത്തടുത്ത പന്തുകളില്‍ ക്രീസില്‍ നിലയുറപ്പിക്കാത്ത രണ്ടു പേരെയും പവലിയനിലേക്ക് മടക്കി അയച്ചു ചേതന്‍ ശര്‍മയ്ക്ക് ശേഷം ലോകകപ്പില്‍ ഹാട്രിക്ക് നേടുന്ന ആദ്യ ബൗളറായി ഷമി മാറിയപ്പോള്‍ ഇന്ത്യ വിയര്‍ത്തു ജയിച്ചു കയറി.

 

ഇന്ത്യ കളി ജയിച്ചു, അഫ്ഗാന്‍ ഹൃദയങ്ങളും എന്ന വാക്യം ക്ലീഷെ ആകുമെങ്കിലും ഈ ലോകകപ്പില്‍ ഇന്ത്യയെ പോലൊരു ടീമിനോട് ഇത്രയും ധൈര്യത്തോടെ നിന്നു പൊരുതി തോറ്റ അഫ്ഗാന് ഇതു ശരിക്കും വിജയത്തിന് സമമാണ്. ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തു കിടക്കുന്ന ഇന്ത്യയെ വെള്ളം കുടിപ്പിക്കാന്‍ കഴിഞ്ഞു എന്നത് അവരെ സംബന്ധിച്ചിടത്തോളം വലിയൊരു കാര്യമാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ വേണ്ടത്ര പക്വത ഇല്ലായ്മ കൊണ്ടു മാത്രമാണ് ഇന്നവര്‍ ജയം കൈ വിട്ടത്.

ഓരോ ഇന്ത്യന്‍ ആരാധകരെയും മുള്‍മുനയില്‍ നിര്‍ത്തിയ പ്രകടനം അവരുടെ ഭാഗത്തു നിന്നുണ്ടായെങ്കിലും ഇന്ത്യന്‍ ആരാധകരുടെ ഉള്ളില്‍ ഉറങ്ങി കിടക്കുന്ന യഥാര്‍ത്ഥ ക്രിക്കറ്റ് പ്രേമിക്ക് അതേറെ ആനന്ദം നല്‍കുന്നതായിരുന്നു.കാരണം അഫ്ഗാന്‍ പോലൊരു ടീം വളര്‍ന്നു വരുന്നത് ലോക ക്രിക്കറ്റിന് തന്നെ മുതല്‍ക്കൂട്ടാണ്. പറന്നുയരാന്‍ ബംഗ്ലാദേശ് ഇത്ര കാലമെടുത്തു എങ്കില്‍ അത്രയുമെടുക്കില്ല എന്ന വാശിയിലാണ് അഫ്ഗാന്‍ ഓരോ പ്രകടനത്തിനും മുന്നിട്ടിറങ്ങുന്നത്. അതു കൊണ്ടു തന്നെ ഈ കളിയില്‍ അവര്‍ ജയിച്ചോട്ടെ എന്നു യഥാര്‍ത്ഥ ക്രിക്കറ്റ് പ്രേമികളുടെ ചിന്തകളെ തെറ്റ് പറയാനാകില്ല.

 

ഗൗതം വിഷ്ണു. എന്‍
എറണാകുളം ലോ കോളെജ് വിദ്യാര്‍ത്ഥിയാണ് ഗൗതം