| Wednesday, 4th December 2024, 4:54 pm

ഫലസ്തീനിലെ ഇസ്രഈല്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന യു.എന്‍ പ്രമേയത്തില്‍ അനുകൂല വോട്ട് രേഖപ്പെടുത്തി ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഫലസ്തീനുമേല്‍ തുടരുന്ന അധിനിവേശത്തില്‍ നിന്ന് ഇസ്രഈല്‍ പിന്മാറണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തില്‍ ഇന്ത്യ വോട്ട് ചെയ്തു. കിഴക്കന്‍ ജെറുസലേം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്നുമുള്ള അധിനിവേശത്തില്‍ നിന്ന് ഇസ്രഈല്‍ പിന്മാറണമെന്നാവശ്യപ്പെട്ടുള്ള യു.എന്‍ പൊതുസഭയുടെ സുപ്രധാന പ്രമേയത്തിന് അനുകൂലമായാണ് ഇന്ത്യ വോട്ട് ചെയ്തത്.

ഇസ്രഈല്‍- ഫലസ്തീന്‍ സംഘര്‍ഷത്തെ കുറിച്ചുള്ള ആഗോള ചര്‍ച്ചയുടെ ഭാഗമായാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടത്തിയത്. ഫലസ്തീന്‍ പ്രശ്‌നത്തിന്റെ സമാധാനപരമായ ഒത്തുതീര്‍പ്പ് എന്ന പേരിലുള്ള പ്രമേയം അവതരിപ്പിച്ചത് സെനഗലാണ്.

193 അംഗ ജനറല്‍ അസംബ്ലിയില്‍ 157 രാജ്യങ്ങളാണ് പ്രമേയത്തെ അംഗീകരിച്ചത്. ഫലസ്തീനിലെ ഇസ്രഈല്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന പ്രമേയത്തെ ഭൂരിപക്ഷവും പിന്തുണച്ചു.

അതേസമയം ഇസ്രഈല്‍, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, മൈക്രോനേഷ്യ, നൗറു, പലാവു, പാപുവ ന്യൂ ഗിനിയ, അര്‍ജന്റീന, ഹംഗറി എന്നീ എട്ട് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. കാമറൂണ്‍, ചെക്കിയ, ഇക്വഡോര്‍, ജോര്‍ജിയ, പരാഗ്വ, ഉക്രെയ്ന്‍, ഉറുഗ്വ എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.

കിഴക്കന്‍ ജെറുസലേം ഉള്‍പ്പെടെയുള്ള ഫലസ്തീന്‍ പ്രദേശങ്ങളില്‍ നിന്ന ഇസ്രഈല്‍ ഉടന്‍ പിന്മാറണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. ഫലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും സ്വതന്ത്ര രാഷ്ട്രത്തിനുള്ള അവകാശത്തിനുമായി പ്രമേയം നിര്‍ദേശിക്കുന്നുണ്ട്.

2024 ജൂലായില്‍ അന്താരാഷ്ട്ര കോടതി പുറപ്പെടുവിച്ച നിയമങ്ങള്‍ പാലിക്കണമെന്നും പറയുന്ന പ്രമേയത്തില്‍ ഇസ്രഈല്‍ ഗസയില്‍ നടത്തുന്ന എല്ലാവിധ ആക്രമണങ്ങളും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു.

1967 മുതല്‍ കിഴക്കന്‍ ജെറുസലേം ഉള്‍പ്പെടെ ഇസ്രഈല്‍ അധിനിവേശം ചെയ്ത എല്ലാ പ്രദേശങ്ങളും 1967ന് മുമ്പുള്ള അതിര്‍ത്തികള്‍ അടിസ്ഥാനമാക്കിയുള്ള ദ്വിരാഷ്ട്ര പരിഹാരത്തിനും പ്രമേയം ആവശ്യപ്പെട്ടു.

ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രഈല്‍ നടത്തുന്ന നിയമവിരുദ്ധമായ കുടിയേറ്റപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും കുടിയേറ്റക്കാരെ ഒഴിപ്പിക്കണമെന്നും അന്താരാഷ്ട്ര കോടതി നിര്‍ദേശിച്ചു.

ഫലസ്തീനിനുള്ള പിന്തുണ കൂടാതെ സിറിയന്‍ ഗോലാന്‍ കുന്നുകളില്‍ നിന്ന് ഇസ്രഈല്‍ പിന്മാറണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തെയും ഇന്ത്യ പിന്തുണച്ചു. 1967 മുതല്‍ സിറിയന്‍ ഗോലാനില്‍ ഇസ്രഈല്‍ നടത്തുന്ന സെറ്റില്‍മെന്റ നിര്‍മാണവും മറ്റ് പ്രവര്‍ത്തനങ്ങളും നിയമവിരുദ്ധമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

Content Highlight: India votes in favor of UN resolution to end Israeli occupation of Palestine

We use cookies to give you the best possible experience. Learn more