സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കെതിരെ യുഎന്നില്‍ പാകിസ്ഥാനും സൗദി അറേബ്യയ്ക്കുമൊപ്പം ഇന്ത്യയും
Daily News
സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കെതിരെ യുഎന്നില്‍ പാകിസ്ഥാനും സൗദി അറേബ്യയ്ക്കുമൊപ്പം ഇന്ത്യയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th March 2015, 12:10 pm

gay യു.എന്‍: സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കെതിരെ വോട്ടു ചെയ്ത 43 രാഷ്ട്രങ്ങളില്‍ ഇന്ത്യയും. സമൂഹ്യമായി യാഥാസ്ഥിതികരായ സൗദി അറേബ്യ, ചൈന, ഈജിപ്ത്, ഇറാന്‍, പാകിസ്ഥാന്‍, സിറിയ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പമാണ് ഈ വിഷയത്തില്‍ ഇന്ത്യയും നിന്നത്.

37 രാജ്യങ്ങള്‍ മാത്രമാണ് സ്വവര്‍ഗാനുരാഗികള്‍ക്കുവേണ്ടിയുള്ള പ്രമേയത്തിനു അനുകൂലമായി വോട്ടു ചെയ്തത്. യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ ജൂലൈയിലാണ് ഈ ആശയം മുന്നോട്ടുവെച്ചത്.

സ്വവര്‍ഗാനുരാഗം ഇന്ത്യയില്‍ കുറ്റകൃത്യമായതിനാല്‍ ഇന്ത്യയുടെ മുന്നില്‍ ഈ വഴി മാത്രമാണുണ്ടായിരുന്നതെന്നാണ് വിദേശ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഇതുസംബന്ധിച്ചു നല്‍കുന്ന വിശദീകരണം.

സ്വവര്‍ഗാനുരാഗത്തിനു കൊളോണിയല്‍ കാലത്ത് ഇന്ത്യയിലുണ്ടായിരുന്ന നിരോധനം 2013 സുപ്രീം കോടതി പുനസ്ഥാപിക്കുകയും പാര്‍ലമെന്റിനോട് നിയമം മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനെതിരെ നിരവധി സംഘടനകള്‍ പരാതി നല്‍കിയിരുന്നു.

“സ്വവര്‍ഗാനുരാഗികള്‍ ജീവിക്കുന്ന രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച് അവര്‍ക്ക് തീരുമാനമെടുക്കാം എന്ന രീതിയായിയരുന്നു യു.എന്നില്‍ അടുത്തകാലം വരെയുണ്ടായിരുന്നത്. എന്നാല്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ഇതു മാറ്റി. രാജ്യങ്ങളുടെ അഭിപ്രായം ആരായാതെ തീരുമാനമെടുത്ത നടപടിയിലാണ് ഞങ്ങള്‍ക്ക് എതിര്‍പ്പുള്ളത്.” മന്ത്രാലയത്തിലെ വക്താവ് വ്യക്തമാത്തി.

ജൂണില്‍ വന്ന യു.എന്‍ നയപ്രകാരം സ്വവര്‍ഗാനുരാഗികള്‍ ഏതു രാജ്യക്കാരായാലും സ്വവര്‍ഗവിവാഹം അനുവദനീയമായ രാജ്യങ്ങളില്‍ വെച്ച് വിവാഹിതരായാല്‍ അത് അംഗീകരിക്കപ്പെടും. ഇതുസംബന്ധിച്ച പ്രമേയമാണ് ഇപ്പോള്‍ വോട്ടിങ്ങില്‍ പരാജയപ്പെട്ടിരിക്കുന്നത്.